sections
MORE

‘ബന്ധം തകർന്നാൽ ബലാത്സംഗാരോപണം’; കങ്കണക്കെതിരെ സെറീന വഹാബ്

aditya-kangana
ആദിത്യ പഞ്ചോളിക്കൊപ്പം സെറീനയും കങ്കണയും
SHARE

നടി കങ്കണ റണൗട്ടിനെതിരെ മുതിര്‍ന്ന അഭിനേത്രി സെറീന വഹാബ്. നടനും നിർമാതാവുമായ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെയാണ് ഭർത്താവിനെ പിന്തുണച്ച് സെറീന വഹാബ് രംഗത്തെത്തിയിരിക്കുന്നത്.  

ബന്ധം തകർന്നു എന്ന് കാണുമ്പോൾ വെറുതെ ബലാത്സംഗാരോപണം നടത്തിയിട്ട് കാര്യമില്ലെന്നാണ് ഈ വിഷയത്തിൽ സറീനയുടെ പ്രതികരണം. കങ്കണ നൽകിയ പരാതി വ്യാജമാണെന്നാരോപിച്ച് പഞ്ചോളി മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്. കങ്കണയുടെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായും പഞ്ചോളി പരാതിയിൽ പറയുന്നു. 

കങ്കണയെ ശക്തമായി വിമർശിക്കുന്നതിനൊപ്പം ആദിത്യ പഞ്ചോളിയെ പിന്തുണച്ചും സംസാരിക്കുന്നുണ്ട് സെറീന. ‘എന്റെ ഭർത്താവിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ സുരക്ഷയാണ് എനിക്ക് പ്രധാനം. പഞ്ചോളി എന്നിൽ നിന്ന് ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും സെറീന വ്യക്തമാക്കി.

ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ആയിരുന്നു പഞ്ചോളിക്കെതിരെ കങ്കണ ബലാത്സംഗാരോപണം നടത്തിയത്. പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതേസമയം കങ്കണക്കും അഭിഭാഷകൻ റിസ്വാൻ സിദ്ദിഖിക്കും സഹോദരിക്കും എതിരെ ഗൂഢാലോചനാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആദിത്യ പഞ്ചോളി ആവശ്യപ്പെട്ടു.

പതിനാറാം വയസ്സില്‍ ആദിത്യ പഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയെന്നായിരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിക്കുകയും ആളുകള്‍ അടക്കംപറയുകയും ചെയ്ത ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്. പീഡനക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ലെന്നും സെറീനയുടെ പെരുമാറ്റം ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായി എന്നും കങ്കണ പറഞ്ഞിരുന്നു.

പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല. ‘എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ (സെറീന വഹാബ്) പോയി കണ്ടത് ഓര്‍ക്കുന്നു. ‘എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട്  ഇക്കാര്യം പറയാനാവില്ല.’

‘അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം’ എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പൊലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല-കങ്കണ പറയുന്നു.

ഈ സംഭവത്തിൽ നടി പരാതി നല്‍കിയെങ്കിലും പൊലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. കങ്കണയ്ക്ക് ഭ്രാന്ത് ആണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു ഈ വിഷയത്തിൽ ആദിത്യയുടെ ആദ്യ പ്രതികരണം.

അവർ നുണപറയുന്നതാണെന്നും അങ്ങനെയങ്കിൽ കങ്കണ തെളിവുമായി വരട്ടെയെന്നും ആദിത്യ പറഞ്ഞു. തന്റെ കുടുംബം മുഴുവൻ വേദനയിലാണെന്നും അവരെല്ലാം കങ്കണയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദിത്യ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA