ADVERTISEMENT

ആകാശഗംഗ എന്ന 'പ്രേതസിനിമ'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. ആകാശഗംഗയ്ക്ക് ശേഷം അതിനെ അനുകരിക്കുന്ന രീതിയിൽ പല ചിത്രങ്ങളും ഇറങ്ങിയെങ്കിലും  ആകാശഗംഗയെ വെല്ലാൻ ഒന്നിനുമായില്ല. സിനിമയുടെ രണ്ടാം ഭാഗത്തിൽ മകൻ വിഷ്ണു വിനയിനെ നായകനായി അവതരിപ്പിക്കുകയാണ് സംവിധായകൻ വിനയൻ. ജയസൂര്യ, പൃഥ്വിരാജ്, അനൂപ് മേനോൻ, കലാഭവൻമണി, രാജാമണി തുടങ്ങി ഒട്ടേറെപ്പരേ വെള്ളിത്തിരയിലേക്ക് കൂട്ടിക്കൊണ്ടുവന്ന വിനയൻ മകൻ വിഷ്ണുവിനെ താരനിരയിലേക്ക് കൊണ്ടുവരാൻ വൈകിയോ എന്നു പറയുകയാണ് മനോരമന്യൂസ് ഡോട്ട് കോമിനോട്. 

 

വിഷ്ണുവിനെ സിനിമയിൽ അവതരിപ്പിക്കാൻ കുറച്ച് വൈകിയോ?

 

aakashaganga-22

സത്യത്തിൽ വൈകിയോ എന്നെനിക്കറിയില്ല. അവൻ സ്വന്തമായ പ്രയത്നത്തിൽ സിനിമയിലെത്തട്ടെ എന്നാണ് കരുതിയിത്. സ്വന്തം മക്കളെ നമ്മൾ അവതരിപ്പിക്കുന്നതിനേക്കാൾ നല്ലത് അവർ മറ്റുള്ളവരുടെ ശിക്ഷണത്തിൽ പരിശീലിക്കുന്നതാണ്. വേറെ ഏതെങ്കിലും സംവിധായകരുടെ കീഴിൽ സിനിമകൾ ചെയ്യട്ടെ എന്നാണ് കാരുതിയത്. അങ്ങനെ സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് സിനിമകൾ ചെയ്തു. അമേരിക്കയിൽ 'എയറോസ്പേസ് എന്ന വിഷയത്തിലാണ് വിഷ്ണു ഡിഗ്രിയും പിജിയും ഒക്കെ എടുത്തത്. അന്നൊന്നും എനിക്കറിയില്ലായിരുന്നു സിനിമാമോഹം ഉണ്ടെന്ന്.

 

സിനിമയാണ് ലക്ഷ്യമെങ്കിൽ ഞാൻ സമ്മതം മൂളിയേനെ. ഇത്രയും പഠിച്ചതിന്റെ പത്തിലൊന്ന് പൈസമതിയായിരുന്നല്ലോ? (വിനയൻ ചിരിക്കുന്നു). അമേരിക്കയിൽ നിന്നും തിരിച്ചു വന്നതിനു ശേഷം സംവിധായകനാകണമെന്ന് പറഞ്ഞു. ഫഹദിനെ വച്ച് എന്തോ സ്ക്രിപ്റ്റ് കയ്യിലുണ്ടെന്നും പറഞ്ഞു. സിനിമയിൽ അഭിനയമാണ് എളുപ്പമുള്ള ജോലിയെന്ന് ഞാൻ ഒരു ഉപദേശം കൊടുത്തിരുന്നു. അതിനുശേഷമാണ് രണ്ട് പടങ്ങൾ ചെയ്യുന്നത്. പിന്നെ എല്ലാം ഒാരോരുത്തരുടേയും ഇഷ്ടമാണല്ലോ? വൈദ്യുതി വകുപ്പിലെ ജോലി ഉപേക്ഷിച്ച് സിനിമയിൽ വന്നയാളാണ് ഞാൻ.

aakashaganga-2-heroine1

 

ഇൗ സിനിമയിൽ എല്ലാംപുതുമുഖങ്ങളാണ്. 20 വർഷം മുമ്പാണ് ആകാശഗംഗ ഇറങ്ങുന്നത്. ഇതിലെ നായിക ദിവ്യാഉണ്ണിയുടെ മകളായാണ് എത്തുന്നത്. നായികയെക്കൂടാതെ ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ് എന്നീ നടന്മാരെയും തീരുമാനിച്ചിരുന്നു. നായകനാകാൻ ആളെ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണു എന്നോട് അവനെ ആ വേഷത്തിൽ വയ്ക്കാമോ എന്ന് ചോദിക്കുന്നത്. ചിത്രം വിഷ്ണുവിനും ബ്രേക്കാവുമെന്ന് കരുതുന്നു.

 

അവതരിപ്പിച്ച നടന്മാരിൽ കൂടുതൽ അദ്ഭുതം ജനിപ്പിച്ചതാരെല്ലാം?

