15 ദിവസം ഫ്രീസറിൽ, ഹെലൻ അന്ന തന്നെ: മാത്തുക്കുട്ടി സേവ്യർ അഭിമുഖം

mathukutty-xavier
SHARE

മലയാളത്തിൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലറുകളിൽ അഭിമാനപൂർവം ചേർത്തുവയ്ക്കാവുന്ന സിനിമയാണ് നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത 'ഹെലൻ'. സിനിമയുടെ കഥാഗതി കൃത്യമായി പറയുന്ന ട്രെയിലർ പുറത്തു വന്നപ്പോൾ പലരും ചോദിച്ചു, മൊത്തം സിനിമ ട്രെയിലറിൽ ഉണ്ടല്ലോ, ഇനി ആളുകൾ വരുമോ എന്ന്! പക്ഷേ, ആളുകൾ ഈ കൊച്ചുസിനിമ കാണാനായി തിയറ്ററുകളിലെത്തി.

സിനിമയുടെ ഇടവേള സമയത്ത് ആളുകൾ പുറത്തേക്കിറങ്ങുമ്പോൾ, തിയറ്ററിന് അകത്തു തന്നെ ഇരുന്ന് പരസ്യ സ്ലൈഡുകൾ കണ്ടിരുന്ന ഒരു കുട്ടിക്കാലമുണ്ട് സംവിധായകൻ മാത്തുക്കുട്ടി സേവ്യറിന്. ഇടവേളകളിൽ തിയറ്ററിൽ കാണിക്കുന്ന പരസ്യ സ്ലൈഡുകളുമായി ബന്ധപ്പെട്ട ജോലിയായിരുന്നു മാത്തുക്കുട്ടിയുടെ പിതാവ് ചെയ്തിരുന്നത്. അപ്പനൊപ്പം സിനിമയുടെ ഇടവേളകളിൽ കാണിക്കുന്ന സ്ലൈഡുകൾ പരിശോധിക്കുന്നതിന് മാത്തുക്കുട്ടിയും പോകും. അതിനൊപ്പം സിനിമയും കാണും. അങ്ങനെ സിനിമകൾ കണ്ടാണ് മാത്തുക്കുട്ടി ഒരു സിനിമാഭ്രാന്തനായത്. ഒടുവിൽ ജോലി രാജി വച്ച് മാത്തുക്കുട്ടി സിനിമ പിടിക്കാനിറങ്ങി. വമ്പൻ താരനിരയുടെ പിൻബലമില്ലാതെ ഒരുക്കിയ തന്റെ കൊച്ചുസിനിമ പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ് മാത്തുക്കുട്ടി ഇപ്പോൾ. 'ഹെലൻ' എന്ന സിനിമയെക്കുറിച്ച് മനോരമ ഓൺലൈനുമായി മാത്തുക്കുട്ടി സംസാരിക്കുന്നു

ജോലി രാജി വച്ച് സിനിമയ്ക്കു പിറകെ

വീട് തൊടുപുഴയിലാണ്. വീട്ടിൽ അപ്പൻ, അമ്മ, അനിയത്തി എന്നിവരാണുള്ളത്. ഞാൻ പഠിച്ചത് ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈനിങ് ആയിരുന്നു. പഠനം കഴി‍ഞ്ഞ ഉടനെ ജോലിയിൽ കയറി. 2014 മാർച്ചിലായിരുന്നു അത്. പിന്നെ പരസ്യരംഗത്തും മറ്റും ജോലി ചെയ്തു. അതിനൊപ്പം സിനിമയ്ക്ക് തിരക്കഥ എഴുതാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ജോലിയും എഴുത്തും രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകാൻ പറ്റുന്നുണ്ടായിരുന്നില്ല. 2015 സെപ്റ്റംബറിൽ ജോലി രാജി വച്ചു. എഴുത്ത് ഗൗരവമായി എടുത്തു. ആദ്യമൊക്കെ വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. ഇവൻ ഇത് ചെയ്തിട്ടേ പോരൂ എന്നു മനസിലായപ്പോൾ പിന്നെ പിന്തുണയ്ക്കാൻ തുടങ്ങി. അതിനിടയിൽ ആൽഫ്രഡ് ഒപ്പം ചേർന്നു. പിന്നെ നോബിൾ വന്നു. അങ്ങനെ ഞങ്ങൾ മൂന്നുപേരും ചേർന്നായി എഴുത്ത്. കോളജിൽ ഹ്രസ്വചിത്രങ്ങൾ നിർമിച്ച ധൈര്യത്തിലാണ് ഇതെല്ലാം ചെയ്തത്.  

