ADVERTISEMENT

മലയാളസിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയാണ് ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. 'എമ്പുരാന്‍' എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാനിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

രണ്ടാം ഭാഗം ആണെങ്കിലും ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും എമ്പുരാനെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.

EMPURAAN | Lucifer 2 Press Meet

'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. 2016 കാലഘട്ടത്തിലാണ് ഈ പ്രോജക്ട് ഓൺ ആകുന്നത്. അന്നത്തെ അവസ്ഥയിൽ മലയാളസിനിമയ്ക്കു ചിന്തിക്കാവുന്ന ഏറ്റവും ഉയർന്ന ബജറ്റ്. ലാലേട്ടന്റെ സ്റ്റാർഡം തരുന്ന സ്വാധീനത്തിൽ മാത്രമായിരുന്നു അത് സാധ്യമാകൂ. ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്റെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്. ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇതിന്റെ തുടർക്കഥയും നിങ്ങൾ ഇപ്പോൾ കണ്ട കഥയ്ക്ക് മുമ്പ് സംഭവിച്ചതെന്താകും എന്നതിനെക്കുറിച്ചും മുരളിക്കും എനിക്കും ധാരണ ഉണ്ടായിരുന്നു. മലയാളസിനിമയുടെ വാണിജ്യതലങ്ങളിൽ ലൂസിഫറിലൂടെ വലിയ വളർച്ച ഉണ്ടായി.’–പൃഥ്വിരാജ് പറഞ്ഞു.

‘ലൂസിഫർ 2 ചെയ്യാം എന്ന വിശ്വാസം വന്നതിനു ശേഷമാണ് ഇതിന്റെ കഥയെക്കുറിച്ചുള്ള ചർച്ച തുടങ്ങുന്നത്. അതിന്റെ രൂപരേഖ ഞങ്ങളുടെ മനസ്സിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആന്റണി പെരുമ്പാവൂരിനെ നേരിട്ട് കണ്ടു. അതിന്റെ വെല്ലുവിളി, വലുപ്പം ഇതൊക്കെ പറഞ്ഞ് ബോധ്യമാക്കിയതിനു ശേഷമാണ് ചിത്രം ചെയ്യാം എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തുന്നത്. വരുന്ന കാലങ്ങളിൽ മലയാളസിനിമയ്ക്ക് കൂടുതൽ ബിസിനസ്സ് ഇതിലൂടെ സാധ്യമാകും എന്ന ഉറപ്പും നിർമാതാവിനുണ്ട്.’

‘സീക്വൽ എന്നു പറയുമ്പോൾ ലൂസിഫർ എന്ന സിനിമയിൽ കണ്ട തുടർക്കഥ മാത്രമായിരിക്കില്ല ഈ ചിത്രത്തിൽ കാണുക. ഇപ്പോൾ നിങ്ങൾ അറിഞ്ഞതും കണ്ടതുമായ കഥയുടെ മുമ്പ് നടന്ന കഥയും അതിന്റെ തുടർക്കഥയുമാകും രണ്ടാം ഭാഗത്തിൽ ഉണ്ടാകുക. അതിലെ കഥാപാത്രങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും ചിത്രം പറയും.’–പൃഥ്വി പറയുന്നു

‘കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് ‘എമ്പുരാൻ’. തമ്പുരാന്‍ അല്ല എമ്പുരാന്‍. തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം.’–പൃഥ്വിരാജ് വ്യക്തമാക്കി.

'ലൂസിഫര്‍ ആന്തം' എന്ന പേരില്‍ നേരത്തെ പുറത്തിറങ്ങിയ ഗാനം തുടങ്ങുന്നത് ഈ എമ്പുരാന്‍ എന്ന വാക്കിലാണ്. മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്‍കി ഉഷ ഉതുപ്പ് ആലപിച്ച എമ്പുരാനെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച വേളയിലും ആരാധകര്‍ക്ക് സംശയം ഈ വാക്കിന്‍റെ അര്‍ത്ഥം എന്തെന്നായിരുന്നു. ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരാധകർ പറയുന്നു. അതേ സമയം എംപറര്‍ ( ചക്രവര്‍ത്തി) തമ്പുരാന്‍ എന്നീ പദങ്ങളുടെ സംയോജനം കൂടിയായി ഈ വാക്ക് കാണുന്ന ആരാധകരുമുണ്ട്.

