ADVERTISEMENT

അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാതാവിൽ നിന്നു വധഭീഷണി നേരിട്ടെന്ന പരാതിയുമായി നടൻ ഷെയ്ൻ നിഗം രംഗത്ത്. ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ ഷെയ്ൻ വ്യക്തമാക്കിയത്. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫെയ്സ്ബുക് ലൈവിലും ഷെയ്ൻ പറഞ്ഞു. 

‘അമ്മ’യ്ക്കു നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ: ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ്‌വില്ലിന്റെ ബാനറിൽ നിർമിക്കുന്ന ‘വെയിലും’ വർണചിത്രയുടെ ബാനറിലെ ‘ഖുർബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനിയിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു. അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു. 

മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്സാപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനർഥം ജോബി ജോർജ് തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ പറയുന്നു. 

തെളിവായി വോയിസ് മെസേജും ഫോട്ടോകളും ‘അമ്മ’ ഭാരവാഹിയായ ഇടവേള ബാബുവിനു കൈമാറിയിട്ടുണ്ട്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും പരാതിയിൽ ഷെയ്ൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഷെയ്നുമായും ജോബി ജോർജുമായും ബന്ധപ്പെടാൻ ‘മനോരമ ഓൺലൈൻ’ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com