ADVERTISEMENT

‘പഞ്ചാബി ഹൗസ്’, വലിയ സിനിമകൾക്കിടയില‌ിറങ്ങി വലിയ വിജയം നേടിയ ചെറിയ സിനിമ. റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി സംവ‌ിധാനം ചെയ്ത സിനിമ. ഇൗ ചിത്രത്തിലെ പല രംഗങ്ങളും ഇന്നും കാണുമ്പോൾ പ്രേക്ഷകർ ആദ്യം കാണുന്ന കണക്കെ പൊട്ടിച്ചിരിക്കും. ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമൊക്കെ ചേർന്നൊരുക്കിയ ആ ചിരിവിരുന്നിന്റെ അറിയാക്കഥകൾ ചിത്രത്തിന്റെ സംവിധായകർ പങ്കു വയ്ക്കുന്നു. 

 

ഊമക്കളി

ചെന്നൈ ട്രെയിൻ യാത്രയിൽ കണ്ടതാണ് ആ ഊമയെ. ഏതോ സറ്റേഷന‌ിൽ ന‌ിന്നു റാഫി വാങ്ങിയ ഭക്ഷണം തീർത്തും മോശമാണെന്നറിഞ്ഞ് പൊതിഞ്ഞു വച്ചപ്പോൾ സ്കൂൾ യൂണിഫോമിട്ട ഒരു കുട്ടി വന്ന് അതു കഴിക്കാൻ ശ്രമിച്ചു. അതു കൊള്ളില്ലെന്ന് പറഞ്ഞ‌് കാര്യങ്ങൾ ചോദിച്ചപ്പോൾ അവൻ ‘ഊമ’യായ‌ി. യൂണിഫോമിൽ ചെന്നൈ യാത്ര ചെയ്യുന്ന കുട്ടി നാട്ടിൽ നിന്നു പുറപ്പെട്ടു പോകുന്നതാകാമെന്ന സംശയം സ്ഥിരീകരിക്കാൻ അവന്റെ അഭിനയം മൂലം കഴിഞ്ഞില്ല. അപ്പോഴാണ് റാഫിയുടെ തലയിൽ ബൾബ് കത്തിയത്. ആൾമാറാട്ടത്തിന് പറ്റിയതാണ് ഈ ഊമകളിയെന്ന്. പഞ്ചാബിഹൗസ് പിറന്നു.

 

സിങ് ബ്രോ

സിദ്ദിഖ്‌ലാൽ സംവിധാനം ചെയ്ത ‘കാബൂളിവാല’യിൽ ഡോക്ടറായി അഭിനയിക്കാൻ ഒരു സിക്കുകാരൻ വന്നു. റാഫി ആ സിങ്ങ‌ിനോട് പൊട്ട ഹിന്ദിയിൽ സംസാരിച്ചപ്പോൾ നല്ല കൊച്ചി മലയാളത്തിൽ അയാൾ മറുപടി പറഞ്ഞ് കണ്ണുതള്ളിച്ചു. മലയാളം മണിമണിയായി പറയുന്ന സിക്കുകാരെ അങ്ങനെയാണ് പഞ്ചാബി ഹൗസ‌ിലെടുത്തത്.

 

നായകനും നായികയും

സിനിമ ഷൂട്ടിങ് തുടങ്ങിയിട്ടും നായികയെ തീരുമാനിച്ചിരുന്നില്ല. നായികയില്ലാതെ ഷൂട്ടിങ് തുടരാനാകില്ല എന്നു വന്നപ്പോൾ എറണാകുളത്ത് വന്ന മോഹിനിയെ പോയി കാണുകയായിരുന്നു. മോഹിനി അവരെ ഞെട്ടിച്ചു: ‘എന്നെ ഈ സിനിമയിൽ പരിഗണിച്ചിട്ട് തടി കൂടുതലാണെന്നു പറഞ്ഞ് നിങ്ങൾ വേണ്ടെന്നുവച്ചതല്ലേ?’ സംഗതി സത്യമാണെന്ന് റാഫി മെക്കാർട്ടിൻ സമ്മതിച്ചു. പക്ഷേ, പിറ്റേന്ന് മുതൽ മോഹിനി അഭിനയിക്കാനെത്തി.

