ADVERTISEMENT

‘ഗപ്പി’ക്കു ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അമ്പിളി’യുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. സംസ്ഥാന പുരസ്കാരത്തിളക്കത്തിൽ മിന്നി നിൽക്കുന്ന സൗബിൻ ഷാഹിർ ആണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിറഞ്ഞ പുഞ്ചിരിയുമായി പൂക്കൾക്ക് നടുവിൽ നിൽക്കുന്ന സൗബിന്റെ  അമ്പിളിയുടെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

 

ഫഹദിന്റെ ഭാര്യയും നടിയുമായ നസ്റിയാ നസീമിന്റെ സഹോദരൻ നവീൻ നസീം ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു. നടൻ ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി റിലീസ് ചെയ്തത്. ‘എന്റെ സഹോദരങ്ങളായ സൗബിനും, ജോണിനും, നവീനും എല്ലാ ആശംസകളും.’–പോസ്റ്റര്‍ പങ്കുവച്ച് ഫഹദ് കുറിച്ചു.

 

പുതുമുഖം തന്‍വി റാമാണ് നായിക. ഗപ്പിയുടെ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീതമൊരുക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ഇ4 എന്റർടൈൻമന്റ്‌, എവിഎ പ്രൊഡക്ഷൻസ്‌ എന്നീ ബാനറുകളുടെ കീഴിൽ മുകേഷ്‌ മെഹ്ത, എ.വി അനൂപ്‌, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ജൂലൈയിൽ തിയറ്ററുകളിലെത്തും.

 

സൗബിൻ നായകനായ ആദ്യ ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ വൻ വിജയമായിരുന്നു. ഇതിലെ അഭിനയത്തിന് പോയ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരവും സൗബിനെ തേടിയെത്തി. തിയറ്ററിൽ വിജയ പ്രദർശനം തുടരുന്ന ‘കുമ്പളങ്ങി നൈറ്റ്സി’ലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സൗബിനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com