Mathukutty Xavier | Reel Talk | Helen

അന്നു അന്ന ബെൻ സിനിമയിലില്ല

തിരക്കഥ ആദ്യം വായിച്ചു കേൾപ്പിക്കുന്നത് വിനീതേട്ടനെയാണ്. ഇന്റർവൽ വരെ ആയപ്പോഴേക്കും ഈ സിനിമ ആള് തന്നെ നിർമിക്കാമെന്ന് വിനീതേട്ടൻ പറഞ്ഞു. അതു കഴിഞ്ഞാണ് ലാൽ സാറിനെ സമീപിക്കുന്നത്. ഹെലൻ ആയി അന്നയെ നിർദേശിക്കുന്നത് ലാൽ സർ ആണ്. തിരക്കഥ എഴുതുമ്പോൾ അങ്ങനെ പ്രത്യേകിച്ച് ഒരാളൊന്നും മനസിലുണ്ടായിരുന്നില്ല. രണ്ടു വർഷം മുൻപാണ് ഇതിന്റെ ചർച്ചകൾ തുടങ്ങുന്നത്. ആ സമയത്ത് അന്ന ബെൻ സിനിമാരംഗത്തു തന്നെയില്ല. കുമ്പളങ്ങി നൈറ്റ്സിലൂടെ അന്ന സിനിമയിലെത്തിയത് ഞങ്ങളുടെ കൂടെ ഭാഗ്യമായി കരുതുന്നു. കാരണം ഹെലൻ എന്ന കഥാപാത്രമായി വേറെ ആരെയും ഇപ്പോൾ സങ്കൽപിക്കാൻ കൂടി കഴിയുന്നില്ല. 

helen-movie-review-5

യഥാർഥ സംഭവങ്ങൾ പിന്തുടർന്നു 

ഫ്രീസറിനുള്ളിൽപ്പെടുന്ന നിരവധി സംഭവങ്ങൾ കേട്ടിട്ടുണ്ട്. കൂടുതൽ കേസുകളിലും അതിനുള്ളിൽപ്പെടുന്നവർ മരിച്ചു പോകും. അപൂർവം കേസുകളിലെ ആ തണുപ്പിനെ അതിജീവിച്ച് ഫ്രീസറിൽ അകപ്പെട്ടവർ തിരിച്ചു വന്നിട്ടുള്ളൂ. എറണാകുളത്തും സമീപപ്രദേശങ്ങളിലുമുള്ള കോൾഡ് സ്റ്റോറേജുകളൊക്കെ സിനിമയ്ക്കു വേണ്ടി ഞങ്ങൾ സന്ദർശിച്ചിരുന്നു. അവിടെ നിന്നു ലഭിച്ച കഥകളും അനുഭവങ്ങളും സിനിമയെ സഹായിച്ചിട്ടുണ്ട്. അതിജീവിച്ചവർ പറഞ്ഞത് അവർ തുടർച്ചയായി ചലിച്ചുകൊണ്ട് ശരീരോഷ്മാവ് നിലനിറുത്താൻ ശ്രമിച്ചു എന്നാണ്. അത്തരം കാര്യങ്ങൾ സിനിമയുടെ എഴുത്തിൽ ഗുണം ചെയ്തു. 

ഫ്രീസറിൽ 15 ദിവസത്തെ ഷൂട്ട്

കത്രിക്കടവിലെ ഒരു ഫ്ലോറിലാണ് കോൾഡ് സ്റ്റോറേജ് സെറ്റ് ചെയ്തത്. രണ്ടാഴ്ചയോളം അവിടെ ഷൂട്ട് നടന്നു. ഇത്തരമൊരു പരിപാടി വേറെ ആരും ഇവിടെ ചെയ്തിട്ടില്ല. അതുകൊണ്ട് ഇത് ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അത്യാവശ്യം സുരക്ഷാമുൻകരുതലുകൾ എടുത്തിരുന്നു. ഇടയ്ക്കിടെ ചൂടുള്ളത് എന്തെങ്കിലും അന്നയ്ക്ക് കഴിയ്ക്കാനും കുടിയ്ക്കാനും നൽകിക്കൊണ്ടിരുന്നു. ഫ്രീസറിനു പുറത്തും താപനില ക്രമീകരിച്ചാണ് ഫ്ലോർ സജ്ജമാക്കിയിരുന്നത്. 