 

നാളെയുടെ താരങ്ങൾ

വലിയ താരനിരയില്ലാത്ത സിനിമയായിരുന്നു പഞ്ചാബിഹ‌ൗസ്. ദിലീപ് വളർച്ചയുടെ പാതയിലായിരുന്നു. ലാൽ കളിയാട്ടത്തിൽ മാത്രമായിരുന്നു ഇതിനു മുൻപ് അഭിനയിച്ചത്. ‌കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും നിറഞ്ഞു നിന്ന സിനിമയുടെ ഷൂട്ടിങ്ങും ആഘോഷമായിരുന്നു. 

 

പാട്ട്

സുരേഷ് പീറ്റേഴ്സായിരുന്നു സംഗീതസംവിധായകൻ. ‘മിന്നൽ’ എന്ന അദ്ദേഹത്തിന്റെ ആൽബ‌ം കേട്ട പരിചയമേയുളളൂ. സുരേഷിനോട് ചോദിച്ചത് ഇങ്ങനെയാണ്: കൊച്ചി കണ്ടിട്ടുണ്ടോ? ഇല്ലെന്നു മറുപടി. ‘എന്നാൽ കൊച്ചി കാണാൻ വരൂ, കൂടെ ഒരു സിനിമയുടെ പാട്ടും. ശര‌ിയാകുമോ എന്നു നോക്കാം.’ രമേശൻ നായർ രചിച്ച ‘എല്ലാം മറക്കാം നിലാവേ’ എന്ന പാട്ടാണ് ആദ്യം ഈണമിട്ടത്. അതു ശരിയായി. 

 

സ്വപ്നം 

ഈ സിനിമയിലെ ഏറ്റവും ചിരിപരത്തി തന്നെ അമ്പരിപ്പിച്ച തമാശ ഊമ സംസാരിച്ചതായി സ്വപ്നം കണ്ടെന്നു പറയുന്ന സീനാണെന്ന് റാഫി. ‘അത് ഇത്ര ചിരിയുണ്ടാക്കുമെന്ന് കരുതിയില്ല.’

 

ക്ലൈമാക്സ്

നായകൻ ആർക്കൊപ്പം പോകണം? നാട്ടിൽ കാത്തിരിക്കുന്ന നായികയുടെ കൂടെയോ അതോ തനിക്ക് എല്ലാം നൽകിയ കുടുംബത്തിലെ ഊമയായ നായികയുടെ കൂടയോ? തിരക്കഥ എഴുതിയിട്ടും ഷൂട്ടിങ് തുടങ്ങിയിട്ടും അതിന് തീരുമാനമായില്ല. രണ്ടു ക്ലൈമാക്സും ഷൂട്ട് ചെയ്തു. അതു കാണിച്ചിട്ടും ആർക്കും കൃത്യമായൊരെണ്ണം തിരഞ്ഞെടുക്കാനായില്ല. ഒടുവിൽ ലാലിന്റെ ഭാര്യ നാൻസിയാണ് ഊമയായ നായികയ്ക്കൊപ്പമാണ് നായകൻ പോകേണ്ടത് എന്നു തീർപ്പ് പറഞ്ഞത്. അത് സിനിമയിൽ ഇട്ടു. കാണികൾക്കു രസിച്ചു.‘പക്ഷേ എന്റെ അഭിപ്രായം മറിച്ചായിരുന്നു. കഥയിലെ ശരിയും അതായിരുന്നു.’ റാഫി.

 

പിൻകുറിപ്പ്

പഞ്ചാബി ഹൗസിന് ഒപ്പമിറങ്ങിയ ഫാസിലിന്റെ ‘ഹരികൃഷ്ണൻസ്’ ഇരട്ടക്ലൈമാക്സിലൂടെ വിവാദമുയർത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com