ADVERTISEMENT

അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചത് അച്ഛനാണെങ്കിലും അർജുൻ അശോകൻ സിനിമയിൽ തിരഞ്ഞെടുത്തത് വേറിട്ട വഴിയാണ്. അതുകൊണ്ടാണ് ഹരിശ്രീ അശോകൻ സിനിമയിലൂടെ നമ്മെ കുടുകുടെ ചിരിപ്പിച്ചപ്പോൾ മകൻ അർജുൻ മികവുറ്റ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ‘വെറുപ്പി’ച്ചത്. ഇവനാരെടാ ഈ മിടുക്കൻ വില്ലനെന്ന് പ്രേക്ഷകരെക്കൊണ്ടു ചോദിപ്പിക്കുമ്പോഴും പക്ഷേ, അച്ഛൻ പകർന്ന സിനിമാ പാഠങ്ങൾ ഈ മകൻ മറക്കുന്നുമില്ല.

 

പറവ, ജൂൺ, ബിടെക്, വരത്തൻ...നിശബ്ദം കയറിവരികയാണല്ലോ.

 

ബഹളം കൂട്ടിയിട്ട് എന്തുകാര്യം. അതുകൊണ്ട് ചെറിയ ചെറിയ റോളുകളാണ് ആദ്യം ചെയ്തത്. അതു ശ്രദ്ധിക്കപ്പെട്ടു. വരത്തനിലെ നെഗറ്റീവ് കഥാപാത്രം ഒട്ടേറെ അഭിനന്ദനം നേടിത്തന്നു. ഇതാരാ ഈ നടനെന്നു പലരും ചോദിക്കാൻ തുടങ്ങി. എന്നിട്ടും ഞാൻ ഹരിശ്രീ അശോകന്റെ മകനാണെന്ന് ആർക്കും അങ്ങനെ മനസ്സിലായിരുന്നില്ല. ചോദിക്കുമ്പോൾ ഞാനത് പറയും. ആ അച്ഛന്റെ മകനായിട്ടു തന്നെ അറിയപ്പെടാനാണ് ആഗ്രഹം.

june-review-2

 

അച്ഛനാണോ സിനിമാ പ്രവേശത്തിനു സഹായിച്ചത്?

 

അതു പൂർണമായും ശരിയല്ല. പറവയുടെ ആലോചന നടക്കുന്ന സമയത്ത് എന്റെ കാര്യം സൗഹൃദ സംഭാഷണത്തിൽ സൗബിൻ ഷാഹിറിനോട് അച്ഛൻ പറഞ്ഞുവെന്നേയുള്ളൂ. അതേത്തുടർന്ന് സംവിധാനം എന്ന ആഗ്രഹവുമായാണ് അദ്ദേഹത്തെ ഞാൻ സമീപിച്ചത്. എന്നാൽ പറ്റിയ ഒരു വേഷമുണ്ടെന്ന് ഇങ്ങോട്ടു പറയുകയായിരുന്നു. വളരെ ചെറിയ വേഷമായിരുന്നെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മന്ദാരം ചെയ്തു. ആസിഫ് അലിയെ പരിചയപ്പെടുന്നത് അതിന്റെ സെറ്റിൽ വച്ചാണ്. അതുവഴിയാണ് ബിടെക് എന്ന ചിത്രത്തിന്റെ സംഘവുമായി അടുക്കുന്നത്. അങ്ങനെ ആ ചിത്രത്തിലും ഒരു വേഷം ചെയ്തു. തുടർന്ന് ജൂണിലെയും വരത്തനിലെയും റോളുകൾ.

 

ചെറിയ വേഷങ്ങളിൽ നിന്നുള്ള മോചനമാകുമോ ഉണ്ട എന്ന ചിത്രം?

 

ഞാൻ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നത് ഉണ്ടയിലാണ്. മമ്മൂക്കയോടൊപ്പമുള്ള ഒൻപതു പൊലീസുകാരിലൊരാളായിട്ടാണ് എന്റെ കഥാപാത്രം. അതിന്റെ ആകാംക്ഷയുണ്ട്. 

