ADVERTISEMENT

മലയാള സിനിമയിൽ ഇന്നുവരെ ഒരു നായികയും നായകനു നേരെ ഇങ്ങനെയൊരു വിരൽ ഉയർത്തിയിട്ടില്ല. അതുകൊണ്ടാണ് ഇഷ്‌കിന്റെ ക്ലൈമാക്‌സിൽ പ്രേക്ഷകൻ ഞെട്ടിയത്. അതു മാറ്റത്തിലേക്കുള്ള ചൂണ്ടുവിരലാണ്. ഇഷ്‌ക് എന്ന സിനിമ പൂർണമാകുന്നതും നായിക ഉയർത്തുന്ന ആ വിരൽത്തുമ്പിൽ തന്നെ. പ്രണയത്തിന്റെയും പരസ്പരധാരണയുടെയും കീഴ്‌വഴക്കങ്ങളെ പൊളിച്ചെഴുതുക കൂടി ചെയ്യുന്നു ഇഷ്‌കിലെ നായിക വസുധ. സദാചാര ഗുണ്ടകളുടെ തലയ്ക്കിട്ട് തന്റേടത്തോടെ കൊട്ടി അങ്ങനെ മലയാള സിനിമ മുന്നേറുകയാണ്. അത്തരം സാഹചര്യങ്ങൾ ഏതൊരു പെൺകുട്ടിയെയും വസുധയോളം തന്റേടിയാക്കണമെന്ന അഭിപ്രായം തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ച ആൻ ശീതളിനും ഉള്ളത്. വസുധയെക്കുറിച്ചും സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും ആൻ.

 

ക്ലൈമാക്‌സിൽ ചൂണ്ടുന്ന വിരൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നോ?

ann-seethal4

 

ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുമ്പോൾ പോലും അങ്ങനെയൊരു രംഗം തിരക്കഥയിലില്ല. തിരക്കഥ എങ്ങനെയാണോ അതേ ക്രമത്തിലാണ് ഇഷ്ക് ഷൂട്ട് ചെയ്തിരിക്കുന്നത്. അവസാന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇത്തരത്തിലൊരു അംഗവിക്ഷേപം വേണമെന്ന് തിരക്കഥാകൃത്ത് പറയുന്നത്. കഥാപാത്രത്തിന്റെയും സിനിമയുടെയും പൂർണതയ്ക്ക് അതു സഹായിക്കുമെന്ന് എനിക്കും തോന്നി. അതുകൊണ്ടു തന്നെ അതു ചെയ്യുമ്പോൾ ഒരു ആശങ്കയും ഇല്ലായിരുന്നു.

 

ഇഷ്‌കിലെ വസുധയും ആനും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ?

 

ഇഷ്‌കിന്റെ കഥയാണ് വസുധയെ നായികയാക്കുന്നത്. അല്ലെങ്കിൽ അവളൊരു സാധാരണ പെൺകുട്ടിയാണ്. അതിലെ സവിശേഷ സാഹചര്യത്തിലേക്ക് എത്തുമ്പോൾ എല്ലാ പെൺകുട്ടികൾക്കും വസുധയുമായി റിലേറ്റ് ചെയ്യാൻ സാധിക്കും. ഞാനുൾപ്പെടെ ഏതു പെണ്ണും ആ സാഹചര്യത്തിൽ വസുധ ചെയ്യുന്നതു പോലെ തന്നെ പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നത്. അത് അവളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണല്ലോ.

 

എസ്ര എന്ന ആദ്യ ചിത്രത്തിനു ശേഷം ഇഷ്‌കിൽ അഭിനയിക്കാൻ ഏറെ സമയമെടുത്തു?

 

ann-seethal1

എസ്രയ്ക്കു ശേഷം രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. കാളിദാസും മറ്റൊരു പേരിടാത്ത ചിത്രവും. തുടക്കക്കാരിയായതിനാൽ ഒരേ സമയം ഒരു പ്രോജക്ട് മാത്രം ചെയ്യാമെന്നു കരുതിയാണ് ആ സമയത്ത് മലയാളത്തിൽ സിനിമകൾ ചെയ്യാതിരുന്നത്. ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹർ ഈ കഥ പറഞ്ഞപ്പോൾ കഥാപാത്രത്തിന്റെ സവിശേഷതയല്ല, കഥയുടെ മുന്നോട്ടു പോക്കാണ് എന്നെ ആകർഷിച്ചത്.

 

ഷെയിനിനൊപ്പമുള്ള അഭിനയ അനുഭവം?

 

എല്ലാ ലൊക്കേഷനും പോലെയായിരുന്നില്ല ഇഷ്‌കിന്റേത്. അങ്ങനെ വലിയ കളിചിരികളൊന്നുമില്ല. മിക്കവാറും ഷൂട്ട് രാത്രിയിലായിരിക്കും. കഥാപാത്രങ്ങളുടെ മൂഡിലായിരിക്കും അഭിനേതാക്കൾ. അതു നശിപ്പിക്കേണ്ടല്ലോ എന്നു കരുതി പരസ്പരം മിണ്ടാട്ടവും കുറവായിരുന്നു. സിനിമയുടെ മൂഡ് എങ്ങനെയാണോ അതുതന്നെയായിരുന്നു ലൊക്കേഷനിലെ അന്തരീക്ഷവും. എങ്കിലും ഷെയിനിന്റെ കഥാപാത്രത്തോടു നേരിട്ടു നിൽക്കുന്ന അവസരങ്ങളിൽ വസുധ എന്ന കഥാപാത്രം കുറേക്കൂടി പരുവപ്പെട്ടിട്ടുണ്ട്.

 

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തും ചെയ്യുമോ?

 

ചെയ്യും. എന്നു വച്ചു ഞാൻ എനിക്കു നിശ്ചയിച്ചിരിക്കുന്ന ഒരു പരിധിക്കപ്പുറത്തേക്കു പോകില്ല. അതിനകത്തു നിന്ന് കഥാപാത്രം ആവശ്യപ്പെടുന്ന വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറാണ്.

 

എവിടെ വച്ചാണ് സിനിമയുമായി കണ്ടുമുട്ടിയത്?

 

പ്ലസ് ടു പഠനത്തിനു ശേഷം സ്വദേശമായ എറണാകുളത്തെ ഒരു സ്റ്റുഡിയോയിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഫൊട്ടോഗ്രഫിയോട് എനിക്ക് വല്ലാത്ത ഇഷ്ടമുണ്ട്. അതിൽ എന്തെങ്കിലും കോഴ്‌സ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. യാദൃശ്ചികമായി മുംബൈയിൽ ഒരു അഭിനയത്തിന്റെ കോഴ്‌സ് ചെയ്യാൻ തീരുമാനിച്ചു. അതു തീർന്ന സമയത്താണ് എസ്രയിൽ അവസരം കിട്ടുന്നത്. എനിക്ക് ചിത്രരചനയിൽ നല്ല താൽപര്യമുണ്ട്. അങ്ങനെയാണ് ഫൊട്ടോഗ്രഫിയോട് താൽപര്യം തോന്നിയത്. അഭിനയത്തോടൊപ്പം തന്നെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനും ആഗ്രഹമുണ്ട്. ഫൊട്ടോഗ്രഫിയെപ്പറ്റി കൂടുതൽ അറിയാൻ, അവസരം കിട്ടിയാൽ ഛായാഗ്രഹണ സഹായിയായി പ്രവർത്തിക്കണം എന്ന ഒരു മോഹമുണ്ട് ഉള്ളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com