ADVERTISEMENT

ആരാധകരെ ആവേശത്തിലാഴ്ത്തി ധ്രുവ് വിക്രം ചിത്രം ആദിത്യ വർമയുടെ ഓഡിയോ ലോ‍ഞ്ച്. ചടങ്ങിൽ ധ്രുവിനൊപ്പം അച്ഛൻ വിക്രവും ആരാധകരുടെ കയ്യടി നേടി. കരിയറിലെ വഴിത്തിരിവായ സേതു സിനിമയുടെ സമയത്ത് പോലും അനുഭവിക്കാത്ത ടെൻഷൻ ആണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് വിക്രം പ്രസംഗത്തിൽ പറഞ്ഞു. അച്ഛനും മകനുമൊത്തുള്ള വികാരനിർഭരമായ രംഗങ്ങള്‍ ചടങ്ങിനെ ശ്രദ്ധേയമാക്കി.

 

വിക്രത്തിന്റെ വാക്കുകൾ:

Dhruv Emotional Speech, Chiyaan Vikram | Adithya Varma Audio Launch

 

Vikram & Dhruv Vikram at Adithya Varma Audio Launch

‘എനിക്ക് ധ്രുവിനെപ്പോലെ സംസാരിക്കാൻ ഒന്നും അറിയില്ല. ഈ പയ്യൻ സ്റ്റേജിൽപോയി എന്തുപറയും എന്നായിരുന്നു എന്റെ ടെൻഷൻ. പക്ഷേ ഇവിടെ എത്തി ധ്രുവിന്റെ പ്രസംഗം കേട്ടപ്പോൾ എല്ലാം മറന്നു. പ്ലസ് ടു പരീക്ഷ പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന ഒരു അവസ്ഥ. സേതു സിനിമ ചെയ്യുമ്പോൾ പോലും ഇങ്ങനെ ടെൻഷൻ അനുഭവിച്ചിരുന്നില്ല. ഇന്നു മാത്രമല്ല കുറച്ച് നാളായി അനുഭവിക്കുന്നു. ഇതൊരു വിവാഹം പോലെയാണ്. മകളെ കെട്ടിച്ച് അയക്കുന്നതുവരെ അച്ഛൻ അനുഭവിക്കുന്ന ടെൻഷന്‍ ഉണ്ട്. അതുപോലെ തന്നെയാണ് ധ്രുവിന്റെ കാര്യത്തിലും. അവൻ നന്നായി വരേണ്ടേ. ഇവൻ അഭിനയിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നേ ഇല്ല. ക്രിയേറ്റിവ് പേർസൺ ആയിരുന്നു ധ്രുവ്. ലോകത്തില്‍ ഇഷ്ടമുള്ള എന്തുജോലിക്ക് വേണമെങ്കിലും നീ പൊയ്ക്കൊള്ളാനും ഞാൻ പറഞ്ഞിരുന്നു.’

 

‘അങ്ങനെ ഇരിക്കുമ്പോഴാണ് അഭിനയത്തിന്റെ കാര്യം പറയുന്നത്. ധ്രുവിനെപ്പോലെ ഒരാളെ അവതരിപ്പിക്കുമ്പോൾ നല്ലൊരു കഥ ആവശ്യമായിരുന്നു. നിർമാതാവ് മുകേഷ് സാറിനാണ് ഇക്കാര്യത്തിൽ നന്ദി പറയേണ്ടത്. ഈ സിനിമ ചെയ്യണമെന്ന ആവശ്യവുമായി നിരവധി താരങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ ധ്രുവ് തന്നെ അഭിനയിക്കണമെന്നത് അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു. ധ്രുവിന്റെ ഡബ്സ്മാഷ് വിഡിയോ കണ്ടിട്ടാണ് അദ്ദേഹം വിളിക്കുന്നതും. എന്നാൽ പടം കണ്ടുകഴിഞ്ഞപ്പോൾ എന്നിൽ ആശങ്ക ഉണ്ടായി. ഹെവി റോൾ ആണ്. നല്ല പെർഫോമൻസും ആവശ്യം. ഈ ചെറുപ്രായത്തിൽ ഇത്ര വലിയ കഥാപാത്രത്തെ താങ്ങാനുള്ള പക്വത ധ്രുവിൽ ഉണ്ടാകുമോ എന്നായിരുന്നു എന്റെ ആശങ്ക. നിങ്ങൾ ഇപ്പോൾ സിനിമ കാണാൻ പോകുകയാണ്. അച്ഛനെന്ന നിലയിൽ ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല. നിങ്ങളാണ് അഭിപ്രായം പറയേണ്ടത്.’

 

സിനിമയിലെ അണിയറപ്രവർത്തകരെ എല്ലാവരെയും പേരെടുത്ത് പറഞ്ഞാണ് ധ്രുവ് വിക്രം തന്റെ പ്രസംഗം തുടങ്ങിയത്. ഓരോരുത്തരുടെ പേരുകൾ പറഞ്ഞു തീരുമ്പോഴും അച്ഛനെക്കുറിച്ച് പറയാനാണ് ആരാധകർ ആവശ്യപ്പെട്ടത്. അത് അവസാനം പറയാമെന്നായിരുന്നു ധ്രുവിന്റെ മറുപടി.

 

‘ഇതുവരെ ഞാൻ പറഞ്ഞതൊക്കെ വീട്ടിലിരുന്ന് കാണാതെ പഠിച്ചിട്ട് വന്നതാണ്. എന്നാല്‍ ഒരാളെക്കുറിച്ച് പറയാൻ ഒന്നും പഠിക്കേണ്ട ആവശ്യമില്ല. അപ്പാ എനിക്ക് വാക്കുകളില്ല, നിങ്ങൾ എല്ലാവരും പറയാറില്ലേ വിക്രം സാറിന്റെ ഡെഡിക്കേഷനെക്കുറിച്ച്. എന്നാൽ ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം ത്യജിച്ച സമയവും പരിശ്രമമും മറ്റൊരു സിനിമയ്ക്കും ഉപയോഗിച്ചിട്ടുകാണില്ല. അച്ഛൻ നല്ല നടനാണെന്ന് എനിക്കറിയാം, അതിലുപരി നല്ല അച്ഛൻ കൂടിയാണ് അദ്ദേഹം. അപ്പയില്ലാതെ ഞാൻ ഒന്നുമില്ല. എന്റെ അഭിനയവും സംസാരവും നടപ്പവുമൊക്കെ അപ്പ തന്നെയാണ്. അപ്പയുടെ മറ്റൊരു അവതാരത്തെയാണ് നിങ്ങൾ കാണുന്നത്. അദ്ദേഹത്തിനൊരു 22 വയസ്സിരുന്നാൽ എന്ത് ചെയ്യുമോ അത് തന്നെയാണ് സിനിമയിൽ അഭിനയിച്ചരിക്കുന്നത്. എന്റെ അമ്മയാണ് പ്രസംഗം എഴുതാൻ എന്നെ സഹായിച്ചത്. പ്രശംസ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് എന്റെ അമ്മ. ഇവർ രണ്ടുപേരുമാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കാൻ കാരണം. നിങ്ങൾ എല്ലാവരും ഈ ചിത്രം കാണണം.’–ധ്രുവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com