ADVERTISEMENT

ഉയരെ എന്ന ചിത്രത്തിൽ പാർവതി അവതരിപ്പിച്ച പല്ലവിക്കു പകരം ആസിഫ് അലിയുടെ ഗോവിന്ദിലൂടെ കഥ മുന്നോട്ടു പോകേണ്ടിയിരുന്നുവെന്ന വാദവുമായി സമൂഹമാധ്യമങ്ങളിൽ പലരും മുന്നോട്ടു വന്നിരുന്നു. ഗോവിന്ദിന് പല്ലവിയോട് കടുത്ത പ്രണയമായിരുന്നെന്നും അതാണ് അയാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്നുമാണ് ഇക്കൂട്ടർ ഉന്നയിച്ച വാദം. അതു സാധൂകരിക്കുന്നതിനായി സിനിമയിലെ തന്നെ ചില സന്ദർഭങ്ങളും അവർ ചൂണ്ടിക്കാണിച്ചു. എന്നാൽ ഗോവിന്ദിനെ ന്യായീകരിക്കുന്ന ഇൗ വാദത്തെ കടുത്ത ഭാഷയിലാണ് മറ്റു പ്രേക്ഷകർ വിമർശിച്ചത്. ഗോവിന്ദിന്റെ പ്രവർത്തി ന്യായീകരിക്കാനാവില്ലെന്നും ഉയരെ ഇങ്ങനെ തന്നെയായിരുന്നു ആകേണ്ടിയിരുന്നതെന്നുമാണ് ഇവർ പറയുന്നത്. 

 

പ്രമുഖ സിനിമാഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട നീരീക്ഷണങ്ങളിൽ‌ ചിലത് ഇങ്ങനെയൊക്കെയാണ്. 

 

1. ‘സിനിമയിൽ ഗോവിന്ദിന്റെ മാനസ്സിക സംഘർഷം കാണിക്കുന്നില്ല എന്നത് ശരിയാണ്. ഗോവിന്ദിന്റെ ഉള്ളിലുള്ള സ്നേഹത്തിനെ നിഷേധിക്കുന്നുമില്ല. പല്ലവിയുടെ സ്നേഹം കിട്ടുമ്പോഴൊക്കെ അയാളുടെ കണ്ണ് നിറയുന്നത് കാണിക്കുന്നുണ്ട്. ഇനി അഥവാ ഗോവിന്ദിലൂടെയാണ് കഥ മുന്നോട്ടു പോയതെങ്കിൽ പോലും ആസിഡ്‌ ഒഴിക്കുന്ന പ്രവർത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. കോഴ്സ് കഴിയും മുൻപേ നിർത്തിയിട്ട് വരാൻ പല്ലവിയോട് ഗോവിന്ദ് പറയുന്നുണ്ട് പിന്നീട് കോംപ്രമൈസിന് തയ്യാറാകുന്നുമുണ്ട്. പക്ഷേ പല്ലവിയ്ക്ക് വേദനിച്ചത് "മാറി മാറി കൂടെ കിടക്കാൻ തൊലി വെളുപ്പുള്ളവന്മാരെ കിട്ടിയാൽ കോഴ്സ് തീരണ്ട എന്ന് തോന്നും " എന്ന് ഗോവിന്ദ് പറയുന്നതാണ്.. പല്ലവിയ്ക്കെന്നല്ല ഒരു പെണ്ണിനും സ്നേഹിക്കുന്നവനിൽ നിന്നത് കേട്ടാൽ സഹിക്കാൻ പറ്റില്ല. പാർട്ടിക്ക് പോയിട്ടും റൂമിൽ ആണെന്ന് കള്ളം പറഞ്ഞത് ഗോവിന്ദ് നോടുള്ള ഉള്ള സ്നേഹക്കുറവ് കൊണ്ടല്ല മറിച്ച് ഭയംകൊണ്ടാണ് എന്ന് അവൾ പറയുന്നുമുണ്ട്. സത്യം പറഞ്ഞാൽ തന്റെ കരിയർ അല്ലെങ്കിൽ ഗോവിന്ദിനെ തന്നെ നഷ്ടമാകുമോ എന്ന് അവൾ ഭയന്നിരുന്നു. 

