ADVERTISEMENT

സൗദി പ്രവാസി സുനീഷ് സാമുവൽ നിർമിച്ച 'ചിലപ്പോൾ പെൺകുട്ടി' നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ മാസം 19 ന് റിലീസ് ചെയ്യുന്നു. കാശ്മീർ, കേരളം പശ്ചാത്തലമാക്കി ചിത്രീകരിച്ച ചിത്രം കത്‌വയിൽ കിരാതമായ പിഡനങ്ങൾക്കൊടുവിൽ കൊല്ലപ്പെട്ട ആസിഫ ബാനു എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ വികസിക്കുന്നതാകയാൽ അധികൃതരിൽ നിന്ന് നേരിട്ട തടസങ്ങൾ വലുതായിരുന്നെന്ന് സുനീഷ് സാമുവൽ പറഞ്ഞു. ടെലിവിഷൻ രംഗത്തെ ഹിറ്റ് പാരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ പ്രസാദ് നൂറനാടിന്റെ കന്നി സംവിധാനത്തിലാണ് 'ചിലപ്പോൾ പെൺകുട്ടി' ഒരുങ്ങുന്നത്‌. 

 

പത്താം ക്ലാസിൽ പഠിയ്ക്കുന്ന രണ്ട് പെൺകുട്ടികളിലൂടെയാണ് ഈ സിനിമ കഥ പറയുന്നത്. നിയമത്തിനു മുന്നിൽ രക്ഷപ്പെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികളുടെ അന്വേഷണത്തിലൂടെ കണ്ടെത്തുന്നതാണ് പ്രമേയം. കാലത്തോട് പറയാനുള്ള ഏറ്റവും ശക്തമായ സന്ദേശമായിരിക്കും 'ചിലപ്പോൾ പെൺകുട്ടി'. ലാഭേച്ഛയില്ലാതെ സാമൂഹിക പ്രതിബന്ധതയോടെ നിർമിക്കുന്ന ഈ സിനിമ സംവിധായകയും നിർമാതാവിനും കന്നി സംരംഭമാണ്. കഥ, തിരക്കഥ, സംഭാഷണം എം.കമറുദ്ദീൻ. ശ്രീജിത്ത് ജി നായരുടെ ക്യാമറയിൽ കലോത്സവ വേദികളിലെ പ്രതിഭകളായ ആവണി പ്രസാദും, കാവ്യാ ഗണേഷും ദുബായിൽ പ്രവാസിയായ വിദ്യാർഥിനി കാസർകോട് സ്വദേശി സമ്രീനും പ്രധാന വേഷമിടുന്നു.

 

2018 ജൂലൈയിൽ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ ട്രീസർ, ഓഡിയോ ലോഞ്ചിങ് നടത്തിയെങ്കിലും അതും വിവാദത്തിലാകുകയായിരുന്നു. വന്യ മൃഗങ്ങളെ ഉപയോഗിക്കുന്നതിന്റെ പേരിൽ അനിമൽ വെൽഫെയർ ബോർഡിന്റേതായിരുന്നു ആദ്യ തടസ്സം. പിന്നീട് സെൻസർ ബോർഡ് വൈകിപ്പിച്ചത് ഏഴുമാസം. രാജ്യത്തെ നാണം കെടുത്തിയ കത്‌വ സംഭവത്തെ പുനഃസൃഷ്ടിക്കുന്നു എന്നതായിരുന്നു കാരണം. ആസിഫയോട് സാമ്യമുള്ള ആരിഫ എന്ന പേരുപോലും കഥാപാത്രത്തിന് ഉപയോഗിക്കുന്നതിൽ നിന്ന് സെൻസർ ബോർഡ് വിലക്കി. നിലവിൽ ഫാത്തിമയായാണ്‌ ഈ സിനിമയിലൂടെ പൊള്ളുന്ന യാഥാർത്യങ്ങൾ പറയുന്നത്.

 

പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയും കുറ്റവാളികൾക്ക് മതിയായ ശിക്ഷ ലഭിക്കാതിരിക്കുകയും  ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള ആവിഷ്കാരങ്ങളെ തടയിടാനുള്ള ശ്രമങ്ങൾ ഹീനമാണെന്ന് സുനീഷ് പറയുന്നു. 'ഇതൊരു രാഷ്ട്രീയ സിനിമയല്ല. ഈ ചിത്രം കണ്ടതിന് ശേഷം ഒരു പെൺകുട്ടിയും എനിക്കാരുമില്ലെന്ന് പറയരുത്; കുടുംബങ്ങൾ ഒന്നിച്ച്, പ്രത്യേകിച്ച് പെൺകുട്ടികൾ കാണേണ്ട സിനിമയാണിത്' എന്നും  സുനീഷ് പറഞ്ഞു.  സിനിമ റിലീസാകുന്ന ദിവസം പെൺകുട്ടികൾക്ക് സംരക്ഷണം വേണമെന്നും സുരക്ഷക്കായുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും ആവശ്യങ്ങൾ ഉന്നയിച്ച്  ഓരോ ജില്ലകളിലെയും പ്രധാന തിയേറ്ററുകളിൽ ഒപ്പു ശേഖരണം നടത്തി പ്രധാനമന്തി നരേന്ദ്ര മോദിക്ക് സമർപ്പിക്കും. സിനിമ റിലീസായി ആദ്യ മൂന്ന് ദിവസം പതിനേഴ് വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് ടിക്കറ്റിന്റെ  പകുതി തുക മാത്രം ഈടാക്കി കൂടുതൽ വിദ്യാർഥികളിലേക്കെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

 

താര മൂല്യത്തേക്കാൾ കാലത്തിനു നേരെ ചൂണ്ടിപ്പിടിച്ച പ്രമേയമാണ് സിനിമയെ വേറിട്ട് നിർത്തുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമയിൽ സുനിൽ സുഗദയും അരിസ്റ്റോ സുരേഷും മികച്ച വേഷത്തിലെത്തുന്നുണ്ട്. വൈക്കം വിജയ ലക്ഷ്മി ആദ്യമായി ഹിന്ദി ഗാനം ആലപിച്ചത് ഈ സിമിമയിലാണെന്ന പ്രത്യേകതയും ഉണ്ട്. അജയ് സരിഗമയാണ്‌ സംഗീതം.  ട്രൂലൈൻ പ്രൊഡക്ഷന്റെ ബാനറിൽ സുനീഷ്‌ ചുനക്കര നിർമിച്ച ഈ സിനിമ റിലീസിന് ശേഷവും പ്രതീക്ഷിക്കാവുന്ന വെല്ലുവിളികൾ മുന്നിൽ കാണുന്നുവെങ്കിലും യാഥാർഥ്യമാകുന്നതോടെ അദ്ദേഹത്തിന്റെ വലിയൊരഭിലാഷമാണ് ബിഗ് സ്‌ക്രീനിലേറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com