കാരവനിലേയ്ക്കു പോകാമെന്ന് സംവിധായകൻ; കൈയ്യടി നേടി ജയസൂര്യയുടെ മറുപടി

jayasurya-effort
തൃശൂർപൂരം സിനിമയുടെ സെറ്റിൽ ജയസൂര്യ
SHARE

ആത്മസമർപ്പണത്തിന്റെയും അധ്വാനത്തിന്റെയും കാര്യത്തിൽ ഏതൊരു അഭിനേതാവിനും പ്രചോദനമാക്കാവുന്നതാണ് നടൻ ജയസൂര്യയെ. കഥാപാത്രമാകാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് ഈ താരം. ഇപ്പോഴിതാ ജയസൂര്യയുടെ ഈ ആത്മാർഥതയെ പ്രശംസിച്ച് തൃശൂർ പൂരം എന്ന സിനിമയുടെ അസോസിയേറ്റ് സംവിധായകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

കുറിപ്പ് വായിക്കാം–

‘ആ നടുക്ക് നിൽക്കുന്ന മനുഷ്യൻ. ആദ്യ ഷോട്ട് രാവിലെ അഞ്ച് മണിക്ക് ആണെങ്കിൽ 4.55ന് മേക്കപ്പ് ഇട്ട് ആള് റെഡി. സർ ഷോട്ട് അൽപം താമസിക്കുമെന്ന് പറഞ്ഞാൽ ഒരു കസേര ഇട്ട് ഏതെങ്കിലും കോണിൽ ഇരിക്കും.

സംവിധായകന്‍ ഓക്കേ പറഞ്ഞാലും, സർ ഒന്നുകൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ച് ഫൈറ്റ് ചെയ്ത് ഒടുവിൽ പരുക്ക്. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീൻ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെയൊക്കെ ആണ് ഈ മനുഷ്യൻ.

ഒരിക്കൽ കോളനിയിൽ ഷൂട്ട് ചെയ്തപ്പോൾ മഴ പെയ്തു ഒരു ചെറിയ കുടിലിൽ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകൻ ചോദിച്ചു, ‘മഴ കുറഞ്ഞിട്ടു വന്നാൽ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യൻ ഒരു മറുപടി പറഞ്ഞു, ‘രാജേഷേ ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് എന്റെ വീട് ഇതിലും ചെറുതായിരുന്നു

അന്ന് ഞാൻ ഈ മനുഷ്യന്റെ ഫാന്‍ ആയി...ഇത് ഇപ്പോൾ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ

പൊരിവെയിലത്തു തൃശൂർ ടൗണിൽ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നിൽപ്പാണ്.. സ്ക്രീൻ നോക്കുമ്പോൾ കണ്ണിലെ ആകാംഷയിൽ നിന്നും ഡെഡിക്കേഷൻ മനസിലാക്കാം.

എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ ഞാൻ...’

ആട് 2 എന്ന സൂപ്പർഹിറ്റിനു ശേഷം ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തൃശൂർ പൂരം. സിനിമയുടെ ചിത്രീകരണം ഒരു മാസം മുമ്പാണ് പൂർത്തിയായത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്യാപ്റ്റനു ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന വെള്ളം എന്ന സിനിമയിലാണ് ജയസൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA