sections
MORE

‘വൈറസി’ൽ നിങ്ങൾ കാണാത്ത താരങ്ങൾ; ഞെട്ടിക്കുന്ന കുറിപ്പ്

virus-stars
ഡോ: കീർത്തി, ഡോ: മനു രാജ്, ഡോ: സ്നേഹ
SHARE

നിപ്പ അതിജീവനത്തെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിലെ താരങ്ങളും യഥാർഥ ജീവിതത്തിൽ നിന്നും കടംകൊണ്ടവരാണ്. ഇപ്പോഴിതാ വൈറസ് സിനിമയിലെ പറയപ്പെടാത്ത കഥാപാത്രങ്ങളെ പരാമർശിക്കുന്ന ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. നിപ്പ കാലഘട്ടത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ സേവനമനുഷ്‌ഠിക്കുകയും എന്നാല്‍ സിനിമയില്‍ പരാമര്‍ശിക്കാതെ പോയതുമായ വ്യക്തികളെയാണ്‌ ഡോക്ടര്‍ പരിചയപ്പെടുത്തുന്നത്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ ഫിസിഷ്യനായ ഡോക്ടര്‍ ഷമീര്‍ വി.കെ.യാണ്‌ വെള്ളിത്തിരയില്‍ രേഖപ്പെടുത്താത്ത ആതുരസേവകരെക്കുറിച്ചും അവരുടെ നിസ്വാര്‍ത്ഥ സേവനത്തെക്കുറിച്ചും വെളിപ്പെടുത്തിയത്...

ഷമീര്‍ വി.കെ.യുടെ കുറിപ്പ് വായിക്കാം–

വെള്ളിത്തിരയിൽ കാണാത്ത താരങ്ങൾ

ഇത് ഡോ: കീർത്തി, ഡോ: മനു രാജ്, ഡോ: സ്നേഹ, ജൂനിയർ റെസിഡന്റ്സ്, ജനറൽ മെഡിസിൻ, കോഴിക്കോട് മെഡിക്കൽ കോളജ്. 2018 മെയ് ഒന്നു മുതൽ മുപ്പത്തൊന്നു വരെ മെഡിക്കൽ ഐ സി യുവിൽ പോസ്റ്റിങ്. ദിവസം 12 മണിക്കൂർ, രാത്രിയും പകലും മാറി മാറി ഐസിയുവിന്റെ നാലു ചുമരുകൾക്കുള്ളിൽ. അതിനിടയ്ക്ക് ഇവർക്ക് കൂട്ടായെത്തിയത് രണ്ട് യുവതികൾ. രണ്ടു പേർക്കും പനി, അബോധാവസ്ഥ, ശരീരത്തിൽ ചില പ്രത്യേക തരം അനക്കങ്ങൾ. അവരെ മരണത്തിന് വിട്ടുകൊടുക്കാൻ ഇവരുടെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു. 

കൂടെ നിന്നു പൊരുതി, ഓരോ മിനുട്ടും ഓരോ സെക്കൻഡും. മെഡിസിൻ വാർഡുകളിൽ കണ്ടു മറന്നതോ, വായിച്ചു തീർത്ത മെഡിസിൻ പുസ്തകങ്ങളിൽ കണ്ടു പരിചയിച്ചതോ ആയ രോഗമായിരുന്നില്ല, അതുകൊണ്ട് അവരോടൊപ്പം തന്നെ ജീവിച്ച് ടെസ്റ്റുകൾ ഒരോന്നായി ചെയ്തു. നട്ടെല്ലിലെ നീരെടുത്തു, രക്തമെടുത്തു, തലച്ചോറിലെ മാറ്റങ്ങൾ അറിയാൻ കണ്ണിനുള്ളിലെ ഞരമ്പുകളുടെ സങ്കോചവികാസങ്ങൾ ദിവസേന ഒഫ്താൽമോസ്കോപ്പിലൂടെ ഒപ്പി എടുത്തു. പക്ഷേ വിധി ഇവരുടെ എതിർദിശയിലേക്ക് വടം ആഞ്ഞു വലിച്ചു . രോഗിയുടെ ശരീരത്തിലേക്ക് ഊർന്ന് ഇറങ്ങാൻ മടിച്ച ഓക്സിജനായി തൊണ്ടയിലൂടെ കുഴലുകൾ ഇട്ടു, വെൻറിലേറ്ററുകൾ അവർക്കു വേണ്ടി ശ്വസിച്ചു. തോറ്റു കൊണ്ടിരിക്കുകയാണെന്ന ബോധ്യം ഉണ്ടെങ്കിലും പൊരുതി.

