ADVERTISEMENT

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മാമാങ്കം എത്തുന്നത്. പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലേത്. മൂന്ന് ഷെഡ്യൂളുകൾ പൂർത്തിയാക്കിയ സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രത്തിലെ യുദ്ധ രംഗം ചിത്രീകരിക്കുന്നതിനായി 20 ഏക്കറിലാണ് വമ്പൻ സെറ്റ് നിർമിച്ചിരിക്കുന്നത്. അവസാന ഷെഡ്യൂൾ ചിത്രീകരണത്തില്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.

നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിനു ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്. പത്തുകോടി രൂപയാണ് ഇതിനു മാത്രമായി മുടക്ക്.

ലൂസിഫര്‍ സിനിമയുടെ സെറ്റ് ഒരുക്കിയ ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസാണ് മാമാങ്കത്തിന്റെയും പിന്നിൽ. കണ്ണൂര്‍, അതിരപ്പിള്ളി, വാഗമണ്‍, ഒറ്റപ്പാലം വരിക്കാശേരിമന, കളമശേരി വനമേഖല എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞാണ് നെട്ടൂരില്‍ അവസാന ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്നത്.

മാമാങ്ക പടയ്ക്കുവേണ്ടി ആയുധങ്ങള്‍ നിര്‍മിക്കാന്‍ ആയുധ നിര്‍മാണശാലയും ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നു. 40 ദിവസത്തോളം ചിത്രീകരണമുണ്ടാകും. രാത്രികാല രംഗങ്ങളാണ് പൂര്‍ണമായും ചിത്രീകരിക്കുക. 17-ാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുമ്പോള്‍ ഫ്രഞ്ച്, അറബ്, ചൈനീസ് നടന്മാരും ക്യാമറയ്ക്കു മുന്നിലെത്തും.

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹത്തെ സംവിധാനസ്ഥാനത്തു നിന്ന് ഒഴിവാക്കുകയായിരുന്നു.

12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് നടക്കാറുള്ള മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചന്ദ്രോത് പണിക്കർ എന്ന വേഷമാണ് ഉണ്ണി കൈകാര്യം ചെയ്യുന്നത്.

കനിഹ, അനു സിത്താര എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. തരുൻ രാജ് അറോറ, പ്രാചി തെഹ്‌ലൻ, സുദേവ് നായർ, സിദ്ദിഖ്, അബു സലിം, സുധീർ സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com