ADVERTISEMENT

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞു പിറന്നെന്ന വാർത്ത ആരാധകർ ആഘോഷമാക്കി. സ്വന്തം വീട്ടിലെ ഒരാൾക്ക് കുഞ്ഞുണ്ടായതു പോലെയാണ് ഈ വാർത്ത കേൾക്കുമ്പോൾ തോന്നുന്നതെന്ന് ആരാധകർ പറയുന്നു. താൻ അച്ഛനായ വിവവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.  നിമിഷങ്ങൾക്കകം ആ പോസ്റ്റ് വൈറലായി. അതോടൊപ്പം, ആശംസകളുമായി താരത്തിന്റെ ഔദ്യോഗികപേജിൽ നിരവധി പേരെത്തി.

 

'ജൂനിയർ ചാക്കോച്ചന് സുസ്വാഗതം; പിൻഗാമിക്ക് ആശംസകൾ' എന്നാണ് നടനും അവതാരകനുമായ കിഷോർ സത്യ ദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഉദയയുടെ ഇളമുറ നായകനാണ് ജൂനിയർ ചാക്കോച്ചനെന്നും ആരാധകർ കുറിച്ചു. കുഞ്ചാക്കോ ബോബൻ അഭിനയിച്ച മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക സൗമ്യ സദാനന്ദനും സന്തോഷം പങ്കു വച്ചു. 'ഒരുപാടു സന്തോഷം തോന്നുന്നു. ചാക്കോച്ചനും പ്രിയക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ' എന്ന കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ് സൗമ്യ ഷെയർ ചെയ്തത്. 

 

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ അരുൺ ഗോപി അഭിനന്ദനങ്ങൾ അറിയിച്ചത്. ഇത്തവണത്തെ ഈസ്റ്ററിന് ഇരട്ടി മധുരമാണെന്ന കുറിപ്പോടെയാണ് താരത്തിന്റെ സ്റ്റാറ്റസ് ചാക്കോച്ചൻ ഫ്രണ്ട്സ് എന്ന കൂട്ടായ്മ ഷെയർ ചെയ്തത്. അതിനിടയിൽ രസകരമായ അഭ്യർത്ഥനയും താരത്തിന്റെ പേജിൽ ഒരു ആരാധിക പങ്കു വച്ചു. കുഞ്ഞിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു കമന്റ്. 'ഈ അവസരത്തിൽ ഇങ്ങനെ പറയാമോ എന്നറിയില്ല', എന്ന മുഖവുരയോടെയാണ് ആരാധിക അഭ്യർത്ഥന പങ്കു വച്ചത്. 'കുഞ്ഞിന് ബോബൻ എന്നോ ബോബി എന്നോ പേരിടരുത്' എന്നായിരുന്നു ആരാധികയുടെ രസകരമായ അഭ്യർത്ഥന. 

 

പ്രിയ കുഞ്ചാക്കോയുടെ പേജിലും ആരാധകർ ആശംസകളുമായെത്തി. 'ഈ വാർത്ത കേൾക്കാൻ കാത്തിരുന്ന ഒരുപാടു മലയാളികളുണ്ട്. അതിലൊരാളാണ് ഞാനും' എന്നു കുറിച്ചുകൊണ്ടാണ് പ്രിയക്കും കുഞ്ചാക്കോ ബോബനും ഒരു ആരാധകൻ അഭിനന്ദനങ്ങൾ അറിയിച്ചത്. നീണ്ട 14 വർഷങ്ങൾക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലിൽ തന്നെയാണ് പ്രിയയുടെ ജന്മദിനവും. അതേ മാസത്തിൽ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറുകയാണ് ഏപ്രിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com