പക്ഷേ അനിവാര്യമായത് സംഭവിച്ചു. ഐ സി യു വിലെ സ്റ്റാഫ് അന്ത്യശുശ്രൂഷകൾ നൽകുമ്പോൾ സൈഡ് മുറിയിൽ മരവിച്ച മനസ്സുമായി ഡോ: കീർത്തി ഇരുന്നു, യുദ്ധം തോറ്റു വന്ന പട്ടാളക്കാരനെ പോലെ. താൻ പഠിച്ച ശാസ്ത്രത്തെ, അതിന്റെ പരിമിതികളെ ജീവിതത്തിൽ ഒരിക്കലെങ്കിലും കീർത്തി മനം നൊന്ത് പ്രാകി. ഇതിനിടയിലും മനസ്സിന്റെ ഏതോ ഒരു ഭാഗം വിശ്രമമില്ലാതെ ചിന്തിച്ചു കൊണ്ടിരുന്നു, ആ രണ്ട് അമ്മമാരെ, ഭാര്യമാരെ, രണ്ട് കുടുംബത്തിന്റെ നെടുംതൂണുകളെ ഇല്ലാതാക്കിയ ശത്രു ആരായിരിക്കും?

വീണ്ടും കീർത്തിയുടെ പ്രാർത്ഥനകൾ ക്രൂരമായി അവഗണിക്കപ്പെട്ടു. ഒരിക്കലും ആവരുതേ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നതെന്തോ അതു തന്നെ മണിപ്പാലിൽ നിന്നും റിസൽട്ടിന്റെ രൂപത്തിൽ വന്നു. പേരാമ്പ്രയുടെ ഏതോ കോണിൽ ഒരു കുടുംബത്തെ മുഴുവനായി ഉൻമൂലനം ചെയ്തു കൊണ്ടിരിക്കുന്ന നിപ്പ മലപ്പുറത്തെ യുവതിയിൽ എങ്ങനെ പ്രതീക്ഷിക്കും. എല്ലാ കണക്കുകൂട്ടലുകളും പിഴക്കുകയാണ്. നിപ്പയെ മാനേജ് ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം നിയമങ്ങളുണ്ടത്രേ, അവിടെ രോഗിയേക്കാൾ പരിഗണന ചികിൽസിക്കുന്നവർക്കാണത്രേ, അണുവിന് സ്വന്തം ശരീരത്തിലേക്കുള്ള പ്രവേശനം തടയലാണത്രേ. 

മൂന്ന് നാലു ദിവസത്തെ സംഭവങ്ങൾ ഒരു ഫ്ലാഷ്ബാക്ക് പോലെ കീർത്തിയുടെ മനസ്സിൽ ഓരോന്നോരോന്നായി മിന്നി മറഞ്ഞു. രോഗിയുടെ കണ്ണുകൾക്ക് മുന്നിൽ ഒരിഞ്ച് വ്യത്യാസത്തിൽ തന്റെ കണ്ണുകൾ വച്ച് പരിശോധിച്ചത്, അബോധാവസ്ഥയിൽ ശരീരം ഇളക്കി കൊണ്ടിരുന്ന അവരുടെ കശേരുക്കളുടെ ഇടയിലൂടെ സൂചി കയറ്റിയത്, തൊണ്ടയിലൂടെ കുഴലിറക്കിയത്..... ഇല്ല, ഈ നിമിഷങ്ങളിൽ ഒന്നും തങ്ങളാരും മാസ്ക് ധരിച്ചതായി ഓർത്തെടുക്കാൻ കഴിയുന്നില്ല. അങ്ങനെ ഒരു കണ്ണു കൊണ്ടായിരുന്നില്ല ആ രോഗികളെ കണ്ടു കൊണ്ടിരുന്നത്, അല്ലെങ്കിൽ നിത്യേന കാണാറ്.

