ADVERTISEMENT

ദുൽഖർ സൽമാന്റെ ഒരു മലയാള സിനിമ തിയറ്ററിൽ വന്നിട്ട് 566 ദിവസമായി. ആ യമണ്ടൻ കാത്തിരിപ്പിന് ഇപ്പോൾ തിരശ്ശീല വീഴുകയാണ്. പക്കാ ലോക്കലാണ് എന്ന് ഒറ്റക്കാഴ്‌ചയിൽ തോന്നും ‘യമണ്ടൻ പ്രേമകഥ’യിലെ ദുൽഖറിനെ കണ്ടാൽ. എന്നാൽ, സിറ്റിബോയ് എന്നു തന്നെ വിളിക്കുന്നവർ സെക്കൻഡ് ഷോയും കമ്മട്ടിപ്പാടവും വിക്രമാദിത്യനും കാണാതെ പോകരുതെന്ന് ദുൽഖറും പറയുന്നു. നാടൻ കഥകളുടെ നാട്ടുവഴിയിലൂടെ ദുൽഖർ ഇതിനു മുൻപും മുണ്ടു മാടിക്കുത്തി നടന്നിട്ടുണ്ട്. എന്നാൽ, ദുൽഖർ മുണ്ടുടുക്കുമ്പോൾ, വള്ളം തുഴയുമ്പോൾ  കട്ടലോക്കൽ എന്നു പറയുകയാണ് സിനിമാലോകം.

 

കിണറ്റിലെ വെള്ളം കോരി മൺകൂജയിലൊഴിച്ച് കുടിക്കുന്നയാൾ... മുറിയിൽ മഞ്ചാടിക്കുരു സൂക്ഷിക്കുന്നയാൾ... ബാല്യത്തിലെ നൻമ വിട്ടുകളയാതെ ജീവിക്കുന്ന ലല്ലു എന്ന പെയിന്ററെക്കുറിച്ച് ദുൽഖറിനോട് കഥ പറയുമ്പോൾ തിരക്കഥാകൃത്തുക്കളായ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും തുടങ്ങിയത് ഇങ്ങനെയാണ്. ആന്റോ ജോസഫ് നിർമിച്ച് ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ 25നു തിയറ്ററുകളിലെത്തും.

 

ഇടവേളകൾ ഉണ്ടാകുന്നത്?

 

തുടർച്ചയായി മലയാള സിനിമകൾ മാത്രം ചെയ്‌താൽ ഇത്രയും വലിയ ഗ്യാപ്പ് വരില്ല. ഹിന്ദിയിൽ ‘സോയാഫാക്ടർ’ ചെയ്‌തു. ജൂണിൽ റിലീസാണ് ചിത്രം. തമിഴിൽ ‘കണ്ണും കണ്ണും കൊള്ളയടിച്ചാൽ.’ രണ്ടും കൂടി ഒരു വർഷത്തിലേറെ എടുത്തു. ഇവിടെ പ്രേക്ഷകരുടെ ആകാംക്ഷ എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ, ചില കാര്യങ്ങൾ നമ്മുടെ കയ്യിൽ നിൽക്കില്ല. രണ്ടും മൂന്നും ഷെഡ്യൂളുകളിൽ സിനിമ ചെയ്യുമ്പോൾ അങ്ങനെ സംഭവിക്കും. നീലാകാശം പച്ചക്കടൽ ഒൻപതുമാസം കൊണ്ടാണ് തീർന്നത്. എബിസിഡി എട്ടുമാസം എടുത്തു.

 

കഥയുണ്ട് ഒന്നു കേൾക്കാമോ?

 

കഥ കേൾക്കാൻ കാര്യമായി ചെവികൊടുക്കാറില്ല എന്ന ചീത്തപ്പേര് എനിക്കുണ്ട്. ഒരു കഥയുണ്ട് കേൾക്കാമോ എന്ന് ചോദിക്കുന്നവർ സിനിമാക്കാർ മാത്രമല്ല. സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നുമുണ്ട്. ചിലപ്പോൾ അതൊരു യാത്രയിൽ കണ്ടുമുട്ടുന്ന വിമാനത്തിലെ ജീവനക്കാരാകാം. നമ്മുടെ അടുത്ത ബന്ധുക്കളാകാം. അവിടെ എങ്ങനെ ഫിൽറ്റർ ചെയ്യും എന്ന ആശയക്കുഴപ്പമുണ്ട്. എങ്കിലും പരമാവധി വൺലൈൻ വാങ്ങി വായിച്ചുമൊക്കെ കഥ കേൾക്കാറുണ്ട്. തമിഴിലെ പുതിയ സിനിമ കണ്ണും കണ്ണും അങ്ങനെ യാദൃശ്ചികമായി വന്ന കഥയാണ്. രണ്ടു സിനിമയിൽ കൂടുതൽ ഭാവിയിലേക്ക് പ്ലാൻ ചെയ്‌താൽ കഥയ്‌ക്കും ആശയത്തിനും പഴക്കം സംഭവിച്ചേക്കാം.

