25 കോടിയുടെ ബിഗ് ബ്രദർ; മോഹൻലാലിന് മൂന്ന് നായികമാർ

big-brother-mohanlal
അർബാസ് ഖാൻ, സർജാനോ ഖാലിദ്, സത്ന ടൈറ്റസ്, റജീന, അനൂപ് മേനോൻ, മോഹൻലാൽ, സിദ്ദിഖ്
SHARE

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബിഗ് ബ്രദര്‍. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. മൂന്ന് നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തെക്കുറിച്ച് സിദ്ദിഖിന്റെ വാക്കുകൾ:

‘രണ്ട് മൂന്ന് വർഷം മുമ്പ് മനസ്സിൽ കടന്നുകൂടിയ പ്രമേയമാണ് ബിഗ് ബ്രദറിന്റേത്. ചെറിയ താരങ്ങളെ വച്ചായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ കഥ വികസിച്ചുവന്നതോടെ ഈ കഥാപാത്രത്തെ അവർക്ക് താങ്ങാനാകുമോ എന്ന സംശയം ഉണ്ടായി. അതിൽ നിന്നാണ് ഈ ചിത്രം മോഹൻലാലിലേയ്ക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രമേയം പറഞ്ഞപ്പോഴേ ലാൽ സമ്മതം മൂളുകയായിരുന്നു.

ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എസ് ടാക്കീസും എന്റെ രണ്ട് സുഹൃത്തുക്കളായ ഷാജിയും മനുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏകദേശം 25 കോടി രൂപ ചിത്രത്തിന് ചിലവ് പ്രതീക്ഷിക്കുന്നു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.’

മോഹൻലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാൻ, തെന്നിന്ത്യൻ നടി റജീന, സത്ന ടൈറ്റസ്, ജനാർദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം  സർജാനോ ഖാലിദ് തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയുടെ കഥ നടക്കുന്നത് ബംഗളൂരുവിലാണ്. ബംഗളൂരുവാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. ജൂലൈയിൽ മോഹൻലാൽ ജോയിൻ ചെയ്യും. സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്.

മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദർ. 1992–ൽ റിലീസ് ചെയ്ത സിദ്ദിഖ്- ലാൽ ചിത്രമായ വിയറ്റ്നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം. സിദ്ദിഖ് സ്വതന്ത്രസംവിധായകനായതിനു ശേഷം ഒരുക്കിയ ലേഡീ‌സ് ആൻഡ് ജെന്റിൽമാൻ ആണ് രണ്ടാമത്തെ ചിത്രം. 

ജയസൂര്യ നായകനായ ഫുക്രിക്ക് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന മലയാളചിത്രം കൂടിയാണ് ബിഗ് ബ്രദർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യുടെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ഇട്ടിമാണിയുടെ പൂജയും ബിഗ് ബ്രദറിന്റെ പൂജയും നടന്നത് ഒരേ ദിവസമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA