sections
MORE

‘മുബൈയിൽ ദൃശ്യം മോഡൽ കൊലപാതകം’; ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരൻ

rlv-mani-3
SHARE

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന് ആവർത്തിച്ച് സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നൊരു കൊലപാതക വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്റെ ആരോപണം. മണിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ ഫലങ്ങൾ നിരത്തിയായിരുന്നു രാമകൃഷ്ണന്റെ കുറിപ്പ്.

ആർ.എൽ.വി. രാമകൃഷ്ണന്റെ കുറിപ്പ്:

മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് ഇന്ന് പത്രത്തില്‍ വന്ന ഈ വാർത്ത. ‘മുബൈയിൽ ദൃശ്യം മോഡൽ കൊലപാതകം’ എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോൾ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്ന് തോന്നുന്നു. മണി ചേട്ടന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന Cause to death ഇപ്രകാരമാണ്, " മീഥൈയിൽ ആൽക്കഹോൾ ,ക്ലോർ പൈറി ഫോസ് " എന്നീ വിഷാംശങ്ങൾ മരണത്തിന്റെ ആധിക്യം വർധിപ്പിച്ചു എന്നാണ്. അമൃത ലാബിലെ റിപ്പോർട്ടിൽ ക്ലോർ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. 

rlv-mani

മീഥൈയിൽ ആൾക്കഹോൾ ക്രമാതീതമായ അളവിൽ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം. അതു കൊണ്ട് തന്നെ ക്ലോർ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ് )മണി ചേട്ടന് നൽകിയിട്ടില്ല. മരണാനന്തരം പോസ്റ്റ്മാർട്ടം റിപ്പോർട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോർട്ടിലാണ് മീഥൈയിൽ ആൽക്കഹോളിനൊപ്പം, ക്ലോർ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ കാക്കനാട്ടെ ലാബിന്റെ റിസൽട്ടിനെ തള്ളുകയായിരുന്നു. 

rlv-mani2

ഇനി ഈ പത്രത്തിൽ വന്ന വാർത്ത നിങ്ങൾ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയാത്ത ഒരു കാര്യമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാൽ ഏത് പൊലീസ് വിചാരിച്ചാൽ സാധിക്കും. വേണ്ട എന്ന് വച്ചാൽ എഴുതി തള്ളാനും കഴിയും. മണി ചേട്ടന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പൊലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോൾ കേസ് സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേൽപറഞ്ഞ വസ്തുതകൾ സിബിഐക്ക് വ്യക്തമായ ഒരു ഉത്തരം തരാൻ കഴിയട്ടെ ജഗദീശ്വരനോട് നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നു.:

മണി ചേട്ടന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടപ്പോഴാണ് കുറേ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലായത്. ലിവർ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വർധിപ്പിച്ചത് ക്ലോർ പൈറി പോസ് , മീഥൈയ്ൽ ആൽക്കഹോൾ എന്നീ വിഷാംശങ്ങൾ ആണെന്ന ഈ റിപ്പോർട്ട് പലരുടെയും ശ്രദ്ധയിൽപെടുന്നത് ഇപ്പോഴാണ്. മണി ചേട്ടന്റെ സുഹൃത്തുക്കളിൽ ഒരാൾ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.

സമൂഹമാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ ആ സുഹൃത്തിലും ഈ വാർത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ! ഇപ്പോഴാണ് കാര്യങ്ങൾ ക്ലിയറായത് എന്ന് പറഞ്ഞു.. മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളിൽ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കൾ പോലും ഈ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കാൻ മനസ്സു കാണിച്ചില്ല. 

ഞങ്ങൾക്കൊപ്പം നിൽക്കേണ്ടവർ ഞങ്ങളെ മാറ്റിനിർത്തി. മണി ചേട്ടനുള്ളപ്പോൾ പത്ര, വാർത്താ മാധ്യമങ്ങളിൽ മുഖം കാണിക്കാൻ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാർത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരിൽ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടർ നടത്തുന്നുണ്ട്. ഒരു വാർത്താ ചാനലിൽ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാൻ അവസരം കിട്ടി. 

അയാളെ ചാനൽ ചർച്ചയിൽ ഞാൻ അപമാനിച്ചു എന്നാണ് അയാൾ പറഞ്ഞത്. അപ്പോൾ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയിൽ നിങ്ങൾ സജീവ സാനിധ്യമായിരുന്നല്ലോ?. ഒരു സഹോദരന്റെ വേർപാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ ആസ്പോൺസേർഡ് പ്രോഗ്രാമിന്റെ പുറകിൽ പ്രവർത്തിച്ചത് ആരുടെ ബുദ്ധിയാണ് ???...... 

ഇന്ന് ആ പ്രൊഡ്യൂസറെ ചാനൽപുറത്താക്കി എന്നാണ് വാർത്ത..!!!..ഇത്തരക്കാർക്കു വേണ്ടി ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ..... നിങ്ങൾ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു... ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങൾക്ക് ഒരു കുറവും ഇല്ല..... നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. ... ആ വേദന ഞങ്ങൾക്കെ ഉണ്ടാവൂ,.... കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഒന്ന് വായിച്ചു നോക്കു ..... സുഖലോലുപരായി ... നടക്കുമ്പോൾ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്ന്.,..... ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓർക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA