ADVERTISEMENT

മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമായി ചരിത്രം കുറിച്ച് മധുരരാജ. നൂറ് കോടിയും കടന്ന് ബോക്സ്ഒാഫീസിൽ മധുരാജയുടെ തേരോട്ടം. വൈശാഖ് എന്ന സംവിധായകൻ മലയാള സിനിമാ ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി എഴുതി ചേർത്തു. വൈശാഖിന്റെ രണ്ടാമത്തെ ചിത്രമാണ് നൂറ് കോടി ക്ലബിൽ ഇടം നേടുന്നത്. പുലിമുരുകനായിരുന്നു മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നൂറുകോടി ചിത്രം. 104 കോടിയാണ് മധുരരാജ ഇതുവരെ ആഗോളതലത്തിൽ നേടിയത്. ഏപ്രിൽ 12നായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

 

ഈ വർഷം നൂറുകോടി ക്ലബിൽ ഇടംനേടുന്ന രണ്ടാമത്തെ മലയാളചിത്രമാണ് മധുരരാജ. നേരത്തെ മോഹൻലാലിന്റെ ലൂസിഫർ നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങൾക്കുള്ളിലായിരുന്നു ഈ നേട്ടം.

 

അൻപതാം ദിവസത്തോട് അടുക്കുമ്പോഴാണ് മധുരരാജ നൂറുകോടി പിന്നിടുന്നത്. ബോക്സ്ഒാഫിസിൽ ആവേശകരമായ തുടക്കം നൽകിയ ചിത്രം റംസാൻ മാസത്തേക്ക് കടന്നതോടുകൂടിയാണ് നൂറുകോടി ക്ലബിലെത്താൻ ഇത്ര വൈകിയതെന്നാണ് ലഭിക്കുന്ന സൂചന. മലയാള സിനിമയിലെ ‘വിശ്വസനീയമായ ആദ്യ നൂറുകോടി ചിത്ര’മെന്നാണ് മമ്മൂട്ടി ആരാധകർ സമൂഹമാധ്യമങ്ങളിൽ ഇൗ നേട്ടത്തെ വിശേഷിപ്പിക്കുന്നത്.

 

മമ്മൂട്ടിയുടേതായി അടുത്തകാലത്ത് ഏറ്റവും ആവേശമുയര്‍ത്തി റിലീസ് ചെയ്‍ത ചിത്രമായിരുന്നു മധുരരാജ. തിയറ്ററുകളിൽ നിന്നും ടിവി, മൊബൈൽ സ്ക്രീനുകളിലേയ്ക്ക് വഴിമാറിയിരുന്ന പ്രേക്ഷകരെ വീണ്ടും മടക്കികൊണ്ടുവരുകയാണ് മലയാളസിനിമയുടെ താരരാജക്കാന്മാര്‍. അവധിക്കാല റിലീസ് ആയി എത്തിയ ലൂസിഫറിനും മധുരരാജയ്ക്കും ഗംഭീര വരവേൽപ് ആണ് പ്രേക്ഷകര്‍ നൽകിയത്.

 

വൈശാഖ് സംവിധാനം ചെയ്ത് 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്.  ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്‌ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com