sections
MORE

‘ഇവനെ കണ്ടാൽ അറിഞ്ഞൂടെ പൊട്ടനാണെന്ന്’ തമാശ കണ്ട പ്രേക്ഷകന്റെ ഹൃദയം തൊടും കുറിപ്പ്

SHARE

തീയറ്ററുകളിൽ സൂപ്പർഹിറ്റായി ഒാടുന്ന ‘തമാശ’ കണ്ട ഒരു പ്രേക്ഷകൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ചെറുപ്പം മുതൽ അനുഭവിക്കുന്ന ബോഡി ഷെയ്മിങ് ഒരു കുട്ടിയെ എത്രമാത്രം മോശമായി ബാധിക്കുന്നതാണെന്നും ഫോട്ടോ കണ്ട് ആളുകളെ വിലയിരുത്തുന്ന സ്വഭാവം എത്ര മോശമാണെന്നും ഇദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.

ബബീറ്റോ തിമോത്തി എന്ന പ്രേക്ഷകൻ എഴുതിയ ആ കുറിപ്പ് ഇങ്ങനെയാണ്. 

"ഇവനെയൊക്കെ കണ്ടാൽ അറിഞ്ഞൂടെ പൊട്ടനാണെന്ന്.എല്ലാ അമ്മമാർക്കും അവരവരുടെ മക്കൾ നന്നായി പഠിക്കുന്നവരായിരിക്കും.അതുകൊണ്ട്‌ കാര്യമില്ലല്ലോ.എല്ലാവരും ഡോക്ടറും എഞ്ചിനീയറുമൊക്കെയായാൽ എങ്ങന്യാ?.കക്കൂസ്‌ കഴുകാനും തെങ്ങ്‌ കയറാനുമൊക്കെ ആള്‌ വേണ്ടേ"

 

11 വയസ്സുകാരന്റെ അമ്മയ്ക്ക്‌ അതൊരു ഷോക്ക്‌ ട്രീറ്റ്‌മന്റ്‌ പോലെയായിരുന്നു.അത്‌ വരെ ക്ലാസ്സിൽ ടോപ്പറായിരുന്ന മകൻ.ആ അധ്യായനവർഷം നടന്ന കണക്ക്‌ പരീക്ഷയിൽ മാർക്ക്‌ നന്നേ കുറവാണ്‌…കഷ്ടിച്ച്‌ ജയിച്ചിട്ടുണ്ടെന്ന് മാത്രം.എന്താ സംഭവിച്ചതെന്നറിയാൻ സ്കൂളിൽ പോയതാ.കണക്ക്‌ ടീച്ചർ പറഞ്ഞ വാക്കുകൾ അവരെ വേദനിപ്പിച്ചു.അവരത്‌ മോനോട്‌ പറഞ്ഞപ്പോൾ അവനും വേദനിച്ചു.സുഹൃത്തുക്കളോടൊന്നും പറഞ്ഞില്ല.പറയാൻ തോന്നിയില്ല.ഓന്റെ പല്ല്‌ മുന്നിലോട്ട്‌ ഉന്തിയിട്ടായിരുന്നു.ഒരിക്കലും മെരുങ്ങാത്ത കട്ടിയുള്ള മുടിയായിരുന്നു.ലോ ഐ ക്യൂ ആണെന്ന് തെളിയിക്കാൻ വേറെ എന്ത്‌ വേണം.

Vinay Forrt Thamaasha
The teaser, like the song, offers a peek into some brilliant performances.

