sections
MORE

വരവറിയിച്ച് മാമാങ്കം ഗ്രാഫിക്കൽ ടീസര്‍

mamangam-teaser
SHARE

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ഗ്രാഫിക്കൽ ടീസർ റിലീസ് ചെയ്തു. ഇംഗ്ലിഷ് നരേഷനോടു കൂടിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു. ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായില്‍, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കന്‍ വ്യാപാരികള്‍ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു.

Mamangam Official Graphical Teaser | Mammootty | M Padmakumar | Kavya Film Company

അതില്‍ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്. മലബാറിലെ ബ്രിട്ടീഷ് കലക്ടറായിരുന്ന വില്യം ലോഗന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാര്‍ മാന്വലില്‍ ഉള്‍പ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാ സ്റ്റാര്‍ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം.

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ളത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്.

മാമാങ്കത്തിന്‍റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്. പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നു മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളില്‍ ഒന്നാണ്.

മാമാങ്കത്തിന്‍റെ സെറ്റുകള്‍ നിര്‍മ്മിക്കാനായി 10 ടണ്‍ സ്റ്റീല്‍, രണ്ടായിരം ക്യുബിക് മീറ്റര്‍ തടി, തുടങ്ങിയവ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.300 വര്‍ഷം മുമ്പത്തെ കാലഘട്ടം നിര്‍മ്മിക്കുന്നതിനായി മുള, പനയോല, പുല്ല്, കയര്‍, തുടങ്ങിയവയും ടണ്‍ കണക്കിന് ഉപയോഗിച്ചിട്ടുണ്ട്‌.40 ദിവസം നീണ്ടു നില്‍ക്കുന്ന അവസാന പാദ ചിത്രീകരണം പൂര്‍ണ്ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലാണ്. ഇതിനായി പ്രതിദിനം 2000 ലിറ്റര്‍ വിളക്കെണ്ണയാണ് ഉപയോഗിക്കുന്നത്.

നെട്ടൂരിലെ അവസാന ഘട്ട ചിത്രീകരണത്തില്‍ 3000 ആളുകള്‍ വരെ പങ്കെടുക്കുന്ന രംഗങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രീകരിക്കുന്നുണ്ട്. ഡസന്‍ കണക്കിന് ആനകളും കുതിരകളും അവസാന ഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA