ADVERTISEMENT

വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ മക്കളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്.  കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാക്ക് ബോബൻ കുഞ്ചാക്കോയും പ്രേക്ഷകർക്കിടയിലെ കുട്ടിത്താരമാണ്. ഇസ്ഹാക്കിനൊപ്പമുള്ള ചാക്കോച്ചന്റെ ചിത്രങ്ങൾ ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ ഈ പേരിട്ടതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ചാക്കോച്ചൻ. ബൈബിളിൽ നിന്നാണ് ഇസ്ഹാക്കിന്റെ പേര് കണ്ടെത്തിയതെന്ന് ചാക്കോച്ചൻ പറയുന്നു. 

 

‘ബൈബിളിലെ സാറയെയും അബ്രഹാമിനെയും ഒാർമയില്ലേ? തൊണ്ണൂറാം വയസ്സിലാണ് അവർക്ക് ഇസ്ഹാക്ക് എന്ന കുഞ്ഞുണ്ടാകുന്നത്. ‍ഞങ്ങളുടെ കാര്യത്തിലും  വൈകി വന്ന കുഞ്ഞല്ലേ... അതാണ് ഇസ്ഹാക്ക് എന്ന പേരിട്ടത്. പിന്നെ, എന്റെ അപ്പന്റെ പേരും ചേർത്തു. അതിൽ എന്റെ പേരും ഉണ്ട്. അതു മൂന്നും ചേർന്നാണ്  ഇസ്ഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന പേരു പിറന്നത്.’വനിതയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചൻ ഈ വിവരം വെളിപ്പെടുത്തിയത്.

 

‘പന്ത്രണ്ടാമത്തെ ദിവസം മുതൽ പ്രിയ കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി. ഇതുവരെ തന്ന സർപ്രൈസുകളിൽ ഏറ്റവും വലുതായി ആ കാഴ്ച മാറി.  കുഞ്ഞു വന്നു കഴിഞ്ഞാൽ എങ്ങനെ നോക്കണം എന്ന കാര്യത്തിൽ പ്രിയയ്ക്ക് ആദ്യം കുറച്ചു ടെൻഷനുണ്ടായിരുന്നു

 

കുഞ്ഞിനെ സ്വന്തമായി കുളിപ്പിക്കാൻ തുടങ്ങിയ ദിവസങ്ങളിൽ പ്രിയയ്ക്ക് ആകെ പേടി. ഒടുവിൽ ഡോക്ടറെ വിളിച്ചു ചോദിച്ചു, ‘‘ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?’’

 

ഡോക്ടർ ചിരിയോടെ തിരിച്ചു ചോദിച്ചു, ‘‘ കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ടോ? പാലു കുടിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെന്തു കുഴപ്പം...’’ അതോടെ ആത്മവിശ്വാസമായി.

 

വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് പ്രിയയാണ്. കക്ഷിയുടെ ഭാഷയിൽ പറഞ്ഞാൽ ‘മത്തി മുതൽ മാണിക്യം  വരെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാനാണ്’. എന്റെ കോസ്റ്റ്യൂം സെല്ക്ട് ചെയ്യുന്നത്, തീയതികൾ ഒാർമിപ്പിക്കുന്നത് അങ്ങനെ എല്ലാം. എനിക്ക് അഭിനയിച്ചാൽ മതി.  ബാറ്റ്മിന്റൺ കളിച്ചാൽ മതി.  മൾട്ടി ടാസ്കിങ് പരിപാടിയിൽ ഞാൻ പിറകോട്ടാണ്.’

 

സുധിൽ നിന്നും ഡോ. സുരേഷ് വരെ

 

‘എംബിഎ പഠിച്ച് ഡോക്ടറായെന്നു’ പറയാം അല്ലേ? അനിയത്തിപ്രാവിലെ സുധി എംബിഎക്കു പഠിക്കുകയായിരുന്നു. ഇപ്പോൾ വൈറസിൽ ഡോ. സുരേഷ്‍ രാജനായി. ഞാൻ പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പാണു പഠിച്ചത്. അന്ന് ഡോക്ടറാകാൻ കഴിയാത്തതിൽ ചെറിയൊരു സങ്കടമുണ്ടായിരുന്നു. വൈറസിലൂടെ അതു മാറി. ആ കഥാപാത്രം നന്നായെന്നു പലരും പറഞ്ഞു. അതിനൊരു കാരണം ആ പഴയ മോഹം കൂടിയായിരുന്നു.’

