ADVERTISEMENT

വിക്രമിനെയും മകൻ ധ്രുവ് വിക്രമിനെയും കണ്ടാൽ അടയും ചക്കരയും പോലും രണ്ടടി മാറി നിൽക്കും. അമ്മാതിരി സ്നേഹമാണ് അച്ഛൻ ഹീറോയും പൊടിമീശക്കാരൻ ചെല്ലക്കുട്ടിയും തമ്മിൽ. ധ്രുവിന്റെ ആദ്യ സിനിമ ‘ആദിത്യ വർമ’ തിയറ്ററുകളിലെത്തിയപ്പോൾ മകനേക്കാളും ആകാംക്ഷയും വിക്രമിന് തന്നെ. ധ്രുവിനെ ആദ്യമായി സ്കൂളിൽ ചേർക്കാൻ പോയ ദിവസം അവനെ എല്ലാർക്കും ഇഷ്ടമാകുമോ എന്ന് ചങ്കിടിച്ച അതേ അച്ഛൻ മനസ്സോടെ പ്രേക്ഷകരുടെ വിധിയറിയാൻ ടെൻഷനടിച്ചിരിപ്പാണ് വിക്രം. 

 

ഇടം വലം അച്ഛനുണ്ട്!

 

‘ആദിത്യവർമ’യുടെ ഷൂട്ട് ആരംഭിച്ച ആദ്യ ദിനം മുതൽ ഡബ്ബിങ് അവസാനിക്കുന്നത് വരെയും മകനൊപ്പം സെറ്റിലുണ്ടായിരുന്നു വിക്രം. ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം എന്നൊന്നും അച്ഛൻ നിർബന്ധം പിടിച്ചിട്ടേയില്ല. പകരം നീ ആലോചിച്ച് നോക്ക്, ഇങ്ങനെയായാൽ കൂടുതൽ നന്നാവില്ലേ എന്നു പറഞ്ഞു തരുകയായിരുന്നു. അച്ഛൻ കൂടെയുള്ളതു കൊണ്ട് അഭിനയിക്കുന്നതിന്റെ ടെൻഷൻ തീരെ അറിഞ്ഞില്ലെന്നു ധ്രുവ് പറയുന്നു. മകന്റെ ജീവിതത്തിലെ അത്രയധികം നിർണായക മുഹൂർത്തമായാണ് വിക്രം ഇതിനെ കാണുന്നത്. 

 

കട്ട മകൻ ഫാൻ

 

സൂപ്പർ സ്റ്റാർ വിക്രമും ഡാഡി കൂൾ വിക്രമും തമ്മിൽ ഒരു ചെറിയ വരയുടെ വ്യത്യാസമേയുള്ളെന്നാണ് ധ്രുവിന്റെ അഭിപ്രായം. വിക്രമിന്റെ മകൻ അല്ലായിരുന്നില്ലെങ്കിലും ചിയാൻ വിക്രമിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ട് വിസിലടിക്കുന്ന കട്ട ഫാൻ തന്നെ ആകുമായിരുന്നു താനെന്ന് ധ്രുവിന് ഉറപ്പുണ്ട്. മലയാളത്തിൽ ധ്രുവിന് പ്രിയം ദുൽഖർ സൽമാൻ ആണെങ്കിലും എങ്ങനെയുള്ള നടൻ ആകാനാണ് മോഹമെന്ന് ചോദിച്ചാൽ അച്ഛനെപ്പോലെ ആയാൽ മതിയെന്ന് ഏതുറക്കത്തിലും കണ്ണും പൂട്ടി പറഞ്ഞു കളയും ധ്രുവ്. അച്ഛൻ സൂപ്പർ താരമായി നടന്നു വന്ന വഴികളാണ് ധ്രുവിന് പ്രചോദനം. അതൊന്നും അച്ഛൻ താണ്ടിയില്ലായിരുന്നെങ്കിൽ ഞാൻ നടനാവുമായിരുന്നല്ലോ എന്ന് ധ്രുവ് പറയുമ്പോൾ മകനെ ഒന്നു കൂടി ചേർത്തു പിടിച്ചൂ, വിക്രം.

 

ആകാംക്ഷ പോലെ പ്രതീക്ഷയും

 

വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്കാണ് ആദിത്യവർമ. ധ്രുവിന്റെ ഡബ്സ്മാഷുകൾ കണ്ട് ചിത്രത്തിന്റെ നിർമാതാവാണ് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. തന്നെ സ്വീകരിച്ച പ്രേക്ഷകർ മകനെയും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിക്രം. 

 

English Summary: Vikram and Dhruv Vikram Aditya Varma Promotion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com