ADVERTISEMENT

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. അതേസമയം പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

 

ആനക്കൊമ്പ് കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്. മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്.

 

നാലു ആനക്കൊമ്പുകളുടെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസ് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെക്കരുതെന്ന വന്യജീവി സംരക്ഷണ നിയമത്തിലെ 39 (3) വകുപ്പ് പ്രകാരം മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടണമെന്നുമാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ. 

 

2012 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിലെയും മറ്റും വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഈ കേസില്‍ മതിയായ അന്വേഷണം നടത്താതിരുന്ന വനം വകുപ്പ് 2016 ജനുവരി 16ന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മോഹന്‍ലാലിന് നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. 

 

മോഹന്‍ലാല്‍ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് സമ്പാദിച്ചെന്നുള്ള വാദവും വനംവകുപ്പ് തള്ളി. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ല. കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി ആയിരുന്നെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com