 

‘സിനിമ മാറിയതിനനുസരിച്ച് ഞാനും മാറി. പക്ഷേ ഇരുപത്തി രണ്ടു വർഷം കൊണ്ട് വ്യക്തി എന്ന രീതിയിൽ മാറിയിട്ടില്ല. അന്നും ക്രിക്കറ്റാണിഷ്ടം. പക്ഷേ, ബാറ്റ്മിന്റൺ കളിക്കുന്നു. ഡാൻസ് ചെയ്യുന്നു, പഴയ സുഹൃത്തുക്കൾ ഒപ്പമുണ്ട്.’

 

‘ഞാനിപ്പോഴും ഭയങ്കര ഇമോഷനലാണ്. സിനിമയിലെ സങ്കട സീനുകൾ കണ്ടാൽ കരയും. അതുപോലെ സമൂഹത്തിലെ അനീതികൾക്കെതിരേ പ്രതികരിക്കുന്ന കഥാപാത്രങ്ങളെ കണ്ടാൽ ആവേശം കയറും. ഇതൊന്നും മാറില്ല. സിനിമ ഒരു പാടു കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് താരമെ ന്നതിനെക്കാൾ മനുഷ്യനായി നിൽക്കാൻ കഴിയുന്നത്’

 

വിളിച്ചാൽ ഫോണെടുക്കുന്ന,  കൃത്യമായി മറുപടി മെസ്സേജുകൾ അയയ്ക്കുന്ന നടൻ... ഈയൊരു മേൽവിലാസം എങ്ങനെ സൂക്ഷിക്കാൻ പറ്റുന്നു?

 

ഒരാളെ ഞാൻ ഫോൺ ചെയ്തിട്ട് എടുത്തില്ലെന്നു കരുതുക, തിരിച്ചു വിളിക്കുന്നുമില്ല. എനിക്ക് ദേഷ്യം തോന്നും. ഇതുപോലെയല്ലേ മറ്റുള്ളവർക്ക് എന്നോടും. വെറുതെ എന്തിനാ അന്യരുടെ മനസ്സിൽ നമ്മുടെ മുഖം മോശമാകുന്നത്?

 

ആരെയും ചെറുതായി കാണരുതെന്ന് ജീവിതം പഠിപ്പിച്ചു. ഇന്ന് സഹായം ചോദിച്ചു വരുന്ന ആളായിരിക്കും നാളെ നമ്മളെ സഹായിക്കാൻ ഉണ്ടാകുക. ഞാനത് അനുഭവിച്ചിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുന്ന സമയം. കുറച്ചു പൈസയുടെ ആവശ്യം വന്നു. ഒരാളുടെ അടുത്ത് ഉണ്ടെന്ന് അറിയാം. ഞാൻ  സഹായം ചോദിച്ചു. തിരിച്ചു കിട്ടില്ലെന്നു കരുതിയാകാം, അയാൾ പണം തന്നില്ല. അന്നു വിഷമം തോന്നി.

 

പിന്നെ ഞാൻ തകർച്ചയിൽ നിന്നു തിരിച്ചു വന്നു. കുറച്ചു നാൾമുമ്പ് അതേ ആൾ എന്റെടുത്ത് സാമ്പത്തികസഹായം ചോദിച്ചെത്തി. ഞാൻ കൊടുത്തു. ആപത്തിൽ സഹായിക്കാത്ത ആളെ എന്തിന് സ്വീകരിച്ചു എന്നു സംശയിക്കണ്ട. അതാണ് എന്റെ പ്രതികാരം. എന്നെ ദ്രോഹിച്ചവരുടെ മുന്നിൽ ഞാൻ ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com