helen-movie-review-3

ഷൂട്ടിങ് ഇടവേളകളിൽ ഫ്രീസറിനു പുറത്തു വരുമ്പോൾ പുറത്തെ താപനിലയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ അതു വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമായിരുന്നു. ക്യാമറയ്ക്കും മറ്റു ഉപകരണങ്ങൾക്കും താപനിലയിലെ വ്യതിയാനം പ്രശ്നമാണ്. ലെൻസിൽ ഫോഗ് കയറും. അതുകൊണ്ട് മൊത്തം ഫ്ലോറിലെ താപനില ക്രമീകരിച്ചിരുന്നു. ഫ്രീസറിലെ ഷൂട്ട് ഏറ്റവും ബുദ്ധിമുട്ടിച്ചത് അന്നയെ ആണ്. കാരണം ഞങ്ങളൊക്കെ തണുപ്പിനെ പ്രതിരോധിക്കാൻ ജാക്കറ്റും മറ്റും ധരിച്ചിരുന്നു. പക്ഷേ, അന്നയ്ക്ക് ഷൂട്ടിന്റെ ഇടവേളയിൽ മാത്രമെ അത്തരം സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ. 

anna-ben-helen

ആ എലികൾ ഒറിജിനലാ

സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച എലികൾ ഒറിജിനലാണ്. അവർ ഇപ്പോഴും എനിക്കൊപ്പമുണ്ട്. രണ്ടു എലികളെയാണ് നമ്മൾ ഉപയോഗിച്ചത്. ഷൂട്ടിന് 20 ദിവസം മുൻപെ ഞങ്ങൾ ഇവയെ വളർത്താൻ തുടങ്ങിയിരുന്നു. അതുകൊണ്ട് അവരുടെ മൂവ്മെന്റ്സ് ഒക്കെ ഏകദേശം പിടികിട്ടിയിരുന്നു. അതിൽ ഒരുത്തൻ വളരെ പതുങ്ങി നടക്കുന്ന കക്ഷിയാണ്. അവനെ നമ്മൾ അടങ്ങി ഒതുങ്ങിയിരിക്കുന്ന സീക്വൻസിൽ ഉപയോഗിച്ചു. ഓടിനടക്കുന്ന രംഗങ്ങളിൽ മറ്റേ കക്ഷിയെ ഉപയോഗപ്പെടുത്തി. ഗെർബിൽ (Gerbil) എന്ന ഇനത്തിൽപ്പെട്ട എലികളാണ് ഇവ. 

പോസ്റ്റർ വർക്ക് ഔട്ട് ആയി

തിരക്കഥ എഴുതി പകുതി ആയപ്പോൾ തന്നെ പോസ്റ്റർ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് കൃത്യമായ രൂപരേഖ ഉണ്ടായിരുന്നു. ഫോട്ടോഷോപ്പിൽ ഡിസൈൻ ചെയ്തു വച്ചു. പോസ്റ്റർ വളരെ പ്രധാനമായിരുന്നു. ഇതൊരു ചെറിയ സിനിമയാണ്. അതുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ പോസ്റ്റർ ചെയ്യണമായിരുന്നു. ചുവപ്പു നിറം തിരഞ്ഞെടുത്തതും അതുകൊണ്ടാണ്. ആളുകൾ ശ്രദ്ധിക്കും. അത് പ്രതീക്ഷിച്ച പോലെ വർക്ക് ഔട്ട് ആയി. 

നിർബന്ധിച്ച് 'അതിഥി' ആക്കി

വിനീതേട്ടനെ അതിഥി വേഷത്തിലെത്തിക്കുക എന്നത് ഞങ്ങൾ തന്നെ പ്ലാൻ ചെയ്ത കാര്യമായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ 'ഞാൻ ഇതു ചെയ്യണോ' എന്നായിരുന്നു വിനീതേട്ടന്റെ ആദ്യപ്രതികരണം. പിന്നെ ഞങ്ങൾ നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ്. അതും ആളുകൾ സ്വീകരിച്ചതിൽ സന്തോഷം. ഒരു വർഷത്തിനുള്ളിൽ അടുത്ത പ്രൊജക്ട് ചെയ്യാമെന്നാണ് വിചാരിക്കുന്നത്. ഒന്നു രണ്ടു മാസത്തിനു ശേഷം അതിന്റെ ചർച്ചകളും ആലോചനകളുമായി സജീവമാകും. ഇപ്പോൾ ഹെലന്റെ പ്രമോഷൻ മാത്രമെ മനസിലുള്ളൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA