ADVERTISEMENT

ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി മഞ്ജു വാരിയർ സുരക്ഷിതമായ സ്ഥലത്തെന്ന് സഹോദരൻ മധു വാരിയർ. പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് നടി ഹിമാചലിൽ എത്തിയത്. മൂന്നാഴ്ച മുമ്പ് യാത്ര തിരിച്ച മഞ്ജു തിങ്കളാഴ്ച രാവിലെ സാറ്റ്‌ലൈറ്റ് ഫോണിൽ വിളിച്ചാണ് മധുവിനോട് ദുരിതം അറിയിച്ചത്. 

മഞ്ജുവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി

 

വിനോദ സഞ്ചാരികളടക്കം ഇരുന്നൂറോളം പേർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നും ഭക്ഷണസാധനങ്ങൾ തീരുന്ന അവസ്ഥയാണെന്നും നടി പറഞ്ഞു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു.  മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായും മധു പറഞ്ഞു. 

 

ഇവിടുത്തെ പ്രളയം പോലും മഞ്ജു അറിഞ്ഞിട്ടില്ല. വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അമ്മ തന്റെ കൂടെയാണ്. ഇതൊന്നും സഹോദരി അറിഞ്ഞിട്ടില്ലെന്നും മധു വാരിയർ മനോരമ ന്യൂസിനോട് പറ‍ഞ്ഞു. ആര്‍മിയിലെ സുഹൃത്തുക്കളെ വിളിച്ച് ഹിമാചലിലെ വെള്ളപ്പൊക്കത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും മധു വാരിയർ കൂട്ടിച്ചേര്‍ത്തു. 

 

ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് മണാലിയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ തൽക്കാലിക റോഡ് നിർമിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നത്. ഇന്നലെ സിസുവിൽ കുടുങ്ങി പോയ മലയാളികളുടെ സംഘം സുരക്ഷിതരായി മണാലിയിൽ എത്തി. മണാലി– ലേ ദേശീയപാത ഭാഗീകമായി തകര്‍ന്നതിനെ തുടര്‍ന്ന് കൊക്സറില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണ്.

 

അതേസമയം, ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ,മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്.

 

യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.ജമ്മു കശ്മീർ, ജാർഖണ്ഡ്, പഞ്ചിമ ബംഗാൾ ,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ചെറുന്യൂനമര്‍ദമാണ് ശക്തമായ മഴയ്‍ക്ക് കാരണം. രണ്ടുദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

 

‘ചോല’ എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ഹിമാലയമാണ് പ്രധാനലൊക്കേഷൻ. സനല്‍കുമാര്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു.

 

ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com