രാത്രി ആർക്കും ഉറക്കമില്ല, ലോറിക്ക് ബ്രേക്കും; കൈതി ചിത്രീകരിച്ചത് ഇങ്ങനെ

kaithi-location
SHARE

ആറു വയസ്സാണു കാർത്തിയുടെ മകൾക്ക്. പകലിലെ ഷൂട്ടിങ് തിരക്കുകളെല്ലാം തീർത്ത് മിക്കവാറും രാത്രിയിലാണ് മകൾക്കൊപ്പം അച്ഛന്റെ കളിചിരികളെല്ലാം. പക്ഷേ, 40 ദിവസം രാത്രി കാർത്തി വീട്ടിലേക്കു വന്നതു പോലുമില്ല. രാവിലെ വീട്ടിലേക്കു വന്നാൽത്തന്നെ മുഴുവൻ സമയം ഉറക്കവും. ഉണരുമ്പോഴേക്കും വീണ്ടും ഷൂട്ടിങ്ങിനുള്ള സമയവുമായി. ‘കൈതി’യായിരുന്നു ആ സിനിമ. കാർത്തിയുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നിലേക്ക് ലോറിയോടിച്ചു പായുകയാണിപ്പോൾ ചിത്രം. ഒക്ടോബർ 25ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം നേടിയ ഗ്രോസ് കലക്‌ഷൻ 50 കോടി കടന്നു. കേരളത്തിൽ കാർത്തിയുടെ ഏറ്റവും കൂടുതൽ കലക്‌ഷനെടുത്ത ചിത്രവുമായി കൈതി– ഒരാഴ്ച കൊണ്ട് 5.26 കോടി. 

കൈതിയെന്നാൽ തടവുകാരനെന്നാണ് അർഥം. 10 വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ആദ്യമായി സ്വന്തം മകളെ കാണാനെത്തുന്ന അച്ഛനാണു ചിത്രത്തിൽ കാർത്തിയുടെ കഥാപാത്രമായ ഡില്ലി. എന്നാൽ ഒരു ഘട്ടത്തിൽ അയാൾക്ക് ഇൻസ്പെക്ടർ ബിജോയിക്കൊപ്പം ചേരേണ്ടി വന്നു. ബോധം നഷ്ടപ്പെട്ടു മരണത്തിലേക്കടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ ഒരു ലോറിയിലിട്ട് സുരക്ഷിതസ്ഥാനത്തേക്കു മാറ്റണം. പിന്നാലെ പല സംഘങ്ങളായി ഗുണ്ടകളും പാഞ്ഞുവരുന്നുണ്ട്. വഴിനീളെ അടിയും ഇടിയും തീവയ്പും വെടിവയ്പും ചേസിങ്ങും. നാലു മണിക്കൂർ നേരത്തെ ആ ത്രില്ലിങ് യാത്രയുടെ കഥയാണ് ലോകേഷ് നാഗരാജിന്റെ ‘കൈതി’ പറയുന്നത്. 

kaithi-making

നായികയില്ല, ഐറ്റം ഡാൻസില്ല, പാട്ടില്ല. തുടക്കം മുതൽ ക്ലൈമാക്സ് വരെ രാത്രിയിൽ മാത്രം ഷൂട്ട് ചെയ്ത ചിത്രം. ചെന്നൈയിലും തിരുനൽവേലിയിലുമായിരുന്നു ഷൂട്ടിങ്. രാത്രി സെറ്റിലെ ഒരാളു പോലും ഉറങ്ങിരുന്നില്ല. കൂട്ടിനു പുലർച്ചെ കൊടുംതണുപ്പും. ഒറിജിനാലിറ്റിക്കു വേണ്ടി കാർത്തിക്കു ലഭിച്ചത് ഒരു പഴഞ്ചൻ ലോറി. ബ്രേക്കും കുറവ്. ലോറി വിചാരിച്ചാലേ അത് നിൽക്കൂ എന്ന അവസ്ഥ. 

ജീവിതത്തിലന്നേവരെ ലോറിയോടിക്കാത്ത കാർ‌ത്തി ചിത്രത്തിനു വേണ്ടി അതും പഠിച്ചു. ഛായാഗ്രാഹകൻ സത്യൻ സൂര്യൻ ആവശ്യപ്പെട്ടതു പ്രകാരം വേഗം കൂട്ടിയും കുറച്ചുമൊക്കെ ആ ലോറിയോടു മല്ലിടേണ്ടിയും വന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ യഥാർഥ ലോറി ഡ്രൈവർമാരോട് ബഹുമാനം തോന്നിപ്പോയെന്നാണു കാർത്തി പറഞ്ഞത്.

കാർത്തിയുടെ ‘റഫ്’ കഥാപാത്രത്തിനൊപ്പം മികവുറ്റ പ്രകടനവുമായി മലയാളത്തിന്റെ നരേനുമുണ്ട് ‘കൈതി’യിൽ. വില്ലന്മാർക്കുൾപ്പെടെ കൃത്യമായ ഇടം നൽകി തയാറാക്കിയ തിരക്കഥയും ആക്‌ഷനും പശ്ചാത്തല സംഗീതവുമെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ജോർജ് മരിയാന്റെ നെപ്പോളിയനെന്ന പൊലീസ് കഥാപാത്രവും അർജുൻ ദാസിന്റെ അൻപും ദീനയുടെ കാമാച്ചിയുമെല്ലാം അമ്പരപ്പിച്ചു കളയും. 

kaithi-2

ഒപ്പം അത്രയേറെ പ്രശസ്തരല്ലാത്ത താരങ്ങളുടെ അദ്ഭുത പ്രകടനങ്ങളും. കാർത്തിയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ ഒരു ‘മൾട്ടി സ്റ്റാർ’ ആക്‌ഷൻ ചിത്രം. തീരുന്നില്ല, ഡില്ലിയുടെ കഥയുമായി കൈതിയുടെ രണ്ടാം ഭാഗവും വൈകാതെയെത്തും. കാർത്തിയുടെ 30 ദിവസമാണ് ചിത്രത്തിനു വേണ്ടി സംവിധായകൻ ചോദിച്ചിരിക്കുന്നത്. ‘തെറ്റായ ഒരിടത്ത്, തെറ്റായ ഒരു സമയത്ത് എത്തിപ്പെട്ട ഒരാൾ...’ എന്നാണ് ചിത്രത്തിലൊരിടത്ത് ഡില്ലി പറയുന്നത്. എന്നാൽ സിനിമാ പ്രേമികളെ സംബന്ധിച്ച് ശരിയായ സമയത്ത്, ശരിയായ ഇടത്ത്, ശരിയായ ചേരുവകളോടെയെത്തിയ ചിത്രമാവുകയായിരുന്നു ‘കൈതി’.

English Summary: Kaithi Movie Making Details. Cast: Karthi, Naren.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA