ADVERTISEMENT

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ഛപാകില്‍ ഗംഭീര മേക്ക് ഓവറുമായി ദീപിക പദുക്കോണ്‍. താരത്തിന്റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മേഘ്‌ന ഗുല്‍സാറാണ്. മലയാളത്തിലും ഇതേപ്രമേയത്തിൽ സിനിമ ഒരുങ്ങുന്നുണ്ട്. ഉയരെ എന്നുപേരിട്ടിരിക്കുന്ന ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറയുന്നു. പാർവതി തിരുവോത്ത് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

ദീപിക പങ്കുവച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മൂന്നുമണിക്കൂറുകൾ കൊണ്ട് ലൈക് ചെയ്തത് 14 ലക്ഷം ആളുകൾ. മാൽതി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടാകും എന്ന കുറിപ്പോടെയായിരുന്നു നടി ഫസ്റ്റുലുക്ക് പങ്കുവച്ചത്. 2020 ജനുവരി 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും. 

 

നിരവധി താരങ്ങളും പോസ്റ്റർ കണ്ട് അദ്ഭുതപ്പെടുകയുണ്ടായി. ‘അതിഗംഭീരം’ എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ കമന്റ്. ദീപിക മറ്റുള്ളവർക്കൊരു മാതൃകയാണെന്നായിരുന്നു രാജ്കുമാർ റാവു അഭിപ്രായപ്പെട്ടത്. വിക്കി കൗശൽ, വരുൺ ധവാൻ, പരിനീതി ചോപ്ര, അഭിഷേക് ബച്ചൻ, പൂജ ഹെഗ്ഡെ, ജാക്വലിൻ, ദിയ മിർസ എന്നിവരും പ്രതികരിച്ചു. ദീപിക, നിങ്ങളാണ് ഏറ്റവും മികച്ചതെന്നായിരുന്നു അനുപമ പരമേശ്വരന്റെ കമന്റ്.

 

തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകര്‍ക്ക് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് സംവിധായിക പറഞ്ഞു. ‘പുതിയ ദീപികയെയാകും നിങ്ങള്‍ കാണാന്‍ പോകുന്നത്. ലക്ഷ്മി അഗര്‍വാളും ദീപികയും തമ്മില്‍ ആരും ശ്രദ്ധിക്കാത്ത ചില സാദൃശ്യങ്ങളുണ്ട്. ദീപികയെ തെരഞ്ഞെടുത്തതില്‍ ലക്ഷ്മിയും തൃപ്തയാണ് മേഘ്‌ന ഗുല്‍സാര്‍ പറഞ്ഞു.ദീപിക എന്റെ വേഷം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ദീപികയെ വിലയിരുത്താന്‍ എനിക്ക് അവകാശമില്ല. എനിക്ക് സാധിക്കാത്ത ഒരു കാര്യമാണ് അവര്‍ ചെയ്യുന്നത്. അനേകം മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അവരുടെ കഴിവില്‍ വിശ്വാസമുണ്ടെന്ന് ലക്ഷ്മി അഗര്‍വാള്‍ പറഞ്ഞു.

 

ഉയരെ സിനിമയിൽ പല്ലവി എന്ന കഥാപാത്രമായി പാർവതി എത്തുന്നു. കഥയും തിരക്കഥയും സംഭാഷണവും ബോബി–സ‍ഞ്ജയ് ആണ് നിർവഹിക്കുന്നത്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സ‍ഞ്ജയ്‍യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

ഇതൊരു സംഭവകഥയല്ലെന്നും എന്നാൽ യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ചയാകും ഈ സിനിമയെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു. സിനിമയ്ക്കായി ഗംഭീരമേക്കോവറിലാകും പാർവതി എത്തുക. പൈലറ്റായി വേഷമണിഞ്ഞുനിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

 

പാർവതിയുടെ മേക്കോവറിനായി പ്രത്യേക മേക്ക്അപ് വിഭാഗം തന്നെ ചിത്രത്തിനായി എത്തും. ഏകദേശം മൂന്നുമണിക്കൂർ സമയം മേക്ക്അപിന് വേണ്ടിവരുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിലെ നടിയുടെ രണ്ടാമത്തെ ലുക്ക് പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com