ADVERTISEMENT

മലയാള സിനിമയ്ക്ക് ഓസ്കർ ലഭിക്കുകയാണെങ്കിൽ അത് ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെയായിരിക്കുമെന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ പറഞ്ഞത് അടുത്തിടെയാണ്. ആ വാക്കുകൾ ഏതാണ്ട് അന്വർഥമാക്കുന്നതു പോലെയാണ് ജല്ലിക്കെട്ട് എന്ന, ലിജോയുടെ പുതിയ സിനിമയുടെ യാത്രയും. ആ ചിത്രം കണ്ടവർ അദ്ഭുതത്തോടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ മാത്രം മതി കേരളമെന്ന മൂലയിൽനിന്ന് ലോക സിനിമയുടെ നെറുകയിലേക്കുള്ള ലിജോയുടെയും സിനിമയുടെയും യാത്ര അടയാളപ്പെടുത്താൻ.

ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കെട്ട് ഇപ്പോള്‍ ലോകോത്തര വെബ്സൈറ്റായ റോട്ടൻടൊമാറ്റോയിലും ഇടംനേടിയിരിക്കുന്നു. ടൊറന്റോയിൽഹൊറർ, സയൻസ്ഫിക്‌ഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയിൽനിന്ന് വെബ്സൈറ്റ് തിരഞ്ഞെടുത്ത പത്തു ചിത്രളില്‍ ഒന്ന് ജല്ലിക്കെട്ട് ആണ്.

ഓസ്കർ, ഗോൾഡൻ ഗ്ലോബ് പോലുള്ള അവാർഡ് സീസണുകളിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ. ഇത്തവണ ഹോളിവുഡ് സിനിമകളേക്കാൾ പ്രേക്ഷകരെയും നിരൂപകരെയും അദ്ഭുതപ്പെടുത്തിയത് സമകാലീന ലോകവിഭാഗത്തിലെ ചിത്രങ്ങളായിരുന്നുവെന്ന് വെബ്സൈറ്റ് പറയുന്നു.

വൈഡ് റിലീസ് ഇല്ലാത്ത ആർട്ട് സിനിമകളായിരുന്നു കൂടുതലായും സമകാലീന ലോകവിഭാഗത്തിൽ ടൊറന്റോയിൽ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ എല്ലാ ഗണത്തിലുള്ള സിനിമകളും പ്രദർശനത്തിനെത്തി. ലോകത്തിന്റെ ഏതു മൂലയിലുണ്ടായ സിനിമയായാലും അതിന്റെ പ്രമേയം മികച്ചതാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരായിരുന്നു മേളയിൽ. അവിടെ കൈയടി നേടിയ ഇത്തരം സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ വിതരണക്കാരും ഓൺലൈൻ സ്ട്രീമിങ് സർവീസുകളും പുറകെയുണ്ട്.

മേളയിൽ ആളുകളെ അമ്പരപ്പിച്ച പത്തു സിനിമകൾ പരിചയപ്പെടുത്തുകയാണ് പ്രമുഖ നിരൂപക വെബ്സൈറ്റായ റോട്ടൻടൊമാറ്റോ. ഹൊറർ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽ സംവിധാനത്തിലൂടെ ഞെട്ടിച്ച പത്ത് സിനിമകളാണ് വെബ്സൈറ്റ് തിരഞ്ഞെടുത്തത്. ഈ വിഭാഗത്തിൽപെട്ട നൂറുകണക്കിനു സിനിമകളിൽ നിന്നാണ് ജല്ലിക്കെട്ട് ഇടംപിടിച്ചത്.

