ADVERTISEMENT

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന 'ഉയരെ'യുടെ ആദ്യപ്രദർശനത്തിനു ശേഷം തിയറ്റർ സാക്ഷ്യം വഹിച്ചത് ഹൃദയഹാരിയായ നിമിഷങ്ങൾക്കായിരുന്നു. അണിയറപ്രവർത്തകർക്കൊപ്പം സിനിമ കാണാനെത്തിയ പാർവതിയെ സുഹൃത്തുക്കൾ അഭിനന്ദനം കൊണ്ടു പൊതിഞ്ഞു. 'ഇതു പാർവതിക്കു മാത്രം ചെയ്യാൻ കഴിയുന്ന സിനിമ', എന്നായിരുന്നു ചലച്ചിത്രതാരം ജോമോളുടെ പ്രതികരണം. 

 

"ഇതൊരു സിനിമയായി തോന്നിയില്ല. നമ്മളും അതിൽ ഭാഗമാകുന്ന പോലെ തോന്നും. ഇങ്ങനെയൊരു വിഷയം മലയാള സിനിമയിൽ വന്നിട്ടില്ല. ധൈര്യപൂർണമായ സമീപനം. തീർച്ചയായും പാർവതിക്കു മാത്രമേ ഇതു ചെയ്യാൻ കഴിയൂ," ജോമാൾ പറഞ്ഞു. സിനിമ അടിപൊളിയെന്നായിരുന്നു ടൊവീനോ തോമസ് പ്രതികരിച്ചത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രവും ടൊവീനോ ചെയ്യുന്നുണ്ട്. സിനിമയുടെ ത്രില്ലർ അനുഭവം തീവ്രമായി പകരാൻ സംവിധായകൻ മനു അശോകിന് കഴിഞ്ഞിട്ടുണ്ടെന്ന് ടൊവീനോ പറഞ്ഞു. "ഞാൻ അഭിനയിക്കുന്ന സിനിമയായിട്ടു പോലും എനിക്ക് വൈകാരികമായ അടുപ്പം തോന്നി. കുറെ തവണ ഷൂട്ടിലും ഡബിങ്ങിലും ദൃശ്യങ്ങൾ കാണുന്നതുകൊണ്ട് സാധാരണ സിനിമ കാണുമ്പോൾ അത്രയും ഫീൽ ചെയ്യാൻ പറ്റാറില്ല. എന്നാൽ, ഈ സിനിമ അതിന്റെ പൂർണതയിൽ വല്ലാത്തൊരു ആത്മസംതൃപ്തി നൽകിയ ഒന്നാണ്," ടൊവീനോ പറഞ്ഞു. 

 

അണിയറപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം സിനിമ കണ്ടപ്പോൾ വല്ലാത്തൊരു ഊർജ്ജമായിരുന്നുവെന്ന് പാർവതി പറഞ്ഞു. "എല്ലാവർക്കും സിനിമ ഫീൽ ചെയ്യാൻ കഴിയുന്നുണ്ട്. ഇനി കാണുന്നവർക്കും അങ്ങനെ തന്നെ അനുഭവപ്പെടട്ടെ. വളരെ സത്യസന്ധമായുള്ള ഒരു സിനിമ ഞങ്ങൾ എടുത്തിരിക്കുകയാണ്. അത് എല്ലാവരും വന്നു കാണണം," പാർവതി കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ അടുത്ത കാലത്തായി ഒരുപാട് വിമർശിക്കപ്പെട്ടിരുന്ന പാർവതിയെ പക്ഷേ ഉയരെ റിലീസ് ആയതിനു ശേഷം സോഷ്യൽ മീഡിയ വാഴ്ത്തുകയാണ്. ‘തനിക്കു നേരെ വരുന്ന കല്ലുകൾ കൊണ്ട് സാമ്രാജ്യം പണിയുന്നവൾ’ എന്നാണ് ചില സിനിമാസ്നേഹികൾ പാർവതിയെക്കുറിച്ച് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com