ADVERTISEMENT

പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽക്കർ സൽമാൻ എത്തുന്നു. സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‌‌‌‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു.  താരത്തിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോ റിലീസ് ചെയ്ത് 7 വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കുറുപ്പ്’.

 

ദുൽക്കർ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മൂന്ന് ഷെഡ്യൂളുകളിൽ ചിത്രീകരണം പൂർ‍ത്തിയാക്കും. ത്രില്ലർ വിഭാഗത്തിൽപെടുന്ന സിനിമയിൽ വിവിധ ഗെറ്റപ്പുകളിൽ ദുൽക്കർ എത്തും. ജിതിൻ കെ. ജോസിന്റേതാണ് കഥ. ഡാനിയൽ സായൂജൂം കെ.എസ്. അരവിന്ദും ചേർന്നാണ് തിരക്കഥ.

 

‘ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം’. ഇതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ചിത്രത്തെക്കുറിച്ച് ശ്രീനാഥ് രാജേന്ദ്രൻ പറയുന്നു: ഓരോ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. കുറുപ്പ് എന്ന ഞങ്ങളുടെ ചിത്രം നിങ്ങൾ കാത്തിരിക്കുന്നത് പോലെ, ഞങ്ങളും കാത്തിരിക്കുക ആയിരുന്നു. ഏകദേശം അഞ്ച് വർഷത്തോളം ഉള്ള ഞങ്ങളുടെ തയാറെടുപ്പിന്റെ ദൃശ്യരൂപം നിങ്ങളിലേയ്ക്ക് എത്തിക്കാൻ. അതിനിനി അധികനാൾ കാത്തിരിക്കേണ്ട. കുറുപ്പ് തുടങ്ങുകയാണ് .... എല്ലാ കാത്തിരിപ്പുകൾക്കും അവസാനം കുറിച്ചുകൊണ്ട്. അപ്പൊ തുടങ്ങുകയല്ലേ സൈമ ? ഇതിനൊപ്പം പ്രിയസുഹൃത് സാനി യാസ് ഡിസൈൻ ചെയ്ത ഫാൻ മെയ്ഡ് പോസ്റ്റർ കൂടെ നിങ്ങൾക്കായി ഷെയർ ചെയുന്നു.

 

കഴിഞ്ഞ വർഷം ജൂണിലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ദുൽക്കർ ഈ ചിത്രം അനൗൺസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ദുൽക്കർ കുറിച്ച വാക്കുകൾ: ‘അവസാനം അത് സംഭവിച്ചിരിക്കുന്നു. ആറ് വര്‍ഷത്തിന് ശേഷം എന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമൊത്ത് ഏറെ പ്രതീക്ഷയുള്ളൊരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു. സെക്കന്റ് ഷോ സിനിമയുടെ ചിത്രീകരണത്തിനിടക്ക് ഈ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് ഓര്‍മ്മ. പക്ഷേ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. 2018 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കാനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഞാൻ അതിന്റെ ത്രില്ലിലാണ്. ’

 

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതിൽ ശ്രദ്ധേയം. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്. പൃഥ്വിരാജിനെ നായകനാക്കി ദിലീഷ് നായർ സംവിധാനം ചെയ്ത ടമാർ പഠാർ എന്ന സിനിമയും ഇതേ പ്രമേയമാണ് ചർച്ച ചെയ്തത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com