ADVERTISEMENT

കുമ്പളങ്ങി നൈറ്റ്‌സിലെ ഏറെ പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ. ഒറ്റ രംഗത്തിൽ മാത്രമാണ് അവർ അഭിനയിച്ചതെങ്കിലും ഏറെ ചർച്ചകൾക്കു വഴിതുറന്ന, ഓർത്തിരിക്കുന്ന കഥാപാത്രമായിരുന്നു അത്. അമ്മവേഷത്തിൽ എത്തിയ ലാലി പി.എം. യുവനടി അനാർക്കലി മരിക്കാറിന്റെ അമ്മയാണ്. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ലാലി, ആ വേഷത്തെക്കുറിച്ചും സ്ത്രീപക്ഷ നിലപാടുകളെ കുറിച്ചും സംസാരിക്കുന്നു.

നിനച്ചിരിക്കാതെ കുമ്പളങ്ങിയിലേക്ക്...

ഒരു സുഹൃത്താണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷൻ നടക്കുന്നുണ്ട്, ചേച്ചിക്കൊന്നു ശ്രമിച്ചുകൂടേ എന്നു ചോദിച്ചത്. അങ്ങനെ ഓഡിഷനെത്തി. തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ റോൾ വിവരിച്ചു. നാലു മക്കളെ ഉപേക്ഷിച്ച്, ദൈവവിളി എന്നു പറഞ്ഞു പോകുന്ന ഒരമ്മ. ഒരു മകന്റെ വിവാഹാലോചനയോട് അനുബന്ധിച്ച് 10 ദിവസം വന്നു വീട്ടിൽ നിൽക്കാമോ എന്ന് ചോദിച്ച് മക്കൾ വരുന്നു. ജീവിതത്തിൽ അങ്ങനെയൊരു സന്ദർഭം ഉണ്ടായാൽ ചേച്ചി എന്തു ചെയ്യുമെന്നു ചോദിച്ചു. കുട്ടികളെ പിരിഞ്ഞിരിക്കുന്നതു തന്നെ എനിക്കു വിഷമമാണ്. അപ്പോൾ, അങ്ങനെ വന്നു വിളിച്ചാൽ ഉറപ്പായും പോകുമെന്നു ഞാൻ പറഞ്ഞു.

എന്നാൽ, മക്കളിൽനിന്നും കുടുംബത്തിന്റെ സന്തോഷങ്ങളിൽ നിന്നുമെല്ലാം മാനസികമായി വേർപെട്ടു നിൽക്കുന്ന ഒരമ്മയാണ് കഥാപാത്രം എന്നു ശ്യാം പറഞ്ഞു. മക്കളെ കാണുമ്പോൾ അധികം സ്നേഹമോ അടുപ്പമോ കാണിക്കരുത്. എത്ര നിർബന്ധിച്ചാലും കൂടെ പോകാൻ കൂട്ടാക്കരുത്. പകരം ഒഴുക്കൻ മട്ടിലുള്ള മറുപടി പറയണം എന്നുംപറഞ്ഞു.

kumbalangi-mother

ഓഡിഷൻ കഴിഞ്ഞു രണ്ടാഴ്ചയ്ക്ക് ശേഷമാണ് പെട്ടെന്നൊരു ദിവസം ഷൂട്ടിനു ചെല്ലാൻ പറയുന്നത്. ഓഡിഷനിൽ ഞാൻ കയ്യിൽനിന്ന് ഇട്ടുപറഞ്ഞ സംഭാഷങ്ങളാണ് പിന്നീടു തിരക്കഥയിൽ ചേർത്തതെന്നും ശ്യാം പറഞ്ഞു. ‘മക്കൾ ക്ഷീണിച്ചു പോയല്ലോ, കഴിച്ചിട്ടു പോകാം’ എന്നൊക്കെ ഞാൻ കയ്യിൽനിന്നിട്ട് പറഞ്ഞിരുന്നു. പക്ഷേ അതൊന്നും പാടില്ല എന്നുപറഞ്ഞു കട്ട് ചെയ്തു.

കുറച്ചു ഡയലോഗുകൾ കൂടിയുണ്ടായിരുന്നു. പക്ഷേ എന്നോടു നേരത്തെ പറഞ്ഞിരുന്നു അത് സിനിമയിൽ ഉൾപ്പെടുത്താനിടയില്ലെന്ന്. അവസാനമാണ് ‘എനിക്കു നിങ്ങളെയൊക്കെ ഇഷ്ടമാണ്, പക്ഷേ അതിലും ഇഷ്ടം ദൈവത്തെയാണ്. ഞാൻ പ്രാർഥിച്ചോളാം’ എന്ന ഡയലോഗ് ഉണ്ടായത്.

