ADVERTISEMENT

മധുരരാജയുടെ ബജറ്റ് കൂട്ടിപ്പറയാന്‍ ശ്രമിച്ച നിർമാതാവിനെ പിന്തിരിപ്പിച്ച് മമ്മൂട്ടി. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം. പോക്കിരി രാജയെ അപേക്ഷിച്ചുനോക്കുമ്പോള്‍ കുറച്ചുകൂടി വലിയ സിനിമയാണ് മധുരരാജയെന്ന് നിർമാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു. ‘മധുരരാജ എല്ലാ പ്രൊഡക്‌ഷന്‍ വര്‍ക്കും കഴിഞ്ഞ് 27 കോടി രൂപയായി. ഇതാണ് അതിന്റെ സത്യം. ഇത് തള്ളലൊന്നും അല്ല. കറക്റ്റ് 27 കോടി’.–നെല്‍സണ്‍ ഐപ്പ് പറഞ്ഞു.  

 

Mammooty Funny Press Meet

ഇതിനിടെ ചിരിച്ചുകൊണ്ട് ഇടപെട്ട മമ്മൂട്ടി തന്നോട് നെല്‍സണ്‍ ഐപ്പ് ബജറ്റ് കൂട്ടിപറയട്ടേയെന്ന് ചോദിച്ച കാര്യം പറഞ്ഞു. ‘എന്റെയടുത്ത് രണ്ട് കൂട്ടിപ്പറഞ്ഞു ആദ്യം. എന്നോട് ചോദിച്ചു ഒരു മുപ്പത് പറയട്ടെ? ഞാന്‍ പറഞ്ഞു, ഉള്ളത് പറഞ്ഞാല്‍ മതി. അതേ ഇവര് വിശ്വസിക്കൂ.’–തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.

 

‘ഇതൊരു മെഗാ സ്റ്റാര്‍ സിനിമയല്ലേ. സംവിധായകന്‍ വൈശാഖ്, തിരക്കഥ ഉയദകൃഷ്ണ, നായകന്‍ മമ്മൂട്ടി, പീറ്റര്‍ ഹെയ്ന്‍, പിന്നെ ബോളിവുഡില്‍ നിന്നൊരു നടി വന്നു. ഇതിനെല്ലാം ചെലവുണ്ടല്ലോ. അങ്ങനെ ആകെ ഇത്രയും ചെലവായി.’–നെൽസൺ വ്യക്തമാക്കി.

 

ചിത്രത്തില്‍ സണ്ണി ലിയോണിന്റെ കഥാപാത്രത്തിന്റെ പ്രധാന്യത്തേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കണ്ടാല്‍ മനസ്സിലാകുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ഇതൊരു ഉദാത്തമായ കഥയാണ് എന്ന് പറയുന്നില്ല. ഈ സിനിമയുടെ കഥാ പശ്ചാത്തലത്തിന് അവരുടെ സാന്നിധ്യവും പാട്ടും എത്രത്തോളം ചേരുമെന്ന് നിങ്ങള്‍ കണ്ട് തീരുമാനിക്കേണ്ടതാണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പൃഥ്വിരാജ് വരുന്നില്ല. അങ്ങനെയുള്ള സസ്‌പെന്‍സുകള്‍ ഒന്നുമില്ല.’–മമ്മൂട്ടി പറഞ്ഞു.

 

ഒരുപാട് തലങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരുപാട് വൈകാരിക തലങ്ങളുള്ള സിനിമയാണ് എന്നൊന്നും അവകാശപ്പെടുന്നില്ല. രസകരമായ സിനിമയാണ്. സിനിമയ്ക്കുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് കഥാപശ്ചാത്തലത്തിലും പരിചരണത്തിലും വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. സ്വാഭാവികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണല്ലോ. പോക്കിരിരാജയിലുണ്ടായിരുന്ന അതേ ഊര്‍ജ്ജം മധുരരാജയിലുമുണ്ട്. രാജ ശക്തനാണ്, സ്‌നേഹ സമ്പന്നനാണ്. കഥാപാത്രത്തെക്കുറിച്ച് അധികം പറയേണ്ട കാര്യമില്ല.സീരീസുകളായി സിനിമ വരുമ്പോള്‍ ആവര്‍ത്തന വിരസത ഉണ്ടാകുമെന്ന് പറയാറുണ്ട്. പക്ഷേ കുറച്ചുകൂടി നന്നാക്കി അവതരിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. എല്ലാ തരത്തിലുള്ള സിനിമകളോടും ആഭിമുഖ്യമുള്ള നടനാണ് താനെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

 

‘പേരിൽ ഉള്ളപോലെ അത്ര ഭീകരനല്ല പീറ്റർ െഹയ്ൻ. എല്ലാം നിസ്സാരമായി എടുക്കുന്ന ആളാണ്. വളരെ ബുദ്ധിമുട്ടുള്ള രംഗങ്ങളാണെങ്കിൽ പോലും അതുവളരെ അനായസ്സമായി നമ്മളോട് പറഞ്ഞുതരാൻ അദ്ദേഹത്തിന് അറിയാം. സെറ്റിൽ ഏറ്റവും കൂടുതൽ തമാശ പറയുന്നതും പീറ്റർ ഹെയ്ൻ ആണ്.’–മമ്മൂട്ടി പറഞ്ഞു.

 

മധുരരാജയിൽ രാജയുടെ അനിയന്‍ വരുന്ന കഥാസന്ദർഭം ഇല്ലാത്തതുകൊണ്ടാണ് പൃഥിരാജിനെ വിളിക്കാതിരുന്നതെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറയുന്നു.  ചിത്രത്തില്‍ അതിഥി വേഷത്തില്‍ പൃഥ്വിരാജ് വരുന്നില്ല. അങ്ങനെയുള്ള സസ്‌പെന്‍സുകളൊന്നുമില്ല. മധുരരാജയ്ക്ക് ഒരു മുന്നാംഭാഗം വരുകയാണെങ്കില്‍ നമുക്ക് യു.കെയില്‍ പോയി ചിത്രീകരിക്കാം. അനിയൻ കുട്ടൻ ഇപ്പോൾ കല്യാണം കഴിഞ്ഞ് യു.കെയില്‍ ജോലി ചെയ്യുകയാണല്ലോ?.- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

 

ഏപ്രില്‍ 12നാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ തിയറ്ററുകളില്‍ എത്തുന്നത്. വൈശാഖ് ആണ് സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com