ADVERTISEMENT

സൈബർ ആക്രമണത്തിൽ വിമർശകർക്കു തക്ക മറുപടിയുമായി ഉണ്ണി മുകുന്ദൻ. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയതിന്റെ പേരിലാണ് താരത്തിനു നേരെ സൈബർ ആക്രമണം ഉണ്ടായത്.

 

ഓഗസ്റ്റ് 20-ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം താരം ഫുട്‌ബോള്‍ കളിക്കുന്നതായിരുന്നു വിഡിയോ. ഇതിനു നല്‍കിയ അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്‌തുവെന്ന് പറഞ്ഞിരുന്നു. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റുവാങ്ങിയിരുന്നു. സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണിയുടെ അടിക്കുറിപ്പ്. ഇതോടെ നെയ്മര്‍ ഫാന്‍സ് ഒന്നാകെ താരത്തിനെതിരേ തിരിഞ്ഞു.

 

‘എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്. നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച തരാം’–ഇങ്ങനെയായിരുന്നു ഒരു വിമർശകന്റെ കമന്റ്. ‘പേടിച്ചുപോയി കേട്ടോ’–എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

 

കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ വിവരമറിയും എന്നു പറഞ്ഞ ആരാധകനും ഉണ്ണി മറുപടി നല്‍കി. ‘കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോൾ ഡിലീറ്റ് ചെയ്യാം. ഒരു ഫൺ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാൻ എന്നെ കിട്ടില്ല.’–ഉണ്ണി കുറിച്ചു.

 

പരാതികളുടെ എണ്ണം കൂടിയതോടെ വിശദീകരണവുമായും താരം എത്തി. ഒരു കായിക താരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു. വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com