 

ഗോവിന്ദ് വളർന്ന് വന്ന സാഹചര്യങ്ങളോ ചെറുപ്പത്തിലെ മറ്റ് അനുഭവങ്ങളോ അയാളുടെ സ്വഭാവത്തെ ബാധിച്ചിരുന്നിരിക്കണം. അയാളുടെ അധികം സൗഹൃദങ്ങളൊന്നും സിനിമയിൽ കാണിക്കുന്നുമില്ല. ഒരുപക്ഷേ അയാൾ ആകെ മിണ്ടിയിരുന്നത് പല്ലവിയോട് ആയിരിക്കണം. തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത് എന്ന സ്വാർഥതയാണ് ആസിഡ് ഒഴിക്കാൻ അയാളെ പ്രേരിപ്പിച്ചതും. എല്ലാ കാമുകന്മാരും ഗോവിന്ദുമാരല്ല. കാമുകിയുടെ കരിയറിന് തന്റേതിനെക്കാർ ഏറെ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. അവളെ ഉയരേയ്ക്ക് നയിക്കുന്നവരുണ്ട്. ഈ സിനിമ പറയുന്നത് ടോക്സിക് റിലേഷനെ പറ്റിയാണ് അങ്ങനെയും ചിലത് നമുക്ക് ചുറ്റും ഉണ്ട് എന്ന തിരിച്ചറിവാണ്. നോർമൽ പൊസസീവ്നെസ്സിന് വ്യത്യസ്തമായി ഇത്തരം റിലേഷൻഷിപ്പുകളുടെ അപകട സ്വഭാവത്തെപ്പറ്റിയാണ്.

 

 

2. ഗോവിന്ദിന്റെ ചെയ്തികളെ ഒക്കെ ന്യായീകരിക്കുന്നവരെ മട്ടലു വെട്ടി അടിക്കണം. പൊസസീവ്നെസ്സിന്റെ അങ്ങേയറ്റം എന്ന് പറയാൻ പോന്ന ഒരു തരം സൈക്കോ ആണ് ഗോവിന്ദ്. താൻ ആഗ്രഹിക്കുന്ന രീതിയിൽ തന്റെ പ്രണയിനിയും ജീവിക്കണം .അവൾക്ക് താൻ മാത്രമായിരിക്കണം ലോകം, എപ്പോൾ ഫോൺ വിളിച്ചാലും എടുക്കണം, മറുത്ത് എന്തേലും പറഞ്ഞാൽ ഉടനെ കൈ മുറിക്കുക, മരിച്ചു കളയുമെന്ന് ഭീഷണിപെടുത്തുക തുടങ്ങിയ സ്വന്തം കാര്യങ്ങൾക്ക് മാത്രം മുൻഗണന കൊടുക്കുന്ന, പ്രണയിനിയുടെ ആഗ്രഹങ്ങൾക്കോ ചിന്തകൾക്കോ ഒരു സ്ഥാനവും കല്പിക്കാത്ത ഒരു തരം മെയിൽ ഷോവനിസ്റ്റ് ആണ് അയാൾ. ഗോവിന്ദിനെ പേടിയാണെന്ന് പല്ലവി തന്നെ പറയുന്നുണ്ട്. ഫ്രണ്ട്സുമായി ഡിന്നർ കഴിക്കാൻ പോകുന്നതിനു മറുപടിയായി ഓരോ ദിവസം ഓരോരുത്തരുടെ കൂടെ ആണ് കിടപ്പ് എന്ന് വരെ പറയുന്ന പല്ലവിക്കും ഒരു വ്യക്തിത്വം ഉണ്ട് എന്ന് പോലും ഉൾക്കൊള്ളാത്ത ഗോവിന്ദ്, അത്രമേൽ ആക്ഷേപിക്കപ്പെട്ടപ്പോൾ Get lost പറയുന്ന പല്ലവിയോട് വീണ്ടും എന്റെ തെറ്റാണ് നീ ക്ഷമിച്ചില്ലേൽ ഞാൻ ചത്ത് കളയും എന്നൊക്കെ പറഞ്ഞു വീണ്ടും തന്റെ കാലിനടിയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്ന ഗോവിന്ദ്. തന്നിലണിയിച്ച മോതിരവും തിരികെ നൽകി പോകുന്ന പല്ലവിയുടെ മുഖത്തേക്ക് ഒരു ശത്രുവെന്ന പോലെ ഒരു ദയയും ഇല്ലാതെ തന്നെ സ്വീകരിക്കാത്തവൾക്ക് മറ്റൊരു ജീവിതം വേണ്ട എന്ന ക്രൂരമായ ചിന്തയോടെ ആസിഡ് ഒഴിക്കുന്ന ഗോവിന്ദ്. ഒരിക്കലും ഇത്തരത്തിൽ ഒരു കഥാപാത്രത്തെ ന്യായീകരിക്കാനാവില്ല. 