 

ജയസൂര്യയുടെ മാറ്റം വളരെ അദ്ഭുതപ്പെടുത്തുന്നതാണ്. ഇന്ന് എന്തുവേഷവും കൈകാര്യം ചെയ്യാൻ പ്രാപ്തനാണയാൾ.  പുതിയതായി നടൻ സത്യന്റെ വേഷമാണ് ജയൻ അവതരിപ്പിക്കുന്നത്. പോസ്റ്റർ അയച്ചു തന്നിട്ട് എങ്ങനെയുണ്ടെന്നു ചോദിച്ചു. ഞാൻ പറ‌‍ഞ്ഞു നന്നായിട്ടുണ്ട്, നിനക്കതിന് സാധിക്കുമെന്ന്. പൃഥ്വിരാജിനെ സിനിമയിൽ അവതരിപ്പിച്ചത് രഞ്ജിത്താണെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ തുടക്ക ചിത്രങ്ങളെല്ലാം എന്റേതായിരുന്നു. സത്യം, വെള്ളിനക്ഷത്രം തുടങ്ങിയവ.

aakashaganga-2-heroine

 

ദിലീപും സല്ലാപത്തിനു ശേഷം നായകനാകുന്നത് എന്റെ 'കല്ല്യാണസൗഗന്ധികം' എന്ന ചിത്രത്തിലാണ്. അന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. നല്ല ഫ്ലെക്സ്ബിലിറ്റി ഉണ്ട്, ഹ്യൂമറുണ്ട്, നല്ല അഭിനേതാവാണെന്ന്. കരിയറിൽ നല്ല വിജയം ഉണ്ടാവുമെന്ന്. അന്ന് ദിലീപ് പോലും കരുതിയില്ല, ഇത്ര വലിയ നടനാകുമെന്ന്. അതിനു ശേഷം ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം തുടങ്ങി എട്ടോളം പടങ്ങൾ ചെയ്തു.

 

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെയാണ് വിക്രത്തിന് നല്ല കാരക്ടർ റോളുകൾ ലഭിക്കുന്നതും അദ്ദേഹത്തെ എല്ലാരും ശ്രദ്ധിച്ചു തുടങ്ങുന്നതുമെല്ലാം. അവസാനമായി ചാലക്കുടിരക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ അവതരിപ്പിച്ച രാജാമണിയും ഇപ്പോൾ തിരക്കുള്ള നടനായി. പിന്നെ എല്ലാത്തിനും കുറച്ച് ഭാഗ്യവും കൂടി വേണം.

 

പുതിയകാലത്ത് പ്രേത പടങ്ങൾ വിജയിക്കുമോ?

 

അന്ന് ആകാശഗംഗ എടുക്കുന്ന സമയത്ത് എല്ലാവരും പ്രേതസിനിമയുടെ കാലം കഴിഞ്ഞു എന്ന് പറഞ്ഞിരുന്നു. ഭാർഗവിനിലയത്തോടെ പ്രേത പടങ്ങളുടെ കാലം അവസാനിച്ചു എന്നു പറഞ്ഞു. പക്ഷെ ആകാശഗംഗ 150 ദിവസം തീയറ്ററിൽ ഒാടി. അന്നത്തേക്കാളും സാങ്കേതിക വിദ്യകൾ മാറി. പക്ഷെ ആകാശഗംഗയുടെ രണ്ടാം ഭാഗം ഇന്നും ആളുകൾ പ്രതീക്ഷിക്കുന്നു. എംബിബിഎസ് കോളജിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രമാണിത്. ഒരു ഫുൾ ടൈം എന്റർടെയിനറാണ്. കോമഡിയും ത്രില്ലും എല്ലാം ചേർന്നതാണ്.

 

രമ്യാകൃഷ്ണൻ ഇടവേളയ്ക്ക് ശേഷം ഇൗ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരുന്നു?

 

ബാഹുബലിക്ക് ശേഷം അവർ മലയാളചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. എന്നാൽ ഇൗ ചിത്രത്തിന്റെ കഥ കേട്ടയുടെനെ സമ്മതം പറഞ്ഞു. പഴയ ആകാശഗംഗംയിലെ രാജൻ പിദേവിന്റെ മകളായാണ് രമ്യാകൃഷ്ണൻ എത്തുന്നത്. ദുർമന്ത്രവാദിനി എന്നൊക്കെ പറയാം. അതേസമയം മാന്ത്രികവിദ്യ വിശേത്ത് അഭ്യസിച്ച സ്ത്രീയുമാണ്.

 

അന്നത്തെ ആകാശഗംഗയിലുണ്ടായിരുന്ന പലരും ഇന്നില്ല, എന്ന് തിരിച്ചറിയുമ്പോൾ?

 

സുകുമാരിച്ചേച്ചി, മയൂരി, കൽപന, കലഭാവൻ മണി, കൊച്ചിൻ ഹനീഫ, ശിവജി, രാജൻ പിദേവ് തുടങ്ങിയവരൊന്നും ഇന്നില്ല. ശരിക്കും വിഷമിപ്പിക്കുന്നകാര്യമാണത്.കാലത്തിന്റെ വികൃതി എന്നേ പറയാൻ കഴിയൂ.

 

ചിത്രം എന്ന് തീയറ്ററുകളിലെത്തും?

 

ഒാണത്തിനായിരിക്കും ചിത്രമെത്തുക, സുനിൽ സുഖദ, ഹരീഷ് കണാരൻ, വിഷ്ണുഗോവിന്ദ്, ധർമജൻ, തെസ്നീഖാൻ , രാജാമണി, ശ്രീനാഥ് ഭാസി തുടങ്ങി ഒട്ടേറെപ്പേർ ഇൗ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com