 

കോന്ത്രമ്പല്ലൻ,ഷട്ടർ പല്ലൻ മുതലായ വിളികളൊക്കെ ചെറുപ്പം മുതലേ കേൾക്കുന്നതാണ്‌…പല്ലിനെ ആനക്കൊമ്പിനോട്‌ വരെ ഉപമിച്ചിട്ടുള്ള തമാശകൾ.ടീനേജിലേക്ക്‌ കടന്നപ്പോൾ കളിയാക്കലുകളുടെ ഇന്റൻസിറ്റിയും കൂടി.പൊതുവേ ആളുകൾ ബ്യൂട്ടി കോൺഷ്യസാവുന്ന പ്രായമാണല്ലോ.ഓനൊരു കൂസലുമുണ്ടായിരുന്നില്ല.പക്ഷേ സമപ്രായക്കാരായ പെൺകുട്ടികളും കളിയാക്കലേറ്റെടുത്തപ്പോൾ ഓന്റെ ഹെട്രോ സെക്ഷൽ മെയിൽ ഈഗോയ്ക്ക്‌ ക്ഷതമേറ്റു.

ജീനിലൂടെ ഉന്തിയ പല്ല് സമ്മാനിച്ച അമ്മയുടെ ഫാമിലി ട്രീയെ വീട്ടിൽ വന്ന് കുറ്റം പറഞ്ഞു.അല്ലാതെ ഇപ്പൊ എന്ത്‌ ചെയ്യാനാണ്‌…17 ആം വയസ്സിൽ ഒരു ഓർത്തോഡോൻഡിസ്റ്റ്‌ കൈ വെച്ചതിന്‌ ശേഷമാണ്‌ ഓൻ പല്ല് കാണിച്ച്‌ ചിരിക്കാൻ തുടങ്ങിയത്‌ തന്നെ.കഥയൊന്നുമല്ല.ഓൻ ഞാനായിരുന്നു :-)

 

ബോഡി ഷേമിങ്ങിന്റെ റിസീവിംഗ്‌ എൻഡിൽ നിന്നിട്ടുള്ളവർക്കേ അതിന്റെ വേദന മനസ്സിലാകൂ.പലരുടെയും തമാശകൾ നമുക്ക്‌ തമാശകളായി തോന്നാത്ത അവസ്ഥ.നമ്മളനുഭവിക്കാത്തതൊക്കെ നമുക്ക്‌ കഥകൾ മാത്രമാണല്ലോ.എന്നാൽ ആ പ്രായത്തിൽ ഇതേ ബോഡി ഷേമിങ്ങിന്‌ ഞാൻ കുട പിടിച്ചിട്ടുമുണ്ട്‌ എന്നത്‌ വേറെ കാര്യം.

 

ഒരിക്കൽ ക്ലാസ്സിൽ നിന്ന് ഒരു പയ്യനെ ചോദിച്ചിട്ട്‌ ഉത്തരം പറയാത്തതിന്‌,മാഷ്‌ ക്ലാസ്സിൽ നിന്ന് പുറത്താക്കി വരാന്തയിൽ നിറുത്തി.ടൂഷ്യൻ ക്ലാസ്സാണ്‌ സന്ധ്യയായിട്ടുണ്ട്‌. "ഇരുട്ടത്തോട്ട്‌ നിറുത്തിയാൽ ഇവനെ കാണാനും പറ്റത്തില്ലല്ലോ"എന്ന മാഷിന്റെ കമന്റ്‌ കേട്ട്‌ തല തല്ലി ചിരിച്ചിട്ടുണ്ട്‌.സുഹൃത്തുക്കൾക്കിടയിൽ അത്‌ വീണ്ടും പറഞ്ഞ്‌ ചിരിച്ചിട്ടുണ്ട്‌.ചെയ്യരുതായിരുന്നു.ഇന്ന് കുറ്റബോധമുണ്ട്‌.തൊലി നിറത്തിന്റെ പേരിൽ കളിയാക്കപ്പെട്ട അവന്റെ മാനസ്സികാവസ്ഥ എനിക്ക്‌ മനസ്സിലാവില്ല.നമ്മളനുഭവിക്കാത്തതൊക്കെ നമുക്ക്‌ കഥകൾ മാത്രമാണല്ലോ.തമാശ എന്ന സിനിമ ഇന്നലെ കണ്ടത്‌ മുതൽ ഉള്ളിലിതിങ്ങനെ ഉരുണ്ട്‌ കൂടുകയാണ്. കഷണ്ടിയുള്ള ശ്രീനിവാസൻ എന്ന കോളേജ്‌ പ്രൊഫസ്സറുടെയും തടിച്ച ശരീര പ്രകൃതിയുള്ള ചിന്നുവിന്റെയും കഥയാണ്‌ തമാശ.മനസ്സ്‌ നിറയ്ക്കുന്ന ഒരു സിനിമ.

