ADVERTISEMENT

പ്രളയ ദുരിതത്തിൽ അച്ഛനെ നഷ്ടപ്പെട്ട മാനുഷയ്ക്ക് ജിജുവിന്റെ കാരുണ്യത്തില്‍ വീടൊരുങ്ങും. മനുഷയ്ക്ക് സ്ഥലം വാങ്ങി വീടുനിര്‍മിച്ച് നല്‍കാമെന്ന് കോഴിക്കോട് കലക്ടറേറ്റില്‍ എത്തിയ ജിജു ജേക്കബ് ജില്ലാ കലക്ടര്‍ സാംബറാവുവിന് എഴുതി നല്‍കി.

 

സംവിധായകന്‍ ജിബു ജേക്കബിന്റെ സഹോദരനാണ് ജിജു. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് ജിജു കലക്ടര്‍ക്ക് എഴുതി നല്‍കിയിരിക്കുന്നത്. സഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബിനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ജിജു കലക്ടറെ കാണാനെത്തിയത്. 

 

ദത്തെടുക്കലില്ല; മാനുഷക്ക് വീടൊരുങ്ങും ജിജുവിന്റെ കാരുണ്യത്തില്‍

 

ദത്തെടുക്കലിന് നിയമതടസമാണെങ്കിലും മനുഷയ്ക്ക് വീടൊരുങ്ങും; ജിജു ജേക്കബിന്റെ കാരുണ്യത്തിലൂടെ. വ്യാഴാഴ്ച കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മാനുഷക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്‍കി. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. ജേഷ്ഠസഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബ്, സുഹൃത്തുക്കളായ ജോജോ തോമസ് പി.ജി. അനീഷ് എന്നിവര്‍ക്കൊപ്പമാണ് ജിജു കോഴിക്കോട് കളക്ടറെ കാണാനെത്തിയത്. കണ്ണിപറമ്പ് വൃദ്ധസദനത്തില്‍ കഴിയുന്ന മാനുഷയെയും ഇവര്‍ സന്ദര്‍ശിച്ചു. 

 

മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ അച്ഛന്‍ മരിച്ച് ഒറ്റപ്പെട്ട മാനുഷയെ കുറിച്ച് ചാനല്‍ വാര്‍ത്തയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് എറണാകുളം ഞാറക്കല്‍ സ്വദേശി മൂഞ്ഞലി ജിജു ജേക്കബ് അറിഞ്ഞത്. ഒറ്റപ്പെട്ടുപോയ മാനുഷയെ കുട്ടികളില്ലാത്ത ജതീഷ് ദത്തെടുക്കാമെന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ വാടകവീട്ടില്‍ കഴിയുന്ന ജതീഷിന് കുഞ്ഞിനെ ദത്തെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞാണ് ജിജു സഹായവുമായെത്തിയത്. 

 

തന്റെ വൈപ്പിന്‍ എളങ്കുന്നപുഴയിലുള്ള വീടും സ്ഥലവും ജതീഷിന് നല്‍കാമെന്ന് പറഞ്ഞ ജിജു ഇത്തവണത്തെ പ്രളയത്തില്‍ കാരുണ്യം പകര്‍ന്നവരിലൊരാളായി. മാനുഷയെ ദത്തെടുക്കാമെന്ന് വാഗ്ദാനം ചെയ്ത ആലപ്പുഴ തുമ്പോളി സ്വദേശി ജതീഷും ഭാര്യയും ജിജുവിനൊപ്പം എത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സഹോദരങ്ങള്‍ സംരക്ഷിക്കാനുണ്ടെന്നതിനാല്‍ മാനുഷയെ നിയമപരമായി ദത്തു നല്കാനാവില്ല. ദത്തെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞ് ജതീഷും ഭാര്യയും ഏറെ നൊമ്പരത്തോടെയാണ് മടങ്ങുന്നതെന്ന് ജിജു ജേക്കബ് പറഞ്ഞു. 

 

കാറ്ററിങ് ബിസിനസ് നടത്തുകയാണ് ജിജു. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന 'ഗിവ് ആന്‍ഡ് ടേക്ക്' എന്ന സ്ഥാപനം നടത്തുന്നത് ജിബുവും ജിജുവും സുഹൃത്തുക്കളും ചേര്‍ന്നാണ് നടത്തുന്നത്.

 

മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാംപില്‍വച്ച് സര്‍ക്കസ് കലാകാരനായ രാജു കുഴഞ്ഞുവീണു മരിച്ചതോടെയാണ് മനുഷയും സഹോദരങ്ങളും ഒറ്റപ്പെട്ടത്. മനുഷയെ കുറിച്ച് മാധ്യമ വാര്‍ത്തകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ നിരവധി പേരാണ് സഹായവുമായെത്തിയത്. മനുഷയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന ജതീഷ് എന്നയാള്‍ അറിയിച്ചതോടെയാണ് വാര്‍ത്ത വൈറലായി.

 

‘ഇത് ഞാനും എന്റെ ഭാര്യയും. ഞങ്ങള്‍ക്ക് കുട്ടികളില്ല. 11 വര്‍ഷമായി വാടകവീട്ടില്‍ താമസം. ദത്ത് എടുക്കുവാന്‍ താല്‍പര്യം’ എന്നായിരുന്നു ജതീഷിന്റെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ജിജു, ജതീഷിനു വീട് നിർമിച്ചു നല്‍കുമെന്നും പറഞ്ഞതോടെ വൈറലാവുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com