നിപ്പയുടെ വാർത്തകൾ കേരളത്തെ നടുക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു. ആദ്യ രോഗിയെ ചികിത്സിച്ച നഴ്സ് മെഡിക്കൽ കോളജിൽ അഡ്മിറ്റായിരിക്കുന്നു. കീർത്തിയുടെ മനസ്സിന് ഒരു തരം മരവിപ്പ്. ഡ്യൂട്ടി കഴിഞ്ഞ് പുറത്ത് വരാന്തയിലൂടെ നടക്കുമ്പോൾ മെഡിക്കൽ കോളജ് ആകെ മാറിയിരുന്നു, ആളുകൾ ഒഴിഞ്ഞ കസേരകൾ, അങ്ങിങ്ങായി മാസ്ക് ധരിച്ചും തുണികൊണ്ട് മുഖം മറച്ചും പേടിച്ചോടുന്ന മനുഷ്യൻമാർ. മേലാകെ വേദന, ഒരു പനി വരുംപോലെ. മണിക്കൂറുകൾ നീണ്ട റിസസിറ്റേഷന്റെ ആവും. ഫോൺ എടുത്ത് വെറുതേ അമ്മയെ വിളിച്ചു. നിപ്പ വാർത്ത അവരെയും ഭയപ്പെടുത്തി കഴിഞ്ഞിരുന്നു. "ആ രോഗികളുള്ള ഭാഗത്തൊന്നും പോകല്ലേ മോളേ " ഒരമ്മയ്ക്ക് അതല്ലേ പറയാനാകൂ. "ഇല്ലമ്മാ" ഇത്രയും പറയുമ്പോഴേക്കും ശബ്ദം ഇടറിയിരുന്നു. കൂടുതൽ സംസാരിക്കുന്നതിന് മുൻപായി ഫോൺ കട്ട് ചെയ്തു. എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോയാലോ? പുറത്തുള്ള ശത്രുവിൽ നിന്നല്ലേ ഓടി രക്ഷപ്പെടാൻ പറ്റൂ, ശത്രു ശരീരത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ !!

ഒളിച്ചതുകൊണ്ട് കാര്യമില്ല. ഐ സി യു വിൽ നിന്ന് ബാക്കി രോഗികളെയൊക്കെ മാറ്റി തുടങ്ങി. രണ്ടു പേരേ ബാക്കിയുള്ളൂ. ഒന്ന് വൃക്കകൾ തകരാറിലായ വൃദ്ധൻ. തൊലിയിലുണ്ടായ അണുബാധ രക്തത്തിൽ കലർന്ന് ശരീരം മുഴുവൻ ബാധിച്ച അവസ്ഥയിൽ അഡ്മിറ്റായതാണ്. അബോധാവസ്ഥയ്ക്കു നിരവധി കാരണങ്ങൾ ഉണ്ട്. എന്നാലും പ്രോട്ടോക്കോൾ പ്രകാരം നിപ്പ പരിശോധനക്ക് അയക്കണം. സംശയിക്കുന്ന രോഗികളെ സംരക്ഷണ കവചങ്ങൾ അണിഞ്ഞേ പരിശോധിക്കാവൂ. മൂവരും പി പി ഇ കിറ്റുകൾക്കുള്ളിൽ തങ്ങളുടെ ശരീരങ്ങളും മുഖവും ഒളിപ്പിച്ചു. ഇപ്പോൾ മനസ്സിന്റെ വിങ്ങൽ ശരീരത്തിലൊട്ടാകെ വ്യാപിച്ച പോലെ. ഇത് രോഗിയിലെ അണു തനിക്ക് കിട്ടാതിരിക്കാനാണോ, തന്റെ വൈറസ് രോഗിക്ക് കിട്ടാതിരിക്കാനാണോ, സ്നേഹയുടെ ചോദ്യം. രണ്ടു ദിവസത്തിനുള്ളിൽ റിസൽട്ട് വന്നു, അയാളും നിപ്പ പോസിറ്റീവ്. ഇനിയൊരു ഞെട്ടലിനുള്ള കരുത്ത് ഇവരുടെ മനസ്സിന് ബാക്കി ഉണ്ടായിരുന്നില്ല.

