ADVERTISEMENT

വിവാഹസമ്മാനമായി ജഗതി ശ്രീകുമാറിനൊപ്പമുള്ള കുടുംബചിത്രം മകൾ ശ്രീലക്ഷ്മിക്കു സമ്മാനിച്ച് കല ശ്രീകുമാർ. കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങിൽ അതിഥികളെ സാക്ഷിയാക്കിയായിരുന്നു ശ്രീലക്ഷ്മിക്കും വരൻ ജിജിൻ ജഹാംഗീറിനും കല കുടുംബചിത്രം സമ്മാനിച്ചത്. അമ്മയുടെ സമ്മാനം നിറകണ്ണുകളോടെ ശ്രീലക്ഷ്മി ഏറ്റുവാങ്ങി. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് പിന്നീട് വിവാഹവേദി സാക്ഷ്യം വഹിച്ചത്. 

Jagathy Sreekumar daughter Sreelakshmi Marriage | Sreelakshmi Wedding with Jijin Jahangir

 

ലുലു ബോൾഗാട്ടി സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ തുടക്കം മുതൽ ശ്രീലക്ഷ്മിയുടെ കൈപിടിച്ച് അമ്മ കലയും ഉണ്ടായിരുന്നു. അച്ഛന്റെ അസാന്നിധ്യം നികത്തിക്കൊണ്ടായിരുന്നു കലയുടെ ഇടപെടൽ. അതിഥികളെ സ്വീകരിച്ചാനയിച്ചും അവർക്കൊപ്പം ഫോട്ടോകളെടുത്തും ചടങ്ങിൽ കല ശ്രീകുമാർ നിറഞ്ഞു നിന്നു. ഒടുവിൽ, വധൂവരന്മാർക്ക് പ്രത്യേക സമ്മാനം നൽകാനായി അവർ വീണ്ടും വേദിയിലെത്തി. വധൂവരന്മാർക്കൊപ്പം ജഗതിയും കലയും നിൽക്കുന്ന ഛായാചിത്രം ശ്രീലക്ഷ്മിക്കു സമ്മാനിച്ചു. 

 

ഛായാചിത്രം ഏറ്റുവാങ്ങിയ ശ്രീലക്ഷ്മിയുടെ കണ്ണുകൾ ഈറനണി​ഞ്ഞപ്പോൾ കലയും കണ്ണീരൊളിപ്പിക്കാൻ ബുദ്ധിമുട്ടി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും ആശ്വാസവാക്കുകളുമായെത്തി. പിന്നീട്, ജഗതിയുടെ അസാന്നിധ്യത്തിൽ അമ്മ സമ്മാനിച്ച ഛായചിത്രത്തിനൊപ്പം ശ്രീലക്ഷ്മിയും ഭർത്താവ് ജിജിനും ഫോട്ടോയ്ക്കു പോസ് ചെയ്തു. അമ്മ കലയെ ഒപ്പം നിറുത്തിക്കൊണ്ടായിരുന്നു ഫോട്ടോ സെഷൻ.  

 

2012ലാണ് നടൻ ജഗതി ശ്രീകുമാർ തനിക്ക് ശ്രീലക്ഷ്മി എന്നൊരു മകളുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ജഗതിയുടെ കുടുംബം തയ്യാറായിരുന്നില്ല. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനുശേഷം ആദ്യമായി ജഗതി ഒരു പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ശ്രീലക്ഷ്മി ജഗതിയോടു സംസാരിച്ചത് വിവാദമായിരുന്നു. അപ്രതീക്ഷിതമായി വേദിയിലേക്ക് കയറിച്ചെന്നാണ് ശ്രീലക്ഷ്മി ജഗതിയോടു സംസാരിച്ചത്. മകളെ തിരിച്ചറിഞ്ഞ ജഗതി ശ്രീലക്ഷ്മിക്കു ചുംബനം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com