 

ബോഡി ഷേമിംഗ്‌ എത്ര മാത്രം ക്രൂരമാണെന്ന് നമ്മൾ ഇനിയും തിരിച്ചറിയാത്തത്‌ എന്ത്‌ കഷ്ടമാണ്‌…

സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർക്കറിയാം അതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന്.സെലിബ്രിറ്റീസിന്റെ ഫോട്ടോയ്ക്കടിയിൽ,ഓൺലൈൻ മഞ്ഞ വാർത്തകൾക്കടിയിൽ നമ്മൾ നമ്മുടെ തനി സ്വരൂപം കാണിക്കുന്നു.കറുത്ത തൊലി നിറമുള്ളവരെ,തടിച്ച ശരീര പ്രകൃതിയുള്ളവരെ വാക്കുകൾ കൊണ്ട്‌ കൊല്ലാതെ കൊല്ലുന്ന പരിപാടി നമ്മൾ എത്ര നാളായി തുടരുന്നു.

 

"ഇവൾക്ക്‌/ഇവന്‌ ഇതിലും നല്ലത്‌ കിട്ടുമായിരുന്നല്ലോ" എന്ന് ഫോട്ടോ മാത്രം കണ്ട്‌ ആളുകളെ ജഡ്ജ്‌ ചെയ്യുന്ന സ്വഭാവവും നമുക്കിടയിൽ തന്നെ ഇല്ലേ?

മാറേണ്ടതാണ്‌… തിരുത്തപ്പെടേണ്ടതാണ്‌…പണ്ട്‌ ബോഡി ഷെയ്മിംഗ്‌ ചെയ്തിരുന്നു എന്നതോർത്ത്‌ വിഷമിക്കണ്ട.ഓരോ ദിവസവും സ്വയം തിരുത്താനുള്ള അവസരങ്ങളാൽ സമ്പന്നമാണെന്ന് ഓർത്താൽ മതി.പണ്ട്‌ ബോഡി ഷെയ്മിംഗ്‌ ചെയ്തിരുന്നത്‌ ഇനിയും ചെയ്യാനുള്ള ലൈസൻസായും എടുക്കരുത്‌,മഹാബോറാണത്‌,ക്രൂരമാണത്‌.തടിച്ചവരുടെയും,കറുത്ത തൊലി നിറമുള്ളവരുടെയും,മുടി നരച്ചവരുടെയും,പല്ലുന്തിയവരുടെയും,വയറു ചാടിയവരുടെയും,കഷണ്ടിയുള്ളവരുടെയും കൂടിയാണീ ലോകം. ചിന്നുവിനെ പോലെ കേക്ക്‌ തിന്ന്,ശ്രീനി മാഷിനെ പോലെ മസാല ചായ കുടിച്ച്‌ പ്രണയിച്ച്‌ തമാശ പറഞ്ഞ്‌ ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും ആഘോഷിച്ചുമെല്ലാം ജീവിക്കാനുള്ളതാണിവിടം.അത്രയ്ക്ക്‌ മനോഹരമായൊരിടത്ത്‌ ബോഡി ഷെയ്മിങ്ങുകാരുടെ സ്ഥാനം ചപ്പ്‌ ചവറുകൾക്കൊപ്പം മാത്രമാണ്‌…തമാശ വെറുമൊരു തമാശയല്ല! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA