ADVERTISEMENT

ബോക്സ്ഓഫീസിൽ താരരാജാക്കന്മാരുടെ തേരോട്ടം. ലൂസിഫറിനു പിന്നാലെ മലയാളസിനിമയുടെ ബോക്സ്ഓഫീസിൽ കോടി കിലുക്കവുമായി മമ്മൂട്ടിയുടെ മധുരരാജ. ചിത്രം നാല് ദിവസം കൊണ്ട് നേടിയത് 32.4 കോടി രൂപ. ചിത്രത്തിന്റെ ആഗോളകലക്‌ഷൻ തുകയാണിത്. മധുരരാജയുടെ അണിയറപ്രവർത്തകർ തന്നെയാണ് കലക്‌ഷൻ പുറത്തുവിട്ടത്.

 

മമ്മൂട്ടിയുടേതായി അടുത്തകാലത്ത് ഏറ്റവും ആവേശമുയര്‍ത്തി റിലീസ് ചെയ്‍ത ചിത്രമായിരുന്നു മധുരരാജ. തീയറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയതും. ചിത്രം ഒരാഴ്ച പിന്നിടുമ്പോഴും തിയറ്ററുകളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.

 

തിയറ്ററുകളിൽ നിന്നും ടിവി, മൊബൈൽ സ്ക്രീനുകളിലേയ്ക്ക് വഴിമാറിയിരുന്ന പ്രേക്ഷകരെ വീണ്ടും മടക്കികൊണ്ടുവരുകയാണ് മലയാളസിനിമയുടെ താരരാജക്കാന്മാര്‍. അവധിക്കാല റിലീസ് ആയി എത്തിയ ലൂസിഫറിനും മധുരരാജയ്ക്കും ഗംഭീര വരവേൽപ് ആണ് പ്രേക്ഷകര്‍ക്കിടയിൽ നിന്നും ലഭിക്കുന്നത്.

 

നേരത്തെ റിലീസ് ചെയ്ത് എട്ടുദിവസങ്ങൾകൊണ്ട് ലൂസിഫർ 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ഇന്ത്യയിൽ മാത്രമല്ല വിേദശത്തുപോലും ഈ രണ്ട് സിനിമകൾക്കും ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തും മലയാളസിനിമകൾക്ക് വലിയ മാർക്കറ്റ് ഉണ്ടെന്ന് തെളിയിക്കുകയാണ് മധുരരാജയും ലൂസിഫറും.

 

വൈശാഖ് സംവിധാനം ചെയ്ത് 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്.  ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്‌ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.

 

മമ്മൂട്ടിയുടേതായി ഇന്നേവരെ കാണാത്ത അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. കോമഡിയും സസ്പെൻസുമൊക്കെ ചേർന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ദൃശ്യവിരുന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com