അവസാന രോഗി 70 വയസ്സിൽ കൂടുതൽ പ്രായമുള്ള ഒരു അമ്മൂമ്മ. ഇരുപത്തഞ്ചോളം പ്രഷറിന്റെ ഗുളികകൾ ഒന്നിച്ച് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് അഡ്മിറ്റായതാണ്. 70 വർഷങ്ങൾ ഈ ഭൂമിയിൽ ചെലവഴിച്ച അമ്മൂമ്മക്ക് ഈ ജീവിതത്തിന്റെ സായന്തനത്തിൽ മടുക്കാൻ കാരണം എന്തായിരിക്കും. മനുഷ്യ മനസ്സിന്റെ ഓരോ വൈകൃതങ്ങൾ, കിലോമീറ്റർ അകലെ വന്ന മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ ആളുകൾ പരക്കം പായുന്നു, അപ്പോൾ ഇവിടെ ഒരാൾ അനിവാര്യമായും ലഭിക്കേണ്ടിയിരുന്ന മരണം നേരത്തേ ചോദിച്ചു വാങ്ങുന്നു. 

പക്ഷേ ഇവിടെ കീർത്തി, ഡോക്ടറാണ്. രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഇവിടെ പ്രസക്തി ഇല്ല. മരണത്തിലേയ്ക്കുള്ള വഴിയല്ല, ജീവിതത്തിലേക്കുള്ള വഴി കാണിക്കാനേ ഡോക്ടർക്കാവൂ. വീണ്ടും തങ്ങൾക്കറിയാവുന്ന എല്ലാ ചികിത്സാമാർഗ്ഗങ്ങളും ആ അമ്മൂമ്മക്കായി പുറത്തെടുത്തു. 

25 അംലോഡിപ്പിനുകൾ തകർത്തു കളഞ്ഞ രക്തസമ്മർദ്ദം പ്രതി മരുന്നുകളുടെ പ്രവർത്തനത്തിലൂടെ കുറച്ച് കുറച്ചായി രേഖപ്പെടുത്തി തുടങ്ങി. പൂർണമായും വെൻറിലേറ്ററിനെ ആശ്രയിച്ചിരുന്ന ശ്വാസകോശങ്ങൾ മെല്ലെ പ്രവർത്തിച്ചു തുടങ്ങി. അമ്മൂമ്മ മെല്ലെ കണ്ണുകൾ തുറന്നു. ലോകത്തെ വീണ്ടും കണ്ടു. പൂർണമായി ബോധം തിരിച്ചു കിട്ടിയ അമ്മൂമ്മ മക്കളേയും പേരക്കുട്ടികളേയും കണ്ടു. ജീവിതത്തിലേക്ക് തിരിച്ചു വരാൻ അമ്മൂമ്മ കൊതിക്കുന്നുണ്ടാകുമോ, അല്ലെങ്കിൽ ദുഷ്ടതകളുടേയും ഒറ്റപ്പെടുത്തലുകളുടേയും ഈ ലോകത്തേക്ക് തിരിച്ച് കൊണ്ടു പോകുന്നതിന് തന്നെ ശപിക്കുന്നുണ്ടാകുമോ? രണ്ട് ദിവസമായി അമ്മൂമ്മ സംസാരിക്കുന്നുണ്ട്, ഭക്ഷണം കഴിക്കുന്നുണ്ട്. ഈ ഭീതിയിൽ, ഏകാന്തതയിൽ ഒരു കൂട്ടായി ഒരു അമ്മൂമ്മ.

