സിനിമയിൽ ചൂഷണമില്ല; സ്വയം തയാറായാൽ എന്തും സംഭവിക്കാം: ശ്രീനിവാസൻ

sreenivasan-new
ശ്രീനിവാസൻ
SHARE

മലയാള സിനിമയിൽ ചൂഷണമില്ലെന്ന അവകാശവാദവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. മലയാള സിനിമയിൽ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ലെന്ന് മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. 'സ്വയം തയാറായാൽ എന്തും സംഭവിക്കാം,' എന്നായിരുന്നു സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസൻ പ്രതികരിച്ചത്.

"തൊഴിൽരംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയിൽ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ല. സ്വയം തയാറായാൽ എന്തും സംഭവിക്കാം. അല്ലാതെ ഒരു ചൂഷണവുമില്ല," ശ്രീനിവാസൻ പറഞ്ഞു. 

താരമൂല്യമാണ് വേതനം നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീനിവാസൻ, നയൻതാരയ്ക്ക് ലഭിക്കുന്ന പ്രതിഫലം പല നടന്മാർക്കും ലഭിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. "താരമൂല്യം അനുസരിച്ചാണ് വേതനം നിശ്ചയിക്കപ്പെടുന്നത്. താരമൂല്യം തീരുമാനിക്കുന്നത് അഭിനയിക്കുന്നവരല്ല. ജനങ്ങളുടെ ഇടയിൽ അവർക്കുള്ള മാർക്കറ്റ് വാല്യു ആണ് അത് തീരുമാനിക്കുന്നത്. ഒരു നടൻ അഭിനയിച്ചാൽ ഇത്രയും രൂപ സാറ്റലൈറ്റ് ലഭിക്കും. അല്ലെങ്കിൽ ഡിസ്ട്രിബ്യൂഷൻ ലഭിക്കും. അത് അയാൾ ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയിട്ടുള്ള മാർക്കറ്റ് വാല്യു ആണ്. അയാൾ അഭിനയിക്കുമ്പോൾ അത്രയും പ്രേക്ഷകർ അയാൾക്കുവേണ്ടി സിനിമ കാണാൻ വരുന്നു. അങ്ങനെയൊരു നടി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആ നടിക്കും മാർക്കറ്റ് വാല്യു ഉണ്ടാവും. നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് വിളിക്കുന്നത്. അത്രയും തുക പ്രതിഫലം ലഭിക്കുന്ന എത്ര നടന്മാർ ഇവിടെയുണ്ട്? അപ്പോൾ എവിടെയാണ് തുല്യത? അതിനെതിരായി ആണുങ്ങൾ പ്രത്യേകമായൊരു സംഘടന ഉണ്ടാക്കണ്ടേ?," ശ്രീനിവാസൻ ചോദിച്ചു.  

"ഞാൻ ഏതെങ്കിലും സംഘടന ഇല്ലാതാക്കാൻ വേണ്ടിയല്ല സംസാരിക്കുന്നത്. സത്യങ്ങളാണ് പറയുന്നത്. ചില സത്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. പറഞ്ഞാൽ അതു കൂടിപ്പോകും," ശ്രീനിവാസൻ അഭിമുഖത്തിൽ വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA