ADVERTISEMENT

ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമകൾ പോലെയാണ് അദ്ദേഹത്തിന്റെ മനസ്സെന്ന് സംവിധായകൻ അരുൺ ഗോപി. ജിസ്സിനോളം നന്മ തനിക്കില്ലെന്നും സിനിമ ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തെ കണ്ടു പഠിക്കുന്നുണ്ടെന്നും അരുൺ ഗോപി പറഞ്ഞു.

അരുൺ ഗോപി–വിജയ് സൂപ്പർ നൂറാം ആഘോഷ ചടങ്ങിൽ

 

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സാനിധ്യം അറിയിച്ച സംവിധായകനാണ് അരുൺ ഗോപി. ആദ്യചിത്രം വമ്പൻ വിജയം സമ്മാനിച്ചെങ്കിലും രണ്ടാമത്തെ ചിത്രം പ്രതീക്ഷിച്ച നിലയിലേക്കുയർന്നില്ല. ഇതിനെക്കുറിച്ച് ആദ്യമായി തുറന്നു പറയുകയാണ് സംവിധായകൻ. വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ നൂറു ദിനാഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരുന്നു അരുൺ ഗോപിയുടെ നർമം കലർത്തിയുള്ള തുറന്നു പറച്ചിൽ. 

 

സുഹൃത്തും സംവിധായകനുമായ ജിസ് ജോയിയെ താനിപ്പോൾ കണ്ടു പഠിക്കുന്നുണ്ടെന്നും അദ്ദേഹത്തോളം നന്മ തന്നിലുണ്ടാകാതെ പോയതു കൊണ്ടാകാം തന്റെ ഒരു ചിത്രം പരാജയപ്പെട്ടതെന്നും അരുൺ ഗോപി പറഞ്ഞു. "ജിസ്സിന്റെ സിനിമകളിൽ നന്മ കുറച്ചു കൂടുതലാണോ എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ നന്മ നിറഞ്ഞുകവിഞ്ഞൊഴുകുന്നുണ്ടാകും. പക്ഷേ, ജിസ്സിനെ അറിയുന്നവർക്ക് അറിയാം അത് അദ്ദേഹം മനഃപൂർവം കുത്തിനിറക്കുന്നതല്ലെന്ന്. അയാളുടെ ഉള്ളിൽത്തന്നെ ഉള്ളതാണിത്. അങ്ങനെയാണ് ജിസ് സംസാരിക്കുന്നതും പെരുമാറുന്നതും. ജിസ്സിനോളം നന്മയൊന്നും എനിക്കുണ്ടാകാതെ പോയതുകൊണ്ടാകാം ഒരു പടം പൊട്ടിപ്പോയത്. അതുകൊണ്ട്, ഞാൻ ജിസ്സിനെ കണ്ടു പഠിക്കുന്നുണ്ട്," അരുൺ പുഞ്ചിരിയോടെ പറഞ്ഞു. 

 

വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രം ചെയ്ത ആസിഫ് അലിയെ അഭിനന്ദിക്കാനും അരുൺ ഗോപി മറന്നില്ല. "നിരവധി പരാജയങ്ങൾ അഭിമുഖീകരിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ആസിഫ്. തീർച്ചയായും ഈ വിജയം അദ്ദേഹം അർഹിക്കുന്നുണ്ട്," അരുൺ ഗോപി വ്യക്തമാക്കി.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com