 

ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം കുറവായത് എന്തുകൊണ്ടാണ്?

 

വർഷങ്ങൾക്കു മുൻപ് ഞാൻ ആദ്യമായി ചെയ്ത ചിത്രം ഒരു പരാജയമായിരുന്നു. അന്ന് അഭിനയിക്കാൻ അറിയാത്ത ഇവനൊക്കെ വേറെ പണിയില്ലേ എന്നുവരെ ആളുകൾ ചോദിച്ചിട്ടുണ്ട്. ഒരു സിനിമ പരാജയപ്പെടുന്നത് ഒരിക്കലും ഒരാളുടെ മാത്രം കുറ്റമല്ലല്ലോ. അതുപക്ഷേ, എന്നെ മാനസികമായി തളർത്തിയിരുന്നു. കുറേനാൾ സിനിമയിൽനിന്നു വിട്ടുനിന്നു. രണ്ടാമത് സിനിമയിലേക്ക് എത്തുമ്പോൾ അതുകൊണ്ട് കഥാപാത്ര സ്വീകരണത്തിൽ കരുതൽ വേണമെന്ന് ഒരു തീരുമാനം എടുത്തു. ചെറുതാണെങ്കിലും നല്ല വേഷങ്ങൾ മാത്രം ചെയ്യുക. അതുകൊണ്ടാണ് ചിത്രങ്ങളുടെ എണ്ണം കുറഞ്ഞത്. ഒരു തുടക്കക്കാരനെന്ന നിലയ്ക്ക് ഈ തീരുമാനവും വച്ച് എത്ര മുന്നോട്ടു പോകാനാകുമെന്ന് അറിയില്ല. എങ്കിലും അതെന്റെ ആഗ്രഹം കൂടിയാണ്.

 

നടൻ മാത്രമല്ല അല്ലേ...

 

പാട്ടും നൃത്തവുമാണ് എന്നെ എപ്പോഴും പ്രചോദിപ്പിച്ചു നിർത്തുന്നത്. 5 വർഷം ഡിജെ (ഡിസ്‌ക് ജോക്കി) ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ പാട്ടു പഠിച്ചിരുന്നു. നൃത്തവും പരിശീലിച്ചിട്ടുണ്ട്. അച്ഛൻ സംവിധാനം ചെയ്ത ഇന്റർനാഷനൽ ലോക്കൽ സ്‌റ്റോറിയിൽ ഒരു പാട്ടു പാടിയിരുന്നു. അവസരം കിട്ടിയാൽ ഇനിയും സിനിമയിൽ പാടും. പക്ഷേ, അധികം സംഗതികളും രാഗവിസ്താരവുമൊന്നും പാടില്ല. അത്രേയുള്ളു.

 

ഒരു ബിസിനസുകാരൻ കൂടിയാണ്?

 

സിനിമയിൽ ഇല്ലാതിരുന്ന കാലത്ത് പാർട്ണർഷിപ്പിൽ രണ്ടൂ മൂന്നു ബിസിനസുകൾ തുടങ്ങിയിരുന്നു. അതു മുന്നോട്ടു പോകുന്നുണ്ട്. അതൊരു പാഷനല്ല, ഉപജീവനമാണ്.

 

സിനിമയിലെ പുതിയ പദ്ധതികൾ?

 

അൻവർ റഷീദിന്റെ ട്രാൻസിൽ ഒരു വേഷം ചെയ്യുന്നുണ്ട്. പിന്നെ രാജീവ് രവിയുടെ തുറമുഖത്തിലേതാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു റോൾ. അതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി. ഇതരഭാഷകളിൽനിന്ന് ഒന്നുരണ്ട് അവസരങ്ങൾ വന്നിരുന്നു. മലയാളത്തിൽ അഭിനയിച്ച് ആത്മവിശ്വാസം നേടിയിട്ടു മതി അതിർത്തി വിട്ടുള്ള കളിയെന്നാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com