ADVERTISEMENT

രജനീകാന്ത് ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബിൽ ഡ്യൂക്ക്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ സിനിമയിൽ തനിക്കും ഒരുവേഷം നൽകണമെന്ന അഭ്യർഥനയുമായാണ് താരം എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു താരം മുരുഗദോസിനോട് അഭ്യർഥന നടത്തിയത്.

 

‘എ.ആര്‍. മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാതാരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു?'- ബില്‍ ഡ്യൂക്ക് ചോദിച്ചു.

Predator Bill Duke Scene

 

ബില്‍ ട്യൂക്കിന്റെ ട്വീറ്റ് കണ്ട് മുരുഗദോസും അമ്പരുന്നു. 'സര്‍, ഇത് താങ്കള്‍ തന്നെയാണോ' എന്നായിരുന്നു ട്വീറ്റിന് മുരുഗദോസിന്റെ മറുപടി. ട്വിറ്റർ ആരെങ്കിലും ഹാക്ക് ചെയ്ത് പണി ഒപ്പിച്ചതാണോ എന്നായിരുന്നു സംവിധായകന്റെ സംശയം. എന്നാൽ ഇതു തന്റെ യഥാർഥ അക്കൗണ്ട് ആണെന്നും മുരുഗദോസിന്റെ സിനിമകളുടെ ആരാധകനാണെന്നും ബിൽ ട്വീറ്റ് ചെയ്തു. തനിക്ക് 76 വയസ്സായെന്നും നിക്കൊളാസ് കേജ് നായകനായി എത്തിയ മാൻഡിയിലാണ് അവസാനം അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അര്‍ണോള്‍ഡ് ഷ്വാർസ്നെഗര്‍ പ്രധാനവേഷത്തില്‍ എത്തിയ കമാന്റോ, പ്രെഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബില്‍ ഡ്യൂക്ക്. 

 

27  വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദർബാർ. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. 

 

സംഗീതം അനിരുദ്ധ് രവിചന്ദർ. ഛായാഗ്രഹണം സന്തോഷ് ശിവൻ. നിർമാണം ലൈക പ്രൊഡക്‌ഷൻസ്. രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്‍.ജെ. സൂര്യ വില്ലൻ കഥാപാത്രത്തിലെത്തുന്നു. നയൻതാരയാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com