Deleted Scene 1 | Kumbalangi Nights

എനിക്ക് അഭിനയിക്കാനറിയില്ല എന്നു പറഞ്ഞ് മക്കൾ കളിയാക്കുമായിരുന്നു. കാരണം വീട്ടിൽ ഞാൻ എന്തു കള്ളത്തരം കാട്ടിയാലും അവർ കണ്ടുപിടിക്കും. പക്ഷേ കുമ്പളങ്ങിയിലെ ആ ഒരു സീനിലൂടെയാണെങ്കിലും എന്നെക്കുറിച്ചുള്ള അവരുടെ ബോധ്യം തിരുത്താൻ കഴിഞ്ഞു എന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

എന്താണ് അമ്മ മക്കളുടെ കൂടെ പോകാഞ്ഞത്?...

സിനിമ കണ്ടശേഷം പലരും എന്നോടു ചോദിച്ചിട്ടുണ്ട്, നിനക്കൊന്ന് അവരുടെ കൂടെ പോയിക്കൂടായിരുന്നോ എന്ന്. പക്ഷേ പോകാതിരുന്നതു നന്നായെന്നാണ് എനിക്കു തോന്നുന്നത്. മക്കൾക്കു വേണ്ടി ഉരുകിയൊലിച്ചു തീരുന്ന സർവംസഹയായ അമ്മമാരെയാണ് ഇത്രയും കാലം മലയാളസിനിമയിൽ കണ്ടത്. അവർക്ക് സ്വന്തമായി ആഗ്രഹങ്ങളില്ല, നേടിയെടുക്കാൻ സ്വപ്നങ്ങളില്ല, സ്വന്തമായി തീരുമാനങ്ങളില്ല. അമ്മ എന്ന രൂപത്തെ പാത്രം കഴുകാനും തുണിയലക്കാനും ഭക്ഷണം വച്ചുകൊടുക്കാനും കുട്ടികളെയും വീട്ടുകാര്യങ്ങളും നോക്കാനും മാത്രമുള്ള ഒരു ഉപകരണമായി പ്രതിഷ്ഠിച്ചു വച്ചിരിക്കുകയാണ്. എന്നാൽ കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മയിലൂടെ പറയാൻ ആഗ്രഹിച്ചത് അത്തരം കണ്ടുമടുത്ത ക്ലീഷേകളിൽ നിന്നൊരു മാറ്റമാണ്.

അവർ എന്തുകൊണ്ടു പോയില്ല എന്നതിനുള്ള ഉത്തരം പ്രേക്ഷകർ സ്വയം കണ്ടെത്തട്ടെ എന്ന നയമാണ് സിനിമയിൽ സ്വീകരിച്ചത്. പിന്നീട് സൗബിന്റെ സജി എന്ന കഥാപാത്രം അമ്മയുടെ തീരുമാനത്തെ മറ്റൊരു കാഴ്ചപ്പാടിൽ ന്യായീകരിച്ചു പറയുന്നുണ്ട്. ആയ കാലത്ത് മക്കൾക്കു വേണ്ടി അവർ കഷ്ടപ്പെട്ടു, ഇപ്പോൾ അവർക്കു ശാരീരികമായും മാനസികമായും ക്ഷീണം കാണും, ഉപേക്ഷിച്ചു പോയ അന്തരീക്ഷത്തിലേക്ക് വീണ്ടുമൊരു പറിച്ചുനടൽ അവർ ആഗ്രഹിക്കുന്നില്ലായിരിക്കും അങ്ങനെയങ്ങനെ...

എന്റെ കാഴ്ചപ്പാടിൽ അവർ ലൗകിക ജീവിതം ഉപേക്ഷിച്ചു ദൈവത്തിൽ മുഴുകി ജീവിക്കുന്നയാളാണ്. വാ കീറിയ ദൈവം ഇരയും തരും എന്നു പറയുന്നതുപോലെ മക്കൾ അവരുടെ ഭാഗധേയം സ്വയം കണ്ടെത്തിക്കൊള്ളും അല്ലെങ്കിൽ കണ്ടെത്തണം എന്നവർ ചിന്തിച്ചിട്ടുണ്ടാകും. അതിനെ ക്രൂരയായ അമ്മ എന്നൊക്കെ പറഞ്ഞു പ്രേക്ഷകർ സാമാന്യവത്കരിക്കുന്നതാണ് തെറ്റ്. കാരണം കാലം പുരോഗമിക്കുന്നതിനനുസരിച്ച് ഇങ്ങനെയും അമ്മമാരുണ്ടാകണം സമൂഹത്തിൽ. രണ്ടു മിനിറ്റിൽ മിന്നിമറയുന്ന റോളാണെങ്കിലും വ്യക്തിത്വമുള്ള ഒരു അമ്മക്കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിലും കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും എനിക്ക് ഒരുപാടു സന്തോഷമുണ്ട്. ഇത്തരമൊരു വേഷം എനിക്ക് തന്നതിൽ സംവിധായകൻ മധുവിനോടും തിരക്കഥാകൃത്ത് ശ്യാമിനോടും കടപ്പാടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com