അടുത്ത ദിവസം അമ്മൂമ്മക്ക് പനി! വല്ല യൂറിൻ ഇൻഫക്ഷനോ, ശ്വാസകോശത്തിൽ ഇൻഫക്ഷനോ ആയിരിക്കും. പക്ഷേ ഇവിടെ തുടർ ചികിത്സ പ്രോട്ടോകോൾ അനുവദിക്കുന്നില്ല. റൗണ്ട്സിന് വന്ന ശ്രീജിത് സർ ഓർഡർ ഇട്ടു, ഐസൊലേഷനിലേക്ക് മാറ്റണം. നിപ്പയുമായി കോണ്ടാക്റ്റുണ്ട്, പനിയുണ്ട്, ഇത്രയും മതി, ഐസൊലേഷൻ നിർബന്ധം. കീർത്തിയുടെ കൈയിൽ പിടിച്ചൊന്നമർത്തി അമ്മൂമ്മ യാത്ര പറഞ്ഞിറങ്ങി. ജീവനോടെ . ചുണ്ടിൽ ചിരിയോടെ. 

ഐസൊലേഷൻ വാർഡിൽ അമ്മൂമ്മയ്ക്ക് പനി മൂർഛിച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. ഓരോ അവയവങ്ങളായി വീണ്ടും പണിമുടക്കി തുടങ്ങി. മണിപ്പാലിൽ നിന്നും അയച്ച നിപ്പ റിസൽട്ടിൽ അമ്മൂമ്മയുടെ പേര് ചുവപ്പ് നിറത്തിൽ പോസിറ്റീവ് എന്ന് അച്ചടിച്ച് വന്നു. അമ്മൂമ്മയെ രക്ഷിക്കാനുള്ള ഐസൊലേഷൻ റൂമിലെ ഡോക്ടർമാരുടെ ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെട്ടു തുടങ്ങി. ഒടുക്കം താടി കൂട്ടി കെട്ടിയ അമ്മൂമ്മയുടെ മുഖത്ത് ഒരു ഒളിപ്പിച്ച പുഞ്ചിരി മാത്രം ബാക്കിയായി. താൻ തീരുമാനിച്ചുറപ്പിച്ച പോലെ വിജയശ്രീലാളിതയായതിന്റേ സന്തോഷമാണോ, തന്റെ തീരുമാനങ്ങളെ തോൽപ്പിക്കാനിറങ്ങി തിരിച്ച മെഡിക്കൽ വിദഗ്ദ്ധന്മാരോടുള്ള പുച്ഛമാണോ!!

ഐ സി യു അടച്ചു പൂട്ടി.

"കീർത്തി, മനു, സ്നേഹ.. എച്ച് ഒ ഡി വിളിക്കുന്നു"

"നിങ്ങൾ കുറച്ച് ദിവസമായില്ലേ അടുപ്പിച്ച് ഐ സി യു ഡ്യൂട്ടി എടുക്കുന്നു, ഇനി കുറച്ച് ദിവസം മാറി നിന്നോളൂ, അടുത്ത നിപ്പ ഡ്യൂട്ടി ലിസ്റ്റിൽ നിന്നും നിങ്ങളെ ഒഴിവാക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് "

"താങ്ക് യൂ സർ "

"ഇതിപ്പോ നമ്മളെ ക്വാറന്റൈൻ ചെയ്തതാണോഡേയ് ''

മനു അൽപ്പം ഗൗരവമുള്ള ഒരു തമാശ പറഞ്ഞു.

(നിപ്പ കണ്ടു പിടിച്ചത് ഇവരാണെന്നോ, നിപ്പ ഉൻമൂലനം ചെയ്തത് ഇവരാണെന്നോ അർഥമില്ല. ഇവിടെ പരാമർശിക്കാത്ത നിരവധി പേർ അണിയറക്കു പിന്നിൽ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു. ഡിപ്പാർട്ട്മെന്റ് വിത്യാസമില്ലാതെ എല്ലാ ജൂനിയർ റെസിഡന്റ് , ഹൗസ് സർജൻമാരെയും ഇവർ പ്രതിനിധീകരിക്കട്ടെ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA