ADVERTISEMENT

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്‍ മികച്ച പ്രതികരണം. സിനിമയുടെ വേൾഡ് പ്രീമിയർ ആണ് ടോറന്റോയിൽ വച്ചു നടന്നത്. ജല്ലിക്കെട്ടിനു ശേഷം മറ്റൊരു മലയാള സിനിമയും ലോകത്തിനു മുന്നിൽ ചർച്ചയായുകയാണ്. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്ന് മറിയം സെയ്ദി എന്ന പ്രേക്ഷക ട്വീറ്റ് ചെയ്തു. 

 

‘വൗ! ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ കഥയിലും കഥാപാത്ര നിര്‍മ്മിതിയിലും, ഉള്‍ക്കരുത്തുള്ള, പ്രേക്ഷകരെ ഗ്രസിക്കുന്ന ചിത്രമാണ്‌. വ്യത്യസ്ത കാരണങ്ങളാല്‍ വീട് ഉപേക്ഷിക്കുന്ന മുല്ലയേയും അക്ബറിനേയും ഞാന്‍ മറക്കില്ല.’–മറിയം പറഞ്ഞു.

 

ടൊറന്റോയില്‍ സ്‌പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മൂത്തോന്റെ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ തന്റെ സ്വപ്‌ന സാക്ഷാത്കമാരമാണെന്ന് നിവിന്‍ പോളി പറഞ്ഞു. തന്റെ സിനിമകള്‍ വിശാലമായ പ്രേക്ഷകരിലേക്കെത്തിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് അത്തരമൊരു നിമിഷമാണ്. പൂര്‍ണ്ണ ആത്മാര്‍ഥതയോടെ ചെയ്ത ചിത്രമാണ് മൂത്തോന്‍. ഒരുപാട് തയ്യാറെടുപ്പുകളും പ്രയത്‌നവുമെല്ലാം ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിവിന്‍ പ്രീമിയറിന് മുമ്പ് പ്രതികരിച്ചു.

 

nivin-pauly-moothon12
nivin-pauly-moothon112

പ്രീമിയർ കണ്ട ജെറിൻ ചാക്കോ എന്ന പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം:

nivin-pauly-2jpg
nivin-pauly-moothon132

 

nivin-pauly-moothon1

Nivin Pauly as AKBAR a.k.a BHAI

 

എന്തായിരുന്നു നിവിനെ കാസ്റ്റ് ചെയ്യാനുള്ള കാരണം? ഷോ കഴിഞ്ഞുള്ള മീറ്റിൽ ഗീതുവിനോട് പ്രേക്ഷകരിൽ ഒരാൾ ചോദിച്ച ചോദ്യമായിരുന്നു ഇത്. അതിനു ഗീതു നൽകിയ മറുപടി എനിക്ക് ഇന്നസെൻസ് മുഖത്തുള്ള ഒരു നടനെ വേണമായിരുന്നു എന്നാണ്. പുറത്തു വന്നിരിക്കുന്ന പോസ്റ്ററും ടീസറും ഒക്കെ കണ്ടിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിൽ എന്തിനാണ് ഇന്നസെൻസ് എന്ന്. അഥവാ ഉണ്ടെങ്കിൽ തന്നെ അതെങ്ങനെയാണ് നിവിന്റെ അയലത്തെ വീട്ടിലെ പയ്യൻ റോളുകളിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്ന്? അതിനുത്തരം ലഭിക്കാൻ ചിത്രം ഇറങ്ങുന്നത് വരെ നിങ്ങൾ കാത്തിരിക്കണം എന്നെ എനിക്കിപ്പോൾ പറയാനാവൂ.

 

അക്ബർ എന്ന പരിവേഷം അദ്ദേഹത്തെ കൊണ്ട് നന്നായി ചെയ്യാൻ പറ്റുമോ എന്ന് പലർക്കും സംശയം ആയിരുന്നു. ചിത്രം തുടങ്ങിയപ്പോൾ ഞാനും ഒന്ന് സംശയിച്ചു എന്ന് വേണേൽ പറയാം. പൊതുവെ ഡയലോഗ് ഡെലിവറിയുടെ പേരിൽ പഴികേൾക്കാറുള്ള നിവിന്റെ ആദ്യ ഡയലോഗ് ഹിന്ദിയിലായിരുന്നു. ഞെട്ടൽ നമ്പർ വൺ . ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ലക്ഷദ്വീപ് മലയാളത്തേക്കാൾ മികച്ചതായി അദ്ദേഹം ഹിന്ദി ഭാഷ കൈകാര്യം ചെയ്തിട്ടുണ്ട്. അതിനു വേണ്ടിയെടുത്ത പരിശ്രമം നന്നായി കാണാനാവും.

 

നിവിന്റെ കഴിഞ്ഞ കുറെ സിനിമകളിലെ പ്രധാന ചർച്ചാവിഷയമായിരുന്നു അദ്ദേഹത്തിന്റെ തടി. മൂത്തോന് വേണ്ടി കൂട്ടിയ ശരീരഭാരം അദ്ദേഹത്തിന്റെ മറ്റു പല ചിത്രങ്ങൾക്കും വിനയായി മാറുകയായിരുന്നു. അത്ര മേൽ ആവശ്യമായിരുന്നോ ഈ ഗെറ്റപ്പ് ചേഞ്ച് ? അതെ എന്ന് ഇപ്പോൾ തോന്നുന്നു....സാധാരണ സിക്സ് പായ്ക്ക് / ഫിറ്റ് ബോഡി കാണിക്കാൻ വേണ്ടി ഷർട്ട് ഊരിമാറ്റുന്ന നായകന്മാരെയാണ് നാം കാണുക....ഇതിൽ അക്ബറിന്റെ ശരീരത്തിന്റെ അഭംഗി കാട്ടിത്തരാൻ വേണ്ടി നിവിൻ ഷർട്ട് ഇല്ലാതെ സ്‌ക്രീനിൽ വരുന്നുണ്ട്.

 

അഭിനയത്തെ പറ്റി പറയുകയാണെങ്കിൽ, അക്ബർ എന്ന കഥാപാത്രം ചെയ്യാൻ വേറെ ഒരു നടനെക്കൊണ്ടും പറ്റില്ല എന്നുള്ള ഒരു അവകാശവാദവും ഉയർത്തുന്നില്ല. പക്ഷേ നിവിൻ പൊളിച്ചടുക്കി എന്ന് എടുത്തു പറയേണ്ട ചില രംഗങ്ങൾ ഉണ്ട്...അദ്ദേഹത്തിന്റെ 9 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള ചില മുഹൂർത്തങ്ങൾ (സെൻസർ ബോർഡ് വെട്ടി കളഞ്ഞില്ല എങ്കിൽ സ്‌ക്രീനിൽ കാണാം). അക്ബർ എന്ന ഗുണ്ടയെക്കാളും നിവിനെന്ന നടനെ പുറത്തുകൊണ്ടുവന്നത് അക്ബർ എന്ന ചെറുപ്പക്കാരനാണ്. നിവിൻ പോളി ഇനി എത്ര മോശം പ്രകടനം കാഴ്ചവച്ചാലും, ഈ ഒരു കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പേരിൽ അറിയപ്പെടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബാക്കിയൊക്കെ നിങ്ങൾ കണ്ടു വിലയിരുത്തുക.’–ജെറിൻ കുറിച്ചു.

 

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

 

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും നിര്‍മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com