ADVERTISEMENT

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളം അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ കൊച്ചിയിൽ പ്രവർത്തനങ്ങൾ സജീവമായത് അൻപോടു കൊച്ചിയുടെ നേതൃത്വത്തിലായിരുന്നു. പതിവു തെറ്റാതെ ഇത്തവണയും താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ഏകോപനവുമായി മുന്നിൽ നിന്നു. 

ദുരിതാശ്വാസത്തിന് കരുത്തേകി ഇന്ദ്രജിത്തും മക്കളും അൻപോട് കൊച്ചിക്കൊപ്പം

 

prarthana-nakshatra1

മക്കളായ പ്രാർത്ഥനയും നക്ഷത്രയും അവർക്കൊപ്പം കൂടി. കലക്‌ഷൻ സെന്ററിലെ പ്രവർത്തനങ്ങൾ പ്രാർത്ഥനയ്ക്ക് ശീലമാണെങ്കിലും ഇതാദ്യമായാണ് നക്ഷത്ര ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നത്. 

 

രാവിലെ മുതൽ അൻപോടു കൊച്ചി വളണ്ടിയർമാർക്കൊപ്പം പ്രാർത്ഥനയും നക്ഷത്രയും എത്തും. വൈകിട്ട് വരെ വിവിധ പരിപാടികളിൽ സഹായിച്ച് കലക്ഷൻ സെന്റർ പ്രവർത്തിക്കുന്ന കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇവരുണ്ടാകും. 

 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പണികൾ കുറവായിരുന്നെന്ന് പ്രാർത്ഥന പറയുന്നു. എന്തായാലും സുഹൃത്തുക്കൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് പ്രാർത്ഥനയും നക്ഷത്രയും. 

 

താരപുത്രികളുടെ പരിവേഷമില്ലാതെ കലക്‌ഷൻ സെന്ററിൽ ഓടി നടന്നു പണിയെടുക്കുന്ന പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കൾ. ഇത്തരം കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ദ്രജിത്തും പൂർണിമയും സമൂഹത്തിന് മാതൃകയാണെന്നും ആരാധകർ പറയുന്നു.

 

ഈ വർഷം ഏകദേശം മുഴുവൻ സമയവും ഇന്ദ്രജിത്തും പൂർണിമയും അൻപോടു കൊച്ചി പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. ചെന്നൈ നഗരം പ്രളയക്കെടുതി നേരിട്ട സമയത്താണ് അൻപൊടു കൊച്ചി എന്ന കൂട്ടായ്മ തുടങ്ങുന്നത്. അതിനുശേഷം, കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ടപ്പോഴും അൻപൊടു കൊച്ചി സുഹൃത്തുക്കൾ ഒത്തുചേർന്ന് ദുരിതബാധിത മേഖലയിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കാൻ ഒത്തുചേർന്നു. 

 

അവശ്യ സാധനങ്ങൾ അടങ്ങിയ ഏകദേശം മുപ്പതിലധികം ട്രക്കുകൾ ഇത്തവണ അൻപൊടു കൊച്ചിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ദുരിതബാധിത മേഖലകളിലേക്ക് അയക്കാൻ കഴിഞ്ഞിട്ടുണ്ട്. മഴപ്പെയ്ത്ത് മാറി നിൽക്കുന്ന ഈ സാഹചര്യത്തിൽ കടവന്ത്രയിലെ കലക്‌ഷന്‍ സെന്റർ താൽക്കാലികമായി നിറുത്തുകയാണെന്ന് അൻപോടു കൊച്ചി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com