ADVERTISEMENT

സ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരു പിടി മണ്ണ്  ഇന്നോ നാളെയോ കടലെടുക്കുമെന്ന ഭീതിയിൽ അശാസ്ത്രീയ കരിമണൽ ഖനനത്തിനെതിരെ നിരാഹാരസമരം തുടരുകയാണ് ആലപ്പാട് നിവാസികൾ. സമരത്തിന്റെ 260-ാം ദിവസം സമരപന്തലിലെത്തിയ കവിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയ് ആലപ്പാടിന്റെ അപകടാവസ്ഥയിലേക്ക് അധികൃതരുടേയും കോടതിയുടേയും ശ്രദ്ധ നേടാൻ ബ്ലാക്ക് സാന്‍‍ഡ് എന്ന പേരിൽ  ഡോക്യുമെന്ററി ഒരുക്കുകയാണ്. 

 

താൻ ഇവിടെ എത്തിയപ്പോൾ മാത്രമാണ് ആലപ്പാടിന്റെ അവസ്ഥ എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കിയതെന്ന് സോഹൻ റോയ് സമരപ്പന്തലിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സോഹന്‍ റോയ് പറഞ്ഞു. ഖനനം മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഖനനം നിര്‍ത്തിവെച്ച് കരഭൂമി വീണ്ടെടുക്കുന്നതിനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണമെന്നും മറൈന്‍ രംഗത്തെ വിദഗദ്ധന്‍ കൂടിയായ സോഹന്‍ റോയ് വ്യക്തമാക്കി. നഷ്ടമായ കരഭൂമി വീണ്ടെടുക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും സോഹന്‍ റോയ് പറഞ്ഞു. ഇതിനായുള്ള എല്ലാവിധ ഉദ്യമങ്ങള്‍ക്കും തന്റെ പിന്തുണ ആലപ്പാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സോഹന്‍ റോയ് ഉറപ്പു നല്‍കി.

 

രണ്ട് പൊതുസ്ഥാപനങ്ങളുടെ അശാസ്ത്രീയമായ കരിമണൽ ഖനനം ആലപ്പാടിനെ കാർന്ന് തിന്നുകയും, കര കടലെടുക്കുകയും ചെയ്തു. ഇന്ന് ഇവിടുതെതുകാർ അതീവ സുരക്ഷാ ഭീഷണിയിലാണ്.  ആലപ്പാടിന്റെ ഈ ദുരവസ്ഥയിലേക്ക് അധികൃതരുടേയും കോടതിയുടേയും ശ്രദ്ധ നേടി ഉടൻ വേണ്ട നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാക്ക് സാന്‍‍ഡ് ഒരുങ്ങുന്നത്.

 

ഡാം 999 എന്ന സാമൂഹ്യ പ്രസക്തിയുള്ള ഹോളിവുഡ് സിനിമ ഒരുക്കിയ സോഹൻ റോയ് ആണ് ആലപ്പാടിന്റെ അവസ്ഥ ചിത്രീകരിക്കുന്ന ഡോക്യുമെറി 'ബ്ലാക്ക് സാന്റ്' ഒരുക്കുന്നത്. 'ഡാംസ്' എന്ന പേരിൽ അദ്ദേഹംതന്നെ സംവിധാനം ചെയ്ത് നിരവധി പുരസ്കാരങ്ങൾ നേടിയ ഷോർട്ട് ഡോക്യുമെന്ററിയുടെ ചലചിത്ര ആവിഷ്കാരമാണ് ഡാം 999. ഈ ചിത്രവും നിരവധി അന്തർദേശീയ, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ഓസ്കാർ നോമിനേഷൻ നേടുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാർ ഡാം പ്രശ്നത്തെ ഗൗരവമായി അധികൃതരിൽ എത്തിക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. 

 

'സ്റ്റോപ്പ് മൈനിങ് ഔവർ ലൈഫ്' എന്നാണ് ഡോക്യുമെന്ററിക്കു ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ആലപ്പാട്ടുകാരുടെ  അവസ്ഥതന്നേയാണ്. ഈ ഡോക്യുമെന്ററി ലോകത്തിനുമുൻപിൽ എത്തുന്നതോടെ   ആലപ്പാടിന്റെ പ്രശ്നത്തിന് കോടതിയും അധികൃതരും ഉടൻ വേണ്ട നടപടിയെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com