 

ഞെട്ടിപ്പിച്ച ആരാധകർ?

 

സിനിമ നമ്മുടെ ഭാഷ വിട്ട് യൂണിവേഴ്‌സലായി മാറി എന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു. 

dulquer

ദുബായ് മാളിൽ ഒരു യാത്രക്കിടെ ഒരു ഫിലിപ്പീനോ യുവതി എന്നെക്കാണാൻ വന്നു. അവർ അവിടെ ജോലി ചെയ്യുന്നതാണ്. എന്റെ മിക്ക സിനിമകളും അവർ നെറ്റ്‌ഫ്‌ളിക്‌സിലും മറ്റും കണ്ടിട്ടുണ്ട്. ഇതേ അനുഭവം തുർക്കിയിൽ നിന്നുള്ള ചില യുവാക്കളിൽ നിന്നുമുണ്ടായിട്ടുണ്ട്. ‘മഹാനടി’ റിലീസായശേഷം  ന്യൂയോർക്കിൽ ചെന്നപ്പോൾ ഒരു തെലുങ്കു യുവാവ് എന്നെ പിന്തുടർന്ന് നടക്കുകയാണ്. ചോദിച്ചപ്പോൾ അവന് സെൽഫി വേണ്ട. എന്നെയൊന്നു ഹഗ് ചെയ്യണം. ഞാൻ അവനെ കെട്ടിപ്പിടിച്ചു. അങ്ങനെയും സ്‌നേഹത്തിന്റെ പല വഴികൾ. ഓൺലൈനിൽ യുട്യൂബിൽ മലയാളത്തിലോ തമിഴിലോ എന്റെ ഒരു അഭിമുഖം വന്നാൽ അതിന്റെ ഇംഗ്ലിഷ് പരിഭാഷ ചോദിക്കുന്നവരും ധാരാളമുണ്ട്.

 

മിഥുൻ മാനുവൽ തോമസിന്റെ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിൽ ഏയ്‌ഞ്ചലായി വരുന്ന ദുൽഖർ സൽമാൻ ജീവിതത്തിൽ ശരിക്കും നല്ല ഒരു ഏയ്‌ഞ്ചൽ ഇൻവെസ്റ്ററുമാണ്. (മറ്റാരും സഹായത്തിനില്ലാത്ത യുവസംരംഭകരെ പിന്തുണയ്‌ക്കുന്ന മാലാഖ നിക്ഷേപകൻ) 

 

സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ?

 

സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളെക്കുറിച്ച് എന്നെ അഡ്വൈസ് ചെയ്യാൻ ഒരു ടീം ഉണ്ട്. തുടക്കത്തിൽ തന്നെ ഇൻവെസ്റ്റ് ചെയ്യുകയും നല്ല വാല്യൂവേഷൻ ലഭിക്കുമ്പോൾ എക്‌സിറ്റ് ചെയ്യുകയും ചെയ്യുന്നതാണ് എന്റെ രീതി. സാധാരണ മനുഷ്യരുടെ ജീവിത നിലവാരത്തെ ഉയർത്തുന്ന ഡീപ് ടെക് കമ്പനികളിലാണ് കൂടുതൽ താൽപര്യം. ഇലക്ട്രിക് ഇരുചക്രവാഹന വിപണി അങ്ങനെ ഞാൻ ശ്രദ്ധയോടെ ഇൻവെസ്‌റ്റ് ചെയ്യുന്ന ഒന്നാണ്. ഓഹരി വിപണിയേക്കാൾ ഞാൻ മുൻഗണന നൽകുന്നത് സ്റ്റാർട്ടപ്പുകൾക്കാണ്. അഞ്ച് എണ്ണത്തിൽ നിക്ഷേപം നടത്തിയാൽ ചിലപ്പോൾ രണ്ടെണ്ണമേ ക്ലിക്ക് ആകൂ. നമ്മൾ മറ്റൊരു മേഖലയിൽ പ്രവർത്തിക്കുമ്പോൾ സമയക്കുറവുള്ളതുകൊണ്ട് നിക്ഷേപത്തിനു നല്ലതാണ് ഈ രംഗം. സമയം അധികം ചെലവിടേണ്ട. അവർക്ക് മികച്ച സാങ്കേതിക വിവരമുണ്ട്.

