ADVERTISEMENT

കൊച്ചി ∙ നടൻ മമ്മൂട്ടിയുടെ ജന്മദിന സമ്മാനമായി വാഴച്ചാൽ പുകയിലപ്പാറ ആദിവാസി കോളനിയിൽ ടെലിമെഡിസിൻ സേവനം. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെയാണു പുകയിലപ്പാറയിലെ വനംവകുപ്പ് ഓഫിസിൽ ടെലിമെഡിസിൻ കേന്ദ്രം സജ്ജമാക്കിയത്. രാജഗിരി കാൻസർ കെയർ വിഭാഗവുമായി സഹകരിച്ച് ആദിവാസി സ്ത്രീകൾക്കായി സൗജന്യ കാൻസർ പരിശോധനയും നടത്തും.

 

mammootty-care

ആദിവാസികൾക്കായി ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘പൂർവിക’ത്തിന്റെ ഭാഗമാണു പുതിയ പദ്ധതികൾ. ഫൗണ്ടേഷന്റെ പത്താം വാർഷികാഘോഷം മൂന്നാർ മറയൂർ കമ്മാളംകുടി ആദിവാസി കോളനിയിലെ ഊരുമൂപ്പൻ ഗുരുസ്വാമി ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സഞ്ജു വി. സിറിയക്കിനു ദീപശിഖ കൈമാറി കാൻസർ പരിശോധന പദ്ധതി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.പ്രധാനപാതയിൽ നിന്നു 3 മണിക്കൂറോളം യാത്ര ചെയ്തു മാത്രം എത്തിച്ചേരാനാവുന്ന ഉൾപ്രദേശമാണു പുകയിലപ്പാറ.  ആത്മീയ– സാമൂഹിക ഓൺലൈൻ ചാനലായ ‘ഗോഡ്സ് ഓൺ ടിവി’യുടെ സ്വിച്ച് ഓൺ കർമം മമ്മൂട്ടി നിർവഹിച്ചു. കേക്ക് മുറിച്ചു ജന്മദിനത്തിന്റെയും ഫൗണ്ടേഷന്റെ പത്താം വാർഷികത്തിന്റെയും സന്തോഷം മമ്മൂട്ടി പങ്കുവച്ചു.

 

ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ, ഫാ. ജോൺസൺ വാഴപ്പിള്ളി, ഡയറക്ടർ– റിലേഷൻസ് വി.എ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com