‘അടുത്ത വര്‍ഷം രണ്ടാംപകുതിയോടെ ജോലികള്‍ തുടങ്ങും. റിലീസ് ഡേറ്റ് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഷൂട്ടിങ് എവിടെയാണ്, എങ്ങനെയാണ് എന്നതിനെപ്പറ്റിയൊക്കെ ഞങ്ങള്‍ക്ക് ധാരണയുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ചിത്രീകരണത്തിന് അനുമതി വേണ്ടിവരും. ലൊക്കേഷനുകളിലേക്ക് ഒരു വലിയ യൂണിറ്റുമായി സഞ്ചരിക്കേണ്ടിവരുന്നതിന്റെ വെല്ലുവിളിയാണ് മറ്റൊരു കാര്യം. പിന്നെ, നമുക്ക് ആവശ്യമുള്ള നടീനടന്മാരുടെ സമയം. അതിനെക്കുറിച്ചൊന്നും സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൃത്യമായി ഒരു ഐഡിയ ഇല്ല.’–പൃഥ്വി പറയുന്നു.

‘ലാലേട്ടനും മറ്റ് കമ്മിറ്റ്‌മെന്റുകളുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്നൊരു വലിയ പ്രോജക്ട് അതിനുമുന്‍പ് ചെയ്യാനുണ്ട്. മുരളി തിരക്കഥയെഴുതി, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് ഞാനഭിനയിക്കുന്ന ഒരു സിനിമയും ഇതിനുമുന്‍പ് തീര്‍ക്കാനുണ്ട്. ലൂസിഫറിനെക്കാള്‍ വലിയ സിനിമയായിരിക്കും എമ്പുരാന്‍. അതിനാല്‍ത്തന്നെ ഷൂട്ടിന് മുന്‍പുള്ള ജോലികളാണ് കൂടുതല്‍. ലൂസിഫറിന്റെ കാര്യത്തില്‍ ഏറ്റവും എളുപ്പമുള്ള ഭാഗം ഷൂട്ടിങ് ആയിരുന്നു. ചിത്രീകരണത്തിന് ആറ് മാസം മുന്‍പ് നടന്ന തയാറെടുപ്പാണ് അതിനെ അത്ര എളുപ്പമാക്കിയത്. ലാലേട്ടന്റെ വീട് ആയിരിക്കും എന്റെ ഓഫീസ്. ലൂസിഫറിന്റെ സമയത്തും അങ്ങനെ ആയിരുന്നു. ലൂസിഫര്‍ പോലെതന്നെ ഒരുപാട് ലൊക്കേഷനുകളുണ്ട് ഈ സിനിമയ്ക്കും. കേരളമായിരിക്കും പ്രധാന ലൊക്കേഷന്‍.’

ലൂസിഫറിന്റെ ആദ്യ ഭാഗത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ പൃഥ്വി എമ്പുരാന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘ആരാണ് ഖുറേഷി അബ്രാം, ഖുറേഷി അബ്രാമിന് ആരാണ് സയീദ് മസൂദ് എന്നത് മുരളിക്കും എനിക്കും ലൂസിഫര്‍ ആദ്യ ഭാഗം ചെയ്യുന്നതിന് മുന്‍പ് തന്നെ അറിയാം. സയീദ് ലൂസിഫറില്‍ കണ്ടത്ര ചെറിയ കഥാപാത്രമല്ല സ്റ്റീഫന്റെയോ ഖുറേഷിയുടെയോ ജീവിതത്തില്‍. അത് മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ.’–പൃഥ്വി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com