 

3. എല്ലാ കാമുകമാരും ഗോവിന്ദനെ പോലെ അല്ല എന്നാൽ അങ്ങനൊരു കാമുകനെ ഞാൻ അറിഞ്ഞിട്ടുണ്ട് എന്റെ ജീവിതത്തിലൂടെ അയാൾ കടന്നുപോയിട്ടുണ്ട് . ഒരുപക്ഷേ ഒരു സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ കണ്ട് ഞാൻ ഇതുവരെ കരഞ്ഞിട്ടില്ല പല്ലവി എന്നെ വല്ലാതെ വേദനിപ്പിച്ചു . ഞാൻ ഒരിക്കൽ കൂടി അവളിലൂടെ എന്നെ കണ്ടു . പ്രണയം മധുരമാണെന്ന് പലരും വാതോരാതെ പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷേ കൈച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ പ്രണയത്തിൽ വന്നിട്ടുണ്ടേൽ ഇത്ര ഭീകരമായ മാനസികാവസ്ഥ അനുഭവിക്കുക എന്നതും അതിനെ തരണം ചെയ്യുക എന്നുള്ളതും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് . നിസാരമായി പറഞ്ഞാൽ നോ പറയേണ്ടിടത്തു പലപ്പോഴും അത് പറയാൻ പറ്റാതെ വരികയും പിന്നീട് അത് ജീവിതത്തെ കാർന്നെടുക്കുകയും ചെയ്യുന്ന അവസ്ഥ . ഭയന്ന് പ്രണയിക്കുന്ന അവസ്ഥ. ഒരാളുടെ അടിമയായി ജീവിക്കുക വളരെ പ്രയാസമുള്ള കാര്യമാണ് . കാമുകന്റെ എല്ലാ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുകയും അയാളുടെ ഇഷ്ടങ്ങൾക്ക് മാത്രം പരിഗണന കൊടുക്കുകയും ചെയ്യേണ്ടിവരുമ്പോൾ അടിമ എന്ന് തന്നെ പറയണം .

 

ഗോവിന്ദൻ ഒരു നല്ല കാമുകൻ ആയിരുന്നില്ല അയാൾ ഒരിക്കലും പല്ലവിയെ സ്നേഹിച്ചിട്ടുണ്ടെന്ന് പോലും തോന്നിയില്ല . അവളെ മനസിലാക്കിയിട്ടുണ്ടാകില്ല അവളുടെ ഇഷ്ടങ്ങളെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ ഒന്നും അറിഞ്ഞിട്ടില്ല ഒരിക്കൽ പോലും ചോദിച്ചിട്ടുണ്ടാകുകയുമില്ല‌. അയാൾ അവളിലൂടെ അയാളെ മാത്രം കണ്ടു. അവളെ ദ്രോഹിക്കുമ്പോഴോ അതിനു ശേഷമോ തന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. അയാൾ പോകേണ്ടിടത്തൊക്കെ പോയി മറ്റുള്ള കാര്യങ്ങളിൽ ഒക്കെ എൻഗേജ്ഡ് ആയി അപ്പോഴും തന്റെ ഭാവി മാത്രമാണ് അയാൾ കണ്ടത്. സ്വാർത്ഥത എത്രത്തോളമുണ്ടെന്ന് അവസാനം വരെയും അയാൾ മനസിലാക്കി തരുന്നു. ഒരുപക്ഷേ അയാൾ വിധിക്കു കത്തു നിൽക്കാതെ അവിടെയും സ്വന്തം ഇഷ്ടം തേടിപ്പോകുന്നു. അതൊക്കെ തന്റെ നിസ്സഹായ അവസ്ഥ ആണെന്ന് തോന്നിപ്പിക്കാൻ ആണെങ്കിൽ പോലും അങ്ങനെ വിശ്വസിക്കാൻ ഞാൻ കൂട്ടാക്കുന്നില്ല. ഒരു ആസിഡ് ആക്രമണത്തിന് പകരം ദേഹോദ്രപവും പോകുന്നിടത്തൊക്കെ ഉപദ്രവിക്കുകയും ചെയ്ത മുൻകാമുകന്റെ അതെ സ്വഭാവം ആയിരുന്നു ഗോവിന്ദിനും. അതുകൊണ്ട് തന്നെ അയാളുടെ പ്രവർത്തികളെ ഒരിക്കലും ന്യായീകരിക്കാനോ പൊസസ്സീവ്ന്സ് എന്ന് എഴുതി തള്ളാനോ ആകില്ല. ഒരിക്കലെങ്കിലും ഇതേ സ്വഭാവക്കാർ ഈ സിനിമ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com