ADVERTISEMENT

ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായപ്പോൾ ഹൃദയം നുറുങ്ങിയവരിൽ പ്രിയതാരം മാധവനും ഉണ്ടായിരുന്നു. എന്നാൽ, സെമിഫൈനലിലെ ഇന്ത്യയുടെ പരാജയത്തേക്കാൾ താരത്തെ ഞെട്ടിച്ചത് അക്കാര്യം നേരത്തെ തന്നെ ഒരു ചെറുപ്പക്കാരൻ പ്രവചിച്ചിരുന്നു എന്നറിഞ്ഞപ്പോഴാണ്. "ഇത് അവിശ്വസനീയം" – സെമിഫൈനലിൽ ഇന്ത്യയെ ന്യൂസിലൻഡ് പരാജയപ്പെടുത്തുമെന്ന് ജനുവരിയിൽ തന്നെ പ്രവചിച്ച ബാലാജി ഹാസന്റെ വിഡിയോ പങ്കു വച്ചുകൊണ്ട് മാധവൻ കുറിച്ചു. 

 

"അവിശ്വസനീയമാണ് ഇത്. മത്സരം നടക്കുന്നതിന് ആഴ്ചകൾക്കു മുൻപെ ഇത് റെക്കോർഡ് ചെയ്ത് സംപ്രേഷണവും നടത്തിക്കഴിഞ്ഞു. ഇതു പോലെ ഒരു സംഭവം ഇതിനു മുൻപ് കണ്ടിട്ടില്ല. ഞാനാകെ ഞെട്ടിത്തരിച്ചു പോയി," മാധവൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. താരത്തിന്റെ അഭിനന്ദനവാക്കുകൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്  യുവജ്യോതിഷി ബാലാജി ഹാസൻ മാധവന്റെ പോസ്റ്റിനു താഴെ കമന്റിട്ടത് ആരാധകർ ആഘോഷമാക്കി. ബാലാജി ആളൊരു അദ്ഭുതമാണെന്നാണ് ക്രിക്കറ്റ്–സിനിമാപ്രേമികളുടെ പക്ഷം. 

 

പ്രവാചകൻ എന്ന സിനിമയിലെ മുകേഷിന്റെ കഥാപാത്രത്തോട് സാമ്യത തോന്നും ബാലാജി ഹാസന്റെ ജീവിതം. സിനിമയിൽ മുകേഷിന്റെ കഥാപാത്രം വെറുതെ പറഞ്ഞു പോകുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. എന്നാൽ, ബാലാജി ഹാസൻ പ്രവചനം നടത്തുന്നത് വെറുതെയല്ല. ഇതിനുമുൻപ് സിനിമാതാരങ്ങളെക്കുറിച്ച് ബാലാജി നടത്തിയ പ്രവചനങ്ങൾ പലതും യാഥാർത്ഥ്യമായിട്ടുണ്ട്. നടൻ വിശാലിന്റെ വിവാഹം ഈ വർഷം നടക്കുമെന്നും എന്നാൽ വധു വരലക്ഷ്മി ആകില്ലെന്നും ബാലാജി പ്രവചിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. നടൻ ആര്യയുടെ വിവാഹം, മുരുഗദോസ്–രജനി കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമ, അമല പോളിന്റെ വിവാഹം എന്നിങ്ങനെ താരപ്രവചനങ്ങൾ നിരവധി ബാലാജി നടത്തിയിട്ടുണ്ട്. 

 

ക്രിക്കറ്റ് ലോകകപ്പ് ന്യൂസിലൻഡ് നേടുമെന്നാണ് ബാലാജി പ്രവചിച്ചിരിക്കുന്നത്. വമ്പൻ സ്കോറിലേക്ക് പോകുന്ന മത്സരമായിരിക്കില്ല ഫൈനലെന്നും മാൻ ഓഫ് ദ് സീരീസ് ആയി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ തിരഞ്ഞെടുക്കപ്പെടുമെന്നും ബാലാജി പറയുന്നു. എന്തായാലും സെലിബ്രിറ്റികളെക്കുറിച്ചുള്ള ബാലാജിയുടെ പ്രവചനങ്ങൾ സത്യമാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com