ADVERTISEMENT

ബോളിവുഡിന്റെ യുവസൂപ്പർതാരം വിക്കി കൗശൽ വീണ്ടും അമ്പരപ്പിക്കുകയാണ്. മേഘ്ന ഗുൽസർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ ആയിരുന്ന സാം മനേക് ഷായെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിനായി അതിഗംഭീരമേക്കോവറിലാണ് വിക്കി എത്തുന്നത്. സാം ആയുള്ള തന്റെ ഗെറ്റപ്പ് സമൂഹമാധ്യമത്തിലൂടെ വിക്കി പങ്കുവച്ചു. റാസി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മേഘ്നയും വിക്കിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

‘ധീരനായ രാജ്യസ്നേഹി, സാഹസികനായ ജനറൽ, അതിലുപരി ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷൽ സാം മനേക് ഷാ.’–ഫസ്റ്റ്ലുക്ക് പങ്കുവച്ച് വിക്കി കുറിച്ചു. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഭവാനി അയ്യർ (റാസി), ശാന്തനു ശ്രീവാസ്തവ (ബദായി ഹോ) എന്നിവർ ചേർന്നാണ്. നിർമാണം റോണി സ്ക്ര്യൂവാല. 2021ൽ ചിത്രം തിയറ്ററുകളിലെത്തും. കഴിഞ്ഞ നാല് വര്‍ഷങ്ങൾകൊണ്ടാണ് വിക്കി കൗശൽ ബോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പമെത്തുന്നത്. രണ്‍ബീർ കപൂറിനൊപ്പം സഞ്ജു, സർജിക്കൽ സ്ട്രൈക്കിന്റെ കഥ പറഞ്ഞ ഉറി, ആലിയ നായികയായ റാസി എന്നിവ പ്രധാനസിനിമകളാണ്. ആക്‌ഷൻ ഡയറക്ടര്‍ ശ്യാം കൗശലിന്റെ മകനാണ് വിക്കി. ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തുന്ന ചപാക്കിന്റെ പണിപ്പുരയിലാണ് സംവിധായിക മേഘ്ന. 2021ൽ ചിത്രീകരണം ആരംഭിക്കും.

 

ആരാണ് സാം മനേക് ഷാ

vicky-kaushal

 

കരസേനയുടെ നെടുംതൂണും ചരിത്രപുരഷനുമായിരുന്ന മനേക് ഷാ 1971–ലെ ഇന്ത്യ-പാക്‌ യുദ്ധത്തില്‍ ഇന്ത്യയുടെ സര്‍വസൈനാധിപനായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ തന്ത്രശാലിയായ സൈനികനായാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌.

 

14 ദിവസം നീണ്ട യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചതോടെ മനേക്‌ ഷാ രാജ്യത്തിന്റെ വീരനായകനായി മാറുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെയും രാജ്യത്തിന്‌ നല്‌കിയ സംഭാവനകളെയും മാനിച്ച്‌ 1973ല്‍ രാജ്യം ഫീല്‍ഡ്‌ മാര്‍ഷല്‍ പദവി നൽകി മനേക് ഷായെ ആദരിച്ചു. ഇന്ത്യന്‍ കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ‘ഫീല്‍ഡ് മാര്‍ഷല്‍’ റാങ്ക് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നല്‍കപ്പെട്ട സൈനികനായിരുന്നു മനേക് ഷാ. രാജ്യത്താകെ രണ്ടു പേര്‍ക്ക്‌ മാത്രമാണ്‌ ഫീല്‍ഡ്‌ മാര്‍ഷല്‍ പദവിയുള്ളത്‌. ആദ്യ കരസേനാ മേധാവി കെ.എം. കരിയപ്പയാണ്‌ മറ്റൊരാള്‍.

 

1914 ഏപ്രില്‍ മൂന്നിന്‌ പഞ്ചാബിലെ അമൃത്സറിലാണ്‌ മനേക് ഷായുടെ ജനനം. കോളജ്‌ വിദ്യാഭ്യാസത്തിനു ശേഷം 1932ല്‍ ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ വിദ്യാര്‍ഥിയായി. 1934ല്‍ ഇന്ത്യന്‍ കരസേനയില്‍ സെക്കന്‍ഡ്‌ ലഫ്‌റ്റനന്റ്‌ ആയാണ്‌ സൈനിക ജീവിതം ആരംഭിക്കുന്നത്. ബ്രീട്ടിഷ്‌ ഭരണത്തിന്‍ കീഴിലും സ്വതന്ത്രരാനന്തര ഇന്ത്യയിലുമായി നാല്‌പതു വര്‍ഷത്തെ സൈനിക ജീവിതത്തിനിടയില്‍ അഞ്ച്‌ യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഇതില്‍ രണ്ടാം ലോക മഹായുദ്ധവും ഇന്ത്യ-പാക്‌, ഇന്ത്യ-ചൈന യുദ്ധവും ഉള്‍പ്പെടുന്നു. 1972ല്‍ രാജ്യം അദ്ദേഹത്തിന്‌ പദ്‌മവിഭൂഷണ്‍ നല്‌കി ആദരിച്ചു. 2008 ജൂണ്‍ 27 നാണ് മനേക് ഷാ വിടപറഞ്ഞത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com