ADVERTISEMENT

ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ മഞ്ജു വാരിയരെ രക്ഷപ്പെടുത്താനുള്ള ഇടപെടലുമായി എംപി ഹൈബി ഈഡൻ. നടൻ ദിലീപ് വഴിയാണ് മഞ്ജുവിന്റെ ദുരിതാവസ്ഥ അറിയുന്നതെന്നും രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും ഹൈബി ഈഡൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

 

ഹൈബിയുടെ കുറിപ്പ് വായിക്കാം:

 

‘മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.’

 

‘നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.’–ഹൈബി കുറിച്ചു.

 

അതേസമയം, ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരാണെന്ന് ലാഹോൽ സ്പിതി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.കെ. സറോച്ച് മാധ്യമങ്ങളോടു പറഞ്ഞു. മഞ്ജുവിനും കൂട്ടർക്കും ആഹാരം എത്തിച്ചെന്നും വൈകിട്ടോടെ രക്ഷാപ്രവർത്തകർ അവരെസുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മഞ്ജു ഉൾപ്പെടുന്ന ഷൂട്ടിങ് സംഘത്തിനൊപ്പം വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്. ആകെ 140 േപരാണ് ഇക്കൂട്ടത്തിൽ ഉള്ളത്. അവർ സുരക്ഷിതരാണെന്നും അവർക്കുള്ള ആഹാരം എത്തിച്ചെന്നും ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. അവരോട് നേരത്തെ മലയിറങ്ങാൻ നിർദേശം നൽകിയിരുന്നെന്നും ഇപ്പോൾ ബന്ധുക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു കഴിഞ്ഞു. ഏകദേശം. 20 കിലോമീറ്റർ നടന്നു വേണം അവിടെ എത്താൻ. ഡോക്ടർമാരും രക്ഷാ പ്രവർത്തസംഘത്തിൽ ഉണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

സിനിമാ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മഞ്ജു വാരിയറും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍ ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയത്. പുറത്തേക്ക് ഫോണ്‍ വിളിക്കാന്‍ പോലും മാര്‍ഗമില്ലാതെ ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയിലായിരുന്നു ഇവര്‍. മണാലിയില്‍നിന്ന് 100 കിലോ മീറ്ററകലെ ഛത്രുവിലാണ് കുടുങ്ങിയത്. 

 

മൂന്നാഴ്ച മുമ്പ് ഷൂട്ടിങ്ങിനായി പോയ മഞ്ജു സഹോദരന്‍ മധു വാരിയരെ തിങ്കളാഴ്ച വൈകിട്ട് ആരുടെയോ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചാണ് ദുരിതാവസ്ഥ അറിയിച്ചത്. വിനോദസഞ്ചാരികളടക്കം ഇരുന്നൂറോളം പേര്‍ ഇവിടെ കുടുങ്ങിയതായി മഞ്ജു സഹോദരനോടു പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു.  മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായും മധു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com