ADVERTISEMENT

നടൻ ഷെയ്ൻ നിഗത്തിനെതിരെ കരുതിക്കൂട്ടിയ ആക്രമണമാണ് നടക്കുന്നതെന്നും സിനിമാ ലോകവും സമൂഹം ആ കലാകാരനൊപ്പം നിൽക്കണമെന്നും സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ. അബിയെ പണ്ട് പലരും ഒതുക്കിയതാണെന്നും അതുപോലെ തന്നെ മകന് െവല്ലുവിളികൾ ഉണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായും ശ്രീകുമാർ മേനോൻ പറയുന്നു.

 

ശ്രീകുമാർ േമനോന്റെ കുറിപ്പ് വായിക്കാം: 

 

മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌നിന്റെ ലൈവ് വിഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.

 

ഷെയ്‌നിന്റെ വിഡിയോയിലും 'അമ്മ'യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമാധ്യമത്തില്‍ ഷെയ്‌നിനെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

 

ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. നടനെതിരെ എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കെയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.

 

സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ...

 

തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാൻ ചെയ്ത അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു.

 

പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണ്ട്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com