ADVERTISEMENT

മാമാങ്കം സിനിമയുടെ ഒാഡിയോ ലോഞ്ച് വേദിയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതിനൊപ്പം വേദിയിൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ് മമ്മൂട്ടിയെ പറ്റി പറഞ്ഞ ഒരു വാചകമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘മമ്മൂട്ടി വക്കീൽ കുപ്പായം അഴിച്ചുവച്ചില്ലായിരുന്നെങ്കിൽ സുപ്രീം കോടതി ജഡ്ജി ആവേണ്ട ആളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിറഞ്ഞ കയ്യടിയോടെയാണ് ഇൗ വാക്കുകളെ വേദി സ്വീകരിച്ചത്.

 

justice-cyriac-joseph
മുൻ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ്

സിനിമാക്കാരുടെ പരിപാടിയിൽ തന്നെയെന്തിന് വിളിച്ചുവെന്ന് സംശയമുണ്ടായിരുന്നു. ചിലപ്പോള്‍ പ്രേക്ഷക പ്രതിനിധിയായിട്ടാവും എന്ന് കരുതി. ന്യായാധിപന്മാരും സിനിമ കാണുന്നവരാണെന്ന് ജനം മനസ്സിലാക്കട്ടെ. ഒരു ചാവേറിന്‍റെ മനോവ്യാപാരത്തോടെ വേണുവും പത്മകുമാറും ഈ സിനിമയ്ക്കായി മുന്നിട്ടിറങ്ങിയത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വക്കീല്‍ പണി മമ്മൂട്ടി തുടങ്ങിയിരുന്നേല്‍ ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാകുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം താൻ സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഭരത് അവാര്‍ഡ് നേടുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഏത് രംഗത്തായാലും ശോഭിക്കണമെന്നത് സൂചിപ്പിക്കാനാണ് താൻ ഇത് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

mammootty-mamangam-audio-launch1

 

'മാമാങ്കം' ഒരു വലിയ ചരിത്രമാണെന്നും ചരിത്രം പറയുന്ന സിനിമയാണെന്നും സിനിമയുടെ നിര്‍മ്മാണം തന്നെ ഒരു വലിയ ചരിത്രമാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ‘ചരിത്രമാകാന്‍ പോകുന്നൊരു സിനിമയാണിത്. ഗ്രീൻ മാറ്റ് ചെയ്ത സെറ്റുകളല്ല സിനിമയുടേത്. കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച സെറ്റുകളാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ക്ലാസിക് സിനിമയായി തന്നെയാണ് ചിത്രം നിർമിക്കപ്പെട്ടിട്ടുള്ളത്. പതിനഞ്ചോ ഇരുപതു ശതമാനം പോലും വിഎഫ്എക്സ് ചിത്രത്തിലില്ല.’

 

‘ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതികാരങ്ങളുടെ കഥ. തലമുറ–തലമുറയായി പോരാടുന്ന ചാവേറുകളുടെ കഥ. നമ്മൾ അതിനെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നത് വേറെ വശം. ചരിത്രത്തോട് ഈ ചിത്രം നീതി പുലർത്തും.’ ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യം ഈ സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

 

എറണാകുളം എം.പി ഹൈബി ഈഡൻ, സംവിധായകന്മാരായ ലാല്‍ ജോസ്, ബ്ലെസി, അരുൺ ഗോപി, മുന്‍ എം.പി പി.രാജീവ്, മാമാങ്കം സംവിധായകന്‍ എം. പത്മകുമാര്‍, നിര്‍മാതാവ് വേണു കുന്നപ്പിള്ളി, നടിമാരായ പ്രാചി തെഹ്ലാന്‍, അനു സിത്താര, സ്വാസിക, നടന്മാരായ ടൊവീനോ ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, ബൈജു എഴുപുന്ന, അച്യുതന്‍, സുദേവ് നായര്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണൻ, സംഗീത സംവിധായകന്‍ എം.ജയചന്ദ്രൻ തുടങ്ങി നിരവധിപേര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ്കൃഷ്ണ, മാസ്റ്റർ അച്യുതൻ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ അവസാനം ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com