 

മലയാള സിനിമാനിർമാണ രംഗത്തേക്കും കടക്കുകയാണ് ദുൽഖർ. മേയിൽ ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങും.

 

നിർമാണം?

 

ഞാനില്ലാത്ത സിനിമകളുടെയും നിർമാണം എന്നതാണ് പ്ലാൻ. ഇപ്പോൾ ധാരാളം നല്ല കഥകൾ കേൾക്കുന്നുണ്ട്. എല്ലാം എനിക്ക് ചെയ്യാൻ കഴിയില്ല. അതിൽ ചിലതു നി‍ർമിക്കാം എന്നാലോചിച്ചു. ചെറിയ സിനിമകൾ. ആളുകളുമായി കണക്‌ട് ചെയ്യുന്ന ചിത്രങ്ങൾ. അതിനായി ഒരു ടീം ഉണ്ടാകും. അവർ കഥ കേട്ട് പ്ലാൻ ചെയ്യും. ഞാൻ പ്രോജക്ടിനു മുൻപ് കഥ കേൾക്കും. ഇതാണ് പ്ലാനിങ്. പൂർണമായും പുതിയൊരു ടീമാകും ഇതിനു പിന്നിൽ.

 

മനസ്സ് അറിഞ്ഞു തിരക്കഥ; യമണ്ടൻ ഏപ്രിൽ 25ന് 

 

ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്നു വിശ്വസിക്കുന്ന തിരക്കഥാകൃത്തുക്കളാണ് വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും. ഇരുവരും അടുത്ത സുഹൃത്തായ ബി.സി. നൗഫലിനു വേണ്ടി എഴുതിയ തിരക്കഥകളാണ് ‘അമർ അക്‌ബർ അന്തോണിയും ‘കട്ടപ്പനയിലെ ഋതിക് റോഷനും’. എന്നാൽ, പല കാരണങ്ങളാൽ ചിത്രം സംവിധാനം ചെയ്യാൻ നൗഫലിനായില്ല. അടുത്ത പടം നമ്മൾ ദുൽഖറിനെ വച്ച് ചെയ്യുമെന്ന് ഇരുവരും പറഞ്ഞപ്പോൾ നൗഫൽ പറഞ്ഞത് എങ്കിൽ ഞാൻ സിനിമ ചെയ്‌തതു തന്നെ എന്നായിരുന്നു. 

ദുൽഖറിലേക്കെങ്ങനെ എത്തുമെന്നായിരുന്നു ആശങ്ക. കാര്യങ്ങളെ പോസിറ്റീവാക്കി മാറ്റാൻ തങ്ങൾക്കൊരു കഴിവുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഇരുവരും. വിഷ്‌ണുവിന്റെ കയ്യൊടിഞ്ഞ് ആകാശത്തേക്കു നോക്കി കട്ടിലിൽ കിടന്നപ്പോൾ നിർമാതാവ് ആന്റോ ജോസഫ് കാണാൻ വന്നു. 

 

ദുൽഖറിനു പറ്റിയ കഥയുണ്ടോയെന്നു ചോദിച്ചു. അതായിരുന്നു കഥയിലേക്കും സിനിമയിലേക്കുമുള്ള വഴി. തിരക്കഥ പൂർത്തിയായിക്കഴിഞ്ഞാൽ വിഷ്‌ണുവും ബിബിനും ആദ്യം എത്തുന്നത് മനസ്സ് എന്ന ടീമിന്റെ നടുവിലേക്കാണ്. അതിൽ 24 പേരുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ. അവർക്കു മുന്നിൽ തിരക്കഥ വായിക്കും. കറക്ഷൻസ് നടത്തും.

 

ആന്റോ ജോസഫും സി.ആർ. സലീമും ചേർന്നു നിർമിക്കുന്ന ഒരു യമണ്ടൻ പ്രേമകഥയിൽ സംയുക്ത മേനോനാണ് നായിക.  സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ, എഡിറ്റർ–ജോൺകുട്ടി. ആൻ മെഗാ മീഡിയയാണ് ചിത്രത്തിന്റെ വിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com