ചിത്രത്തെക്കുറിച്ച് വെബ്സൈറ്റിൽ പറയുന്നത് ഇങ്ങനെ:

പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്ന ചിത്രം. സങ്കീർണതകൾ നിറഞ്ഞ ചിത്രം. വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ. നൂറുകണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്പീൽബെർഗ് ചിത്രം ജാസിനോടും ചിലപ്പോൾ സാദൃശ്യം തോന്നിയേക്കാം. യഥാര്‍ഥ പോത്തിനെ വളരെക്കുറച്ചു മാത്രമാണ് ഉപയോഗിച്ചതെങ്കിലും സിനിമയിൽ ഉടനീളം അതിന്റെ സാന്നിധ്യം ഉറപ്പാക്കാൻ അണിയറപ്രവർത്തകർക്കായി. ചിത്രീകരണത്തിനിടയിൽ ആർക്കും ഒരപകടവും സംഭവിക്കാതെ ഇത് പൂർത്തിയാക്കാൻ സാധിച്ചുവെന്നതാണ് അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. ഈ വർഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കെട്ട്.

ലിസ്റ്റിൽ ഇടം നേടിയ മറ്റു സിനിമകൾ.

ഇംഗ്ലണ്ടിൽ നിന്നുള്ള സീ ഫീവർ

Sea Fever - Exclusive First Clip [HD] - TIFF 2019

നീസ ഹർഡിമാൻ സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ ഹൊറർ ത്രില്ലർ. കടലിൽ യാത്ര ചെയ്യുന്ന കുടുംബത്തിനു നേരെ ഉണ്ടാകുന്ന പാരസൈറ്റ് ആക്രമണമാണ് ചിത്രം പറയുന്നത്. ദ് തിങ്, ഏലിയൻ എന്നീ സിനിമകളോട് സാദൃശ്യം തോന്നുന്ന മേക്കിങ് ആണ് സിനിമയെ വേറിട്ടുനിർത്തുന്നത്.

ബ്രസീലിയൻ ചിത്രം ബക്കുറോ

BACURAU Clip | TIFF 2019

ക്ലെബെർ മെൻ‍ഡോക, ജുലിയാനോ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം ത്രില്ലർ ഗണത്തിൽെപടുന്നു.ബ്രസീലിയൻ പൊളിറ്റിക്സ് ആണ് പ്രമേയം.

ഇന്തൊനീഷ്യൻ ചിത്രം ഗുണ്ടാല

GUNDALA Trailer | TIFF 2019

ഇന്തൊനീഷ്യയിൽ നിന്നുള്ള സൂപ്പർഹീറോ ചിത്രം. ജോകോ അൻവർ ആണ് സംവിധാനം.

നൈവ്സ് ഔട്ട്

Knives Out Trailer #1 (2019) | Movieclips Trailers

റിയൻ ജോൺസൻ സംവിധാനം ചെയ്ത ത്രില്ലർ. ക്രിസ് ഇവാൻസ് പ്രധാനകഥാപാത്രമാകുന്നു.

ദ് വിഗിൽ

ജൂവിഷ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹൊറർ ചിത്രം. സംവിധാനം കൈത്ത് തോമസ്.

ദ് വാസ്റ്റ് ഓഫ് നൈറ്റ്

ആൻഡ്രൂ പാറ്റേർസന്റെ സയൻസ് ഫിക്​ഷൻ സിനിമ.

സിങ്ക്രോണിക്

അമേരിക്കൻ സയൻസ് ഫിക്‌ഷൻ ഹൊറർ ത്രില്ലർ. സംവിധാനം ജസ്റ്റിൻ ബെൻസൺ.

ലാ ലൊറോണ

LA LLORONA Clip | TIFF 2019

ലാറ്റിനമേരിക്കൻ ഹൊറർ‍ ത്രില്ലർ. സംവിധാനം ജയ്റോ ബസ്റ്റമാൻറ്റെ.

ദ് പ്ലാറ്റ്ഫോം

THE PLATFORM Clip | TIFF 2019

സ്പാനിഷ് ത്രില്ലർ, സംവിധാനം ഗാൾഡെർ ഗസ്റ്റെലു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com