ADVERTISEMENT

ഈ വർഷത്തെ ദേശീയ സിനിമാ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ കേരളത്തിന്റെ ആകാശത്ത് ആശങ്ക കനത്തു നിൽക്കുകയായിരുന്നു; നടൻ ജോജുവിന്റെയും. മികച്ച നടനുള്ള ജൂറിയുടെ പ്രത്യേക പരാമർശം നേടിയതിന്റെ അമിതാഹ്ലാദമോ ആഘോഷമോ അതുകൊണ്ട് ഉണ്ടായില്ല. കനത്ത മഴ മൂലം ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ നാട്ടിലേക്ക് എത്താനാവാതെ ഇരിക്കുമ്പോൾ കഴിഞ്ഞ വർഷം ദുരിതാശ്വാസക്യാംപിൽ കഴിഞ്ഞതിന്റെ ഓർമയുടെ നടുക്കം. ഇനിയും വീട്ടിൽ വെള്ളം കയറുമോ എന്ന പേടി. ഫോണിലൂടെ പലരും അഭിനന്ദനവുമായി വിളിക്കുമ്പോഴും എങ്ങനെയും വീട്ടിലെത്തുക എന്നു മാത്രമായിരുന്നു ജോജുവിന്റെ മനസിൽ. തിരിച്ചെത്തി വീട്ടുകാരെ സുരക്ഷിതരാക്കി നിർത്തിയ ശേഷം ജോജു നേരെ പോയത് നിലമ്പൂരിൽ പ്രളയം മൂലം കഷ്ടപ്പെടുന്നവർക്കു സാധനങ്ങളും സഹായവും എത്തിക്കാനാണ്. 

 

പുരസ്കാരം വഴിത്തിരിവാണ്, പക്ഷേ... 

 

കേരളം രണ്ടാമതൊരു പ്രളയത്തോട് മുഖാമുഖം നിൽക്കുമ്പോഴാണ് അവാർഡ് പ്രഖ്യാപനം വരുന്നത്. ആ പുരസ്കാരത്തിന്റെ വലിപ്പം എനിക്കു മനസിലാകുന്നുണ്ട്. പക്ഷേ, അതിനേക്കാൾ പ്രധാനമാണ്  ഒപ്പമുള്ളവരുടെ അതിജീവനം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ എന്റെ വീടും മുങ്ങിയിരുന്നു. 3 ദിവസമാണ് ഞങ്ങൾ ക്യാംപിൽ കഴിഞ്ഞത്. മഴ കനത്തുതുടങ്ങിയ ദിവസം ഞാൻ ദുബായിലാണ്. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ പ്രചാരണത്തിനു പോയതായിരുന്നു. വെള്ളം പൊങ്ങിത്തുടങ്ങിയതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിനാൽ ഞാൻ ബെംഗളൂരുവിൽ കുടുങ്ങി. എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്നായി. കുടുംബം വീട്ടിൽ ഒറ്റയ്ക്കാണ്. അവിടെ വെള്ളം വീണ്ടും കയറുമോ എന്ന ആശങ്കയായി. അങ്ങനെ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. 

Actor Joju George Home Flooding with Water-old video

 

ആഘോഷിക്കണോ പ്രവർത്തിക്കണോ...

 

ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കെത്താൻ ഒരു ലക്ഷം രൂപയാണ് ടാക്സിക്കു കൂലി ചോദിച്ചത്. അതിശയോക്തിയല്ല, സംഭവിച്ചതാണ്. പിന്നെ എന്റെ കാർ സുഹൃത്തിനെക്കൊണ്ട് ബെംഗളൂരുവിൽ എത്തിച്ചാണ് നാട്ടിലെത്താനായത്. ഇവിടെയെത്തിയപ്പോൾ ആഘോഷിക്കാനുള്ള ഒരു അവസരമായിരുന്നില്ല. പതിനായിരങ്ങൾ ദുരിതാശ്വാസക്യാംപിൽ കഴിയുന്നു. ഒട്ടേറെ പേർ മരിച്ചു. ഞാൻ കൂടി അംഗമായ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് വഴി അവർക്കു സഹായമെത്തിക്കാനുള്ള ശ്രമമായിരുന്നു പിന്നെ. എല്ലായിടത്തു നിന്നും സാധനങ്ങൾ സമാഹരിച്ച് വിവിധയിടങ്ങളിൽ ലോറിയിൽ എത്തിച്ചു. ഒട്ടേറെ ചെറുപ്പക്കാർ ഒപ്പം സഹായത്തിനായി കൂടി. സാധനങ്ങൾ പ്രളയ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള ലോറി ഒരാൾ സൗജന്യമായി നൽകി.  നീക്കിയിരിപ്പ് ഒന്നും ഇല്ലാത്തവർ പോലും കയ്യും മെയ്യും മറന്ന് സഹായങ്ങൾ എത്തിക്കുന്നത് വലിയ പ്രചോദനമാണ് നൽകുന്നത്. 

 

നായകനായി രണ്ടാം ചിത്രം...ജോഷിക്കൊപ്പം

 

‘പൊറിഞ്ചു മറിയം ജോസ്’ പ്രേക്ഷകർക്ക് ഒരു വലിയ സസ്പെൻസായിരിക്കും. മലയാളത്തിന്റെ ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നു വിശേഷിപ്പിക്കാവുന്ന ജോഷിയുടെ ചിത്രത്തിൽ അഭിനയിക്കാനായത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് എനിക്കിനിയും മനസിലായിട്ടില്ല. 100 രൂപ ദിവസ വേതനത്തിന് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ ആരാധനയോടെ മാത്രം മാറിനിന്നു നോക്കിയിരുന്ന ഒരാൾ. എനിക്ക് ആദ്യമായി സിനിമയിൽ ഒരു ഡയലോഗ് പറയാൻ സാധിച്ചതും ജോഷി സാറിന്റെ ഒരു ചിത്രത്തിലൂടെയാണ്; ‘സെവൻസ്’. ഇപ്പോഴിതാ പൊറിഞ്ഞു മറിയം ജോസെന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അദ്ദേഹം എന്നെ നായകനാക്കിയിരിക്കുന്നു. 

 

കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം...

 

തൃശൂരിൽ ജീവിച്ചിരുന്ന ഒരു യഥാർഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളൻ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടെയും പെരുന്നാളുകളുടെയും നാടാണ് തൃശൂർ. ‍ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ പെരുന്നാളിന് അടി ഉറപ്പാണ്. ഒരു വശത്ത് ബാന്റ് മേളം കൊട്ടിക്കയറുമ്പോൾ മറുവശത്ത് അടി പൊട്ടിക്കയറും. അങ്ങനെ അടിയുണ്ടാക്കുന്ന പൊറിഞ്ചുമാർ അന്നു നാട്ടിൽ ധാരാളമുണ്ടായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള അടിയല്ല. അതുകൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടർച്ച അടുത്ത പെരുന്നാളിനായിരിക്കും. അങ്ങനെയുള്ളൊരു പൊറിഞ്ചുവാണ് എന്റെ കഥാപാത്രം. ചെമ്പൻ വിനോദ് ജോസും നൈല ഉഷയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

‘ജോസഫ്’ കൊണ്ടുവന്ന സൗഭാഗ്യങ്ങൾ

 

ജോസഫ്  എന്ന സിനിമ എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണ്. അതു കണ്ടിട്ടാണ് പൊറിഞ്ചുവിലേക്ക് ജോഷി സാർ എന്നെ വിളിക്കുന്നത്. ദേശീയ പുരസ്കാരം നേടിത്തന്നതും ജോസഫാണ്. തമിഴിൽ കാർത്തിക് സുബ്ബരാജിന്റെ പുതിയ ധനുഷ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്യാൻ അവസരം കിട്ടിയതും ജോസഫ് കാരണം തന്നെ. തമിഴിൽ മറ്റ് രണ്ട് വമ്പൻ പ്രോജക